ആലപ്പുഴ: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന തെളിയിക്കാനായില്ലെന്നതിന്റെ പേരില്‍ കോടതി വെറുതെ വിട്ട എട്ടാം പ്രതിയും നടനുമായ ദിലീപിന് നീതി ലഭ്യമായെന്ന് യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്.
മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അടൂര്‍ പ്രകാശിന്റെ പരാമര്‍ശം. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയതിനിടെയാണ് അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് സംസാരിച്ചത്.
നടിയുടെ ഒപ്പമാണെന്ന് തങ്ങള്‍ പറയുമ്പോഴും നീതി എല്ലാവര്‍ക്കും കിട്ടണമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ദിലീപിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് നീതി ലഭിച്ചുവെന്നാണ് തനിക്ക് വ്യക്തിപരമായി പറയാനുള്ളതെന്നും അടൂര്‍ പ്രകാശ് പ്രതികരിച്ചു.
‘ഒരു കലാകാരന്‍ എന്നുള്ള നിലയില്‍ മാത്രമല്ല, ദിലീപുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന വ്യക്തി കൂടിയാണ് ഞാന്‍. തീര്‍ച്ചയായിട്ടും ദിലീപിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് നീതി ലഭ്യമായി. ബഹുമാനപ്പെട്ട കോടതി തന്നെയാണ് ആ നീതി നല്‍കിയത്,’ എന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
ഇതിനുപിന്നാലെ ‘നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിന് നീതി ലഭിച്ചുവെന്നാണോ താങ്കള്‍ പറയുന്ന’തെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് അടൂര്‍ പ്രകാശ് ഒഴിഞ്ഞുമാറുകയും ചെയ്തു. ‘ഞാന്‍ അങ്ങനെയല്ലല്ലോ പറഞ്ഞത്?’ എന്ന് മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്.
പൊലീസുകാര്‍ക്കെതിരായ ദിലീപിന്റെ ആരോപണങ്ങളില്ലാം അന്വേഷണം വേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകുമല്ലോ. സർക്കാരിന് വേറെ ജോലിയൊന്നും ഇല്ലാത്തതുകൊണ്ട് തന്നെ അപ്പീല്‍ നല്‍കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ആരെ ഉപദ്രവിക്കാന്‍ കഴിയുമെന്ന് നോക്കിയിരിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേത്. മാത്രമല്ല, എന്ത് കേസുകളും കെട്ടിച്ചമച്ചുണ്ടാക്കാന്‍ തയ്യാറായി നില്‍ക്കുന്ന സര്‍ക്കാരാണ് ഇവിടെയുള്ളതെന്നും അടൂര്‍ ആരോപിച്ചു.
അതേസമയം തനിക്കെതിരായ ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ദിലീപ് രംഗത്തെത്തി. ഗൂഢാലോചനയില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ദിലീപ് അറിയിച്ചു.
ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് അടക്കമുള്ള പ്രതികളെ കോടതി വെറുതെ വിട്ടത്. ഏഴ് മുതല്‍ പത്ത് വരെയുള്ള പ്രതികളെയാണ് വെറുതെ വിട്ടത്.
എന്നാല്‍ കേസില്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെ ചുമത്തിയ കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ തെളിഞ്ഞു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ഡിസംബര്‍ 12ന് ശിക്ഷാവിധി പുറപ്പെടുവിക്കും.