നമ്മുടെ ചാമ്പ്യന്മാരെ ഇതുപോലെ കാണുന്നത് 'ഹൃദയഭേദകം'; അപര്‍ണ ബാലമുരളി
Kerala News
നമ്മുടെ ചാമ്പ്യന്മാരെ ഇതുപോലെ കാണുന്നത് 'ഹൃദയഭേദകം'; അപര്‍ണ ബാലമുരളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th May 2023, 4:36 pm

ഗുസ്തി താരങ്ങള്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ പ്രതികരണവുമായി നടി അപര്‍ണ ബാലമുരളി. സംഗീത ഫോഗട്ടിനേയും വിനേഷ് ഫോഗട്ടിനേയും റോഡില്‍ പൊലീസ് വലിച്ചിഴക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് ‘നമ്മുടെ ചാമ്പ്യന്മാരോട് ഇത്തരത്തില്‍ പെരുമാറുന്നത് കാണുന്നത് ഹൃദയഭേദകമാണെന്നായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറിയില്‍ അപര്‍ണ കുറിച്ചത്. വൈകിയ നീതി അനീതി (#justicedelayedisjusticedenied) എന്ന ഹാഷ്ടാഗും അപര്‍ണ ഇതിനൊപ്പം കൊടുത്തിട്ടുണ്ട്.

പുതിയ പാര്‍ലമെന്റ് ഉദ്ഘാടന ദിവസം മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്തവേയാണ് ഗുസ്തി താരങ്ങളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടയത്. മാര്‍ച്ച് നടത്തിയ സാക്ഷി മാലിക്, ബജ്റംഗ് പൂനിയ, വിനേഷ് ഫോഗട്ട് ഉള്‍പ്പെടെയുള്ള താരങ്ങളെ പൊലീസ് കസ്റ്റഡിയിലും എടുത്തു. സമരത്തിന് പിന്തുണയുമായെത്തിയ നിരവധി സ്ത്രീകളെയടക്കം പൊലീസ് അറസ്റ്റ് ചെയ്തു.

സമരത്തില്‍ പങ്കെടുത്തവരെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തില്‍ കയറ്റിയത്. പൊലീസ് ശ്രമത്തെ താരങ്ങള്‍ ശക്തമായി തടഞ്ഞെങ്കിലും ബലപ്രയോഗത്തിലൂടെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ദല്‍ഹി അതിര്‍ത്തിയില്‍ വെച്ച് തന്നെ താരങ്ങളെ പൊലീസ് തടഞ്ഞിരുന്നു. ബാരിക്കേഡ് മറികടന്ന് പോകാന്‍ ശ്രമിച്ചതോടെ താരങ്ങളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

പിന്നാലെ ഗുസ്തി താരങ്ങളുടെ സമരവേദികളും ദല്‍ഹി പൊലീസ് പൊളിച്ച് നീക്കി. സമരവേദിയിലെ കട്ടിലുകള്‍, മെത്തകള്‍, കൂളര്‍ ഫാനുകള്‍ തുടങ്ങിയ ഗുസ്തി താരങ്ങളുടെ സാമഗ്രികളെല്ലാം പൊലീസ് എടുത്ത് മാറ്റി.

Content Highlight: Actress Aparna Balamurali reacts to police violence against wrestlers