നടിയെ ആക്രമിച്ച കേസ്; അപ്പീലിന് സര്‍ക്കാര്‍ അനുമതി
Kerala
നടിയെ ആക്രമിച്ച കേസ്; അപ്പീലിന് സര്‍ക്കാര്‍ അനുമതി
രാഗേന്ദു. പി.ആര്‍
Tuesday, 23rd December 2025, 8:48 am

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതിയുടെ വിധിക്കെതിരായ അപ്പീലിന് സര്‍ക്കാര്‍ അനുമതി. അപ്പീൽ പോകാനുള്ള ഡി.ജി.പിയുടെ ശുപാര്‍ശയ്ക്കാണ് അനുമതി ലഭിച്ചത്. നേരത്തെ, അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ പ്രോസിക്യൂഷന് നിർദേശം നല്‍കിയിരുന്നു.

ഇതുസംബന്ധിച്ച് പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കുന്നതാണ് അപ്പീല്‍ നടപടിക്രമങ്ങളുടെ ആദ്യഘട്ടം. ശേഷം ഈ അപേക്ഷ പരിഗണിക്കുന്ന സംസ്ഥാന പൊലീസ് മേധാവി, പ്രത്യേകം റിപ്പോര്‍ട്ട് തയ്യാറാക്കി ആഭ്യന്തര വകുപ്പ് സെക്രട്ടറി മുഖേന മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിക്കണം.

ഈ നടപടികള്‍ പൂര്‍ത്തിയായ പശ്ചാത്തലത്തിലാണ് നടിയെ ആക്രമിച്ച കേസില്‍ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. ക്രിസ്മസ് അവധിക്ക് ശേഷമായിരിക്കും അപ്പീല്‍ നല്‍കുക.

വിചാരണ കോടതിയുടെ വിധി പുനപരിശോധിക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. കേസിലെ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി, ഏഴ് മുതല്‍ പത്ത് വരെയുള്ള പ്രതികളെ വെറുതെ വിട്ടിരുന്നു.

ഗൂഢാലോചന തെളിയിക്കാനായില്ലെന്നതിന്റെ പേരിലാണ് എട്ടാം പ്രതിയായ ദിലീപിനെ അടക്കം കോടതി വെറുതെ വിട്ടത്. ദിലീപില്‍ നിന്നും പള്‍സര്‍ സുനി പണം വാങ്ങി, വ്യാജ രേഖ ചമച്ചു, ദിലീപും സുനിയും ഫോണില്‍ സംസാരിച്ചു തുടങ്ങിയ വാദങ്ങളൊന്നും പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്നാണ് വിധി പകര്‍പ്പില്‍ പറയുന്നത്.

ആറ് വരെയുള്ള പ്രതികള്‍ക്ക് 20 വര്‍ഷം വരെ തടവും പിഴയുമായിരുന്നു കോടതി വിധിച്ചത്. ഇത് ബലാത്സംഗത്തിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയാണ്.

പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചായിരുന്നു കോടതിയുടെ ശിക്ഷാവിധി. പ്രതികള്‍ 40 വയസില്‍ താഴെയുള്ളവരാണ് എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

എന്നാല്‍ ഈ വിധിയില്‍ തൃപ്തിയില്ലെന്ന് പ്രോസിക്യൂട്ടറും അതിജീവിതയും പ്രതികരിച്ചിരുന്നു. എല്ലാ പ്രതികള്‍ക്കും ജീവപര്യന്തം നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.

വിചാരണ കോടതി പുറപ്പെടുവിച്ച വിധിയില്‍ അത്ഭുതമില്ലെന്നും 2020ന്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങള്‍ തനിക്ക് ബോധ്യപ്പെട്ടിരുന്നുവെന്നുമാണ് അതിജീവിത പ്രതികരിച്ചത്.

Content Highlight: Actress attack case: Government allows appeal

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.