സത്യം പറ നീ നല്ല വെള്ളമടിയാണല്ലേന്ന് ലാല്‍ ചേട്ടന്‍ ചോദിച്ചു; സ്‌മോക്ക് ചെയ്യുന്നവരോട് ബഹുമാനം തോന്നി, ഇത്ര ബുദ്ധിമുട്ടാണല്ലോ: ആശ ശരത്ത്
Entertainment news
സത്യം പറ നീ നല്ല വെള്ളമടിയാണല്ലേന്ന് ലാല്‍ ചേട്ടന്‍ ചോദിച്ചു; സ്‌മോക്ക് ചെയ്യുന്നവരോട് ബഹുമാനം തോന്നി, ഇത്ര ബുദ്ധിമുട്ടാണല്ലോ: ആശ ശരത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 27th November 2022, 4:13 pm

സിനിമയിലെ തന്റെ മദ്യപിക്കുന്നതും പുകവലിക്കുന്നതുമായ സീനുകളെക്കുറിച്ച് പറയുകയാണ് നടി ആശ ശരത്ത്. താന്‍ സ്‌മോക്ക് ചെയ്യാത്ത ആളാണെന്നും ആ രംഗങ്ങള്‍ അഭിനയിക്കാന്‍ പഠിപ്പിച്ച് തരുന്നത് ഗുരുക്കന്മാരാണെന്നും ആശ പറഞ്ഞു.

കിങ് ലയര്‍ എന്ന സിനിമയില്‍ താന്‍ മദ്യപിക്കുന്ന ഷൂട്ടിനിടയില്‍ അഭിനയം കണ്ടിട്ട് സ്ഥിരമായി മദ്യപിക്കാറില്ലെയെന്ന് ലാല്‍ ചോദിച്ചതിനേക്കുറിച്ചും ആശ സംസാരിച്ചു. മൈല്‍ സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ആശ ശരത്ത് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഞാന്‍ സ്‌മോക്ക് ചെയ്യാത്ത ആളാണ്. സിനിമക്ക് വേണ്ടി സ്‌മോക്ക് ചെയ്യുന്നതും അത് കഴിഞ്ഞിട്ട് എന്ത് എക്‌സ്പ്രഷന്‍ ഇടണം എന്നൊക്കെ എന്റെ ഗുരുക്കന്‍മാരാണ് പഠിപ്പിച്ച് തന്നത്. ആക്ഷന്‍ പറയുന്ന സമയത്ത് ഒന്ന് വലിക്കും എന്നിട്ട് വേഗം പുറത്തേക്ക് വിടുകയാണ്. ഉള്ളിലേക്ക് എടുത്ത് കഴിഞ്ഞാല്‍ ഞാന്‍ ചുമച്ച് മരിച്ച് പോകുമെന്ന് എനിക്ക് അറിയാം.

അതിന് ശേഷം സ്‌മോക്ക് ചെയ്യുന്നവരോട് എനിക്ക് ഒരു ബഹുമാനം തോന്നി. ഇത്ര ബുദ്ധിമുട്ടിയാണല്ലോ നിങ്ങളൊക്കെ സ്‌മോക്ക് ചെയ്യുന്നതെന്ന് തോന്നി. അതുപോലെ തന്നെ കിങ് ലയര്‍ എന്ന സിനിമയില്‍ കുറച്ച് മദ്യപിക്കുന്ന സീനുണ്ട്. അന്ന് പെപ്‌സിയാണ് അതില്‍ ഒഴിച്ചത്.

അന്നും ഗുരുക്കന്മാരാണ് എങ്ങനെ കുടിക്കണം, കയ്യില്‍ എങ്ങനെ പിടിക്കണം എന്നൊക്കെ പറഞ്ഞ് തന്നത്. ലാല്‍ ചേട്ടനാണ് സിനിമയുടെ ഡയറക്ടര്‍. ഞാന്‍ കുടിച്ച് കഴിഞ്ഞപ്പോള്‍ സത്യം പറ നീ നല്ല അടിയാണല്ലേ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. സത്യം പറയണം കള്ളം പറയരുത്, നീ നല്ല അടിയല്ലെ എന്ന് ആണ് അദ്ദേഹം ചോദിച്ചത്.

അല്ല പഠിപ്പിച്ചത് അനുസരിച്ച് അങ്ങനെ ചെയ്യുകയാണെന്നാണ് ഞാന്‍ പറഞ്ഞത്. സ്‌മോക്കിങ്ങും അതുപോലെയാണ് വായില്‍ വെച്ചിട്ട് ആക്ഷന്‍ എന്ന് പറയുമ്പോള്‍ പുറത്തേക്ക് വിടുകയാണ്,” ആശ ശരത്ത് പറഞ്ഞു.

അതേസമയം, പീസ് ആണ് ആശ ശരത്തിന്റെ അവസാനം ഇറങ്ങിയ ചിത്രം. ജലജ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നടി അവതരിപ്പിച്ചത്.
ജോജു ജോര്‍ജ്, മാമൂക്കൊയ, രമ്യ നമ്പീശന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.

content higlight: Actress asha sharath about movie smoking and drinking scenes