ജീവിതത്തില്‍ പ്രണയത്തിന് ക്ഷാമം ഉണ്ടായിട്ടില്ല, എല്ലാ നിമിഷവും പ്രണയിക്കുന്ന വ്യക്തിയാണ് ഞാന്‍: ആശ ശരത്ത്
Entertainment news
ജീവിതത്തില്‍ പ്രണയത്തിന് ക്ഷാമം ഉണ്ടായിട്ടില്ല, എല്ലാ നിമിഷവും പ്രണയിക്കുന്ന വ്യക്തിയാണ് ഞാന്‍: ആശ ശരത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 3rd December 2022, 8:50 am

എല്ലാ നിമിഷവും പ്രണയിക്കുന്ന വ്യക്തിയാണ് താനെന്ന് ആശ ശരത്ത്. തന്റെ ജീവിതത്തില്‍ പ്രണയത്തിന് ക്ഷാമമില്ലെന്നും വിവാഹം കഴിഞ്ഞിട്ട് വര്‍ഷങ്ങളായി എന്നത് പോലും അറിയാതെയാണ് പ്രണയിക്കുന്നതെന്നും ആശ പറഞ്ഞു.

പ്രണയത്തിന് അതിരുകള്‍ ഉണ്ടായാല്‍ മാത്രമെ കുടുംബ ജീവിതത്തിന് ഭദ്രത ഉണ്ടാവുകയുള്ളുവെന്നും നടി പറഞ്ഞു. റെഡ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ആശ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”പ്രണയം എന്ന് പറയുന്നത് വളരെ മനോഹരമായ അനുഭവമാണ്. നമ്മളെ ജീവിപ്പിക്കുന്ന ഏറ്റവും സുന്ദരമായ നിമിഷങ്ങളാണ്. കവികള്‍ പാടുന്നത് പോലെ നാളെ പുലരുമ്പോള്‍ എന്താവുമെന്ന് അറിയാത്ത വല്ലാത്ത അനുഭവമാണ് പ്രണയം.

പ്രണയം എനിക്ക് അങ്ങനെയാണ്. എല്ലാ നിമിഷവും പ്രണയിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്റെ ജീവിതത്തില്‍ പ്രണയത്തിന് ക്ഷാമം ഉണ്ടായിട്ടില്ല. എന്റെയും ശരത്തേട്ടന്റെയും വിവാഹം കഴിഞ്ഞിട്ട് 29 വര്‍ഷം കഴിഞ്ഞ് 30 വര്‍ഷത്തിലേക്ക് കടക്കുകയാണ്.

പലപ്പോഴും ഞങ്ങള്‍ ഒരുമിച്ച് ഇരിക്കുമ്പോള്‍ കല്യാണം കഴിഞ്ഞവരാണെന്ന് ഞങ്ങള്‍ മറന്ന് പോവാറുണ്ട്. ഒരുപാട് വര്‍ഷമായി കല്യാണം കഴിച്ചിട്ട് എന്ന അനുഭവം വരാതെ പ്രണയിക്കുന്നവരാണ് ഞങ്ങള്‍. ജീവിതത്തില്‍ ചിലപ്പോള്‍ മടുപ്പ് തോന്നാം.

വേറെ ഒരാളോട് ചിലപ്പോള്‍ ഇഷ്ടം തോന്നാം. ഇയാള്‍ ആയിരുന്നു എന്റേത് എന്ന് തോന്നിപ്പോകാം. നമ്മുടെ പ്രണയത്തിന് അതിര് ഉണ്ടായിരിക്കണം അത്രമാത്രമെ ഉള്ളു. എന്നാല്‍ മാത്രമെ കുടുംബത്തിന് ഒരു ഭദ്രത ഉണ്ടാവുകയുള്ളു,” ആശ ശരത്ത് പറഞ്ഞു.

ആശ ശരത്ത് കേന്ദ്രകഥാപാത്രമായ പുതിയ ചിത്രമാണ് ഖേദ്ദ. മനോജ് കാന സംവിധാനം ചെയ്ത ചിത്രത്തില്‍ സുധീര്‍ കരമന, സുദേവ് നായര്‍ തുടങ്ങി നിരവധി അഭിനേതാക്കളുമുണ്ട്.

content highlight: Actress asha sarath about love