നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിട്ടു; ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ
Kerala
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിട്ടു; ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th December 2025, 11:07 am

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ. എട്ടാം പ്രതി ദിലീപിനെ വെറുതെ വിട്ടു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. തോമസാണ് വിധി പുറപ്പെടുവിച്ചത്.

പള്‍സര്‍ സുനിയും ദിലീപും അടക്കം പത്ത് പേരാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത്. പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി. മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്, സലിം, പ്രദീപ്, ചാര്‍ലി തോമസ്, സനില്‍കുമാര്‍, ജി. ശരത് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

ഇവരിൽ പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്, സലിം, പ്രദീപ് എന്നിവര്‍ക്കെതിരായ ക്രിമിനല്‍ ഗൂഢാലോചന, അന്യായതടങ്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ആക്രമണം, കൂട്ടബലാത്സംഗം, തെളിവുനശിപ്പിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, പ്രേരണാക്കുറ്റം, ഐ.ടി നിയമപ്രകാരം സ്വകാര്യ ചിത്രമോ-ദൃശ്യമോ പകര്‍ത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യല്‍, പൊതു ഉദ്ദേശത്തോടെയുള്ള കുറ്റകൃത്യം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു.

എന്നാല്‍ ഏഴ് മുതല്‍ 10 വരെയുള്ള പ്രതികള്‍ക്കെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നാണ് കോടതി വിധി. ഗൂഢാലോചന കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നാണ് വിധിയില്‍ പറയുന്നത്.

2017 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊച്ചിയില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ വെച്ച് നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ചുവെന്നാണ് കേസ്.

2018 മാര്‍ച്ച് എട്ടിനാണ് കേസിലെ വിചാരണ നടപടികള്‍ ആരംഭിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്ത് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചു.

കേസിലെ സാക്ഷിവിസ്താരത്തിനായി 438 ദിവസമാണ് വേണ്ടി വന്നത്. മറ്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ 294 ദിവസവുമെടുത്തു. 3215 ദിവസത്തെ നിയമനടപടികള്‍ക്ക് ശേഷമാണ് കേസില്‍ ഇന്ന് വിധി പറയുന്നത്.

അഭിനേതാക്കളായ സിദ്ദിഖ്, ഭാമ, ബിന്ദു പണിക്കര്‍, ഇടവേള ബാബു അടക്കം 28 പേര്‍ കൂറുമാറിയിരുന്നു. 261 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.

Content Highlight: Actress attack case: Accused one to six found guilty