ഷൈന്റെ മാറ്റം എന്നെ അതിശയിപ്പിച്ചു, എന്നെ പുക വലിക്കാന്‍ പഠിപ്പിച്ചത് ഷൈനായിരുന്നു: അനുശ്രീ
Entertainment news
ഷൈന്റെ മാറ്റം എന്നെ അതിശയിപ്പിച്ചു, എന്നെ പുക വലിക്കാന്‍ പഠിപ്പിച്ചത് ഷൈനായിരുന്നു: അനുശ്രീ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 26th January 2023, 9:07 am

സിനിമക്ക് പുറമെ ആരാധകരെ അഭിമുഖങ്ങളിലൂടെയും നേടിയ താരമാണ് ഷൈന്‍ ടോം ചാക്കോ. താരത്തിന്റെ അഭിമുഖങ്ങളുടെ ആരാധകരായി നിരവധിയാളുകളാണുള്ളത്. ഷൈന്‍ ആദ്യമായി നായക വേഷത്തിലെത്തിയ സിനിമയായിരുന്നു ബിനു ശശിധരനും ബിനു സദാനന്ദനും ചേര്‍ന്ന് സംവിധാനം ചെയ്ത് 2014ല്‍ പുറത്തിറങ്ങിയ ഇതിഹാസ. ചിത്രത്തില്‍ നായികയായെത്തിയത് അനുശ്രീയായിരുന്നു.

ഷൈനോടൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അനുശ്രീ. ഇന്ന് കാണുന്നത് പോലെ കൗണ്ടറുകളടിച്ച് നടക്കുന്ന ആളായിരുന്നില്ല ഷൈനെന്നും ആവശ്യത്തിന് മാത്രമെ സംസാരിക്കുമായിരുന്നുള്ളു എന്നും അനുശ്രീ പറഞ്ഞു. ഷൈന്റെ ഇപ്പോഴത്തെ മാറ്റം കാണുമ്പോള്‍ തനിക്ക് അതിശയമാണ് തോന്നുന്നതെന്നും താരം പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് അനുശ്രീ ഈ കാര്യങ്ങള്‍ പങ്കുവെച്ചത്.

https://www.facebook.com/reel/1160886241486810

‘ഷൈന്‍ ഇപ്പോള്‍ ഭയങ്കര സംഭവമായി മാറി. അങ്ങനെയല്ല, ഷൈന്റെ ഈ മാറ്റം കാണുമ്പോള്‍ പലപ്പോഴും എനിക്ക് ഭയങ്കര അതിശയമാണ് തോന്നുന്നത്. ഇപ്പോള്‍ പല അഭിമുഖങ്ങളിലും ഷൈനെ കാണുമ്പോള്‍ ഞാന്‍ ചിന്തിക്കാറുണ്ട് പുള്ളി എങ്ങനെയാണ് ഇങ്ങനെ മാറിപ്പോയതെന്ന്. കാരണം ഞങ്ങള്‍ ഇതിഹാസയിലൊക്കെ ഒരുമിച്ച് അഭിനയിക്കുമ്പോള്‍ ഷൈന്‍ ഇങ്ങനെ ആയിരുന്നില്ല.

അപ്പോഴൊന്നും ആവശ്യമില്ലാതെ ഷൈന്‍ സംസാരിക്കുന്നത് പോലും ഞാന്‍ കണ്ടിട്ടില്ല. അന്നൊക്കെ ഞാന്‍ ചിന്തിച്ചിട്ടുണ്ട് അയ്യോ ഈ ചേട്ടന്‍ എന്താ ഇങ്ങനെയെന്ന്. ഭയങ്കര പാവമായിരുന്നു പുള്ളി അന്നൊക്കെ. വണ്ടിയില്‍ കയറി ഇരുന്നാലും അവിടെ കിടന്ന് ഉറങ്ങുന്നതാണ് പലപ്പോഴും കാണുന്നത്. തന്റെ ഷോട്ട് ആകുമ്പോള്‍ വന്ന് അഭിനയിച്ചിട്ട് പോകും അത്രമാത്രമേ ഉണ്ടായിരുന്നുള്ളു.

ആ സിനിമയില്‍ ഞാന്‍ പുകവലിക്കുന്ന ചില രംഗങ്ങളൊക്കെയുണ്ട്. അന്ന് എന്നെ വലിക്കാന്‍ പഠിപ്പിച്ചത് ഷൈനും ബാലുവുമായിരുന്നു. അന്നാണെങ്കില്‍ സിനിമയുടെ പ്രൊമോഷനൊക്കെ ഇരിക്കുമ്പോഴും ഭയങ്കര ലൈറ്റായിട്ടായിരുന്നു ഷൈന്‍ സംസാരിച്ച് കൊണ്ടിരുന്നത്. ഇപ്പോള്‍ മൊത്തത്തില്‍ പുള്ളി മാറി. അഭിമുഖങ്ങളില്‍ വന്നിരിക്കുമ്പോള്‍ ഫുള്‍ കൗണ്ടറൊക്കെ അടിച്ചാണ് ഇരിക്കുന്നത്. ഇതൊക്കെ കാണുമ്പോള്‍ ഞാന്‍ ചിന്തിക്കാറുണ്ട് പുള്ളിക്ക് ഇത്രയും മാറ്റങ്ങളൊക്കെ വന്നല്ലോയെന്ന്,’ അനുശ്രീ പറഞ്ഞു.

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ട്വല്‍ത്ത് മാനാണ് അനുശ്രീയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ലിയോണ, അനു മോഹന്‍, അതിഥി രവി, ചന്തുനാഥ്, നന്ദു തുടങ്ങിയവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

content highlight: actress anusree talks about shine tome chacko