പ്രതികരണശേഷി എനിക്ക് കൂടുതലാണ്, ഫേസ്ബുക്കില്‍ മോശം കമന്റ്ഇട്ടവര്‍ക്ക് കണക്കിന് കൊടുത്തു: അനുശ്രീ
Entertainment news
പ്രതികരണശേഷി എനിക്ക് കൂടുതലാണ്, ഫേസ്ബുക്കില്‍ മോശം കമന്റ്ഇട്ടവര്‍ക്ക് കണക്കിന് കൊടുത്തു: അനുശ്രീ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 30th November 2022, 12:42 pm

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയുടെ താഴെ വന്ന മോശം കമന്റുകള്‍ക്കെതിരെ ലൈവ് വന്ന് പ്രതികരിച്ച അനുഭവം പറയുകയാണ് നടി അനുശ്രീ. തന്റെ ചേട്ടന്‍ മുടിയില്‍ സ്പാ ക്രീം ഇട്ട് തരുന്ന ഫോട്ടോയ്ക്ക് താഴെ വന്ന കമന്റുകള്‍ക്കാണ് നടി മറുപടി പറഞ്ഞത്.

ഫേസ്ബുക്കില്‍ നിന്നുമാത്രമാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളതെന്നും ഇന്‍സ്റ്റഗ്രാമില്‍ ചെറുപ്പക്കാരായത് കൊണ്ട് അവര്‍ സപ്പോര്‍ട്ടീവാണെന്നും അനുശ്രീ പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”മോശം കമന്റ് വായിച്ചാല്‍ എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ്. വായിച്ചു കഴിഞ്ഞാല്‍ അവര്‍ എന്നെ അങ്ങനെ പറഞ്ഞല്ലോയെന്ന് ഓര്‍ത്ത് ഞാന്‍ സങ്കടപ്പടും. പിന്നെ എനിക്ക് ദേഷ്യം വരുന്ന കമന്റാണെങ്കില്‍ ഞാന്‍ മറുപടി പറയും.

ലോക്ഡൗണിന്റെ സമയത്ത് എന്റെ ചേട്ടന്‍ മുടിയില്‍ സ്പാ ക്രീം ഇട്ട് തരുന്ന ഫോട്ടോ ഇട്ടിട്ടുണ്ടായിരുന്നു. ഞാന്‍ ഭയങ്കര ഇഷ്ടം തോന്നീട്ട് പോസ്റ്റ് ചെയ്ത ഫോട്ടോയാണ്. അതിന് വന്ന കമന്റ്‌സ് എന്റെ ചേട്ടന്‍ തന്നെ എനിക്ക് അയച്ചു തന്നു. അണ്ണനും അതിലെ കമന്റ് വായിക്കാതെയാണ് അയച്ചത്.

ഞാന്‍ വിചാരിച്ചു സന്തോഷകരമായ കമന്റ്‌സ് ആയിരിക്കുമെന്നാണ്. എന്നാല്‍ വളരെ മോശം കമന്റായിരുന്നു. ഇത്രയും വയസായിട്ടും കെട്ടിച്ച് വിടാതെ ആങ്ങള എണ്ണതേച്ച് കൊടുത്ത് ഇരിക്കുവാണെന്നും പെങ്ങളെ വെച്ച് കാശുണ്ടാക്കി ജീവിക്കാന്‍ നാണമില്ലെ എന്നൊക്കെയുള്ള കമന്റ്‌സ് ആയിരുന്നു.

ആദ്യത്തെ രണ്ടു മൂന്നെണ്ണത്തിനൊന്നും ഞാന്‍ മറുപടി കൊടുത്തില്ല. പിന്നെം കുറേ കമന്റ് കണ്ടപ്പോള്‍ എനിക്ക് ദേഷ്യം വന്നു. ടീഷര്‍ട്ട് മാറ്റി മുടി വെറുതെ കെട്ടിവെച്ച് ഞാന്‍ ലൈവില്‍ വന്നു. കമന്റ് ഇട്ട ആളുകളുടെ ഐ.ഡി എടുത്ത് പറഞ്ഞ് ഞാന്‍ ഈ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു.

ഞാന്‍ നിങ്ങളുടെ വീട്ടിലാണോ വന്നിരിക്കുന്നത്, എന്റെ വീട്ടില്‍ അല്ലെ. ചേട്ടന്‍ എണ്ണ ഇട്ട് തരുന്നതില്‍ നിങ്ങള്‍ക്ക് എന്താണ് പ്രശ്‌നം എന്നൊക്കെ ചോദിച്ചു. വളരെ മാന്യമായ ഭാഷയില്‍ പറയാനുള്ളത് ഒക്കെ ഞാന്‍ പറഞ്ഞു. പക്ഷെ മനസില്‍ അവരെ ഞാന്‍ വേറെ എന്തൊക്കെയോ ആണ് പറഞ്ഞത്.

പ്രതികരണശേഷി എനിക്ക് കൂടുതലാണ്. അതുകൊണ്ട് ഫേസ്ബുക്കില്‍ ഞാന്‍ അങ്ങനെ പോവാറില്ല. പക്ഷെ ഇന്‍സ്റ്റഗ്രാമിലുള്ള ആള്‍ക്കാര്‍ ഭയങ്കര സപ്പോര്‍ട്ടീവാണ്. ഇന്‍സ്റ്റഗ്രാമില്‍ ചെറുപ്പക്കാരായിട്ടുള്ളവരാണ് കൂടുതല്‍. ഫേസ്ബുക്കിലുള്ളവര്‍ കുറച്ച് കൂടുതല്‍ വയസുള്ളവരും അവരുടെ ചിന്തകളും കാര്യങ്ങളും അത്രയെ ഉണ്ടാവുള്ളു,” അനുശ്രീ പറഞ്ഞു.

ട്വല്‍ത്ത് മാനാണ് പുറത്തിറങ്ങിയ അനുശ്രീയുടെ അവസാന ചിത്രം. ഷൈനി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയത് കെ.ആര്‍ കൃഷ്ണ കുമാറാണ്.

content highlight: Actress Anusree is sharing her experience of coming live and reacting against the bad comments that came under the photo posted on Facebook