നിവിൻ പോളി നായകനായി 2015ൽ പുറത്തിറങ്ങിയ മലയാളത്തിലെ ഹിറ്റ് ചിത്രം പ്രേമത്തിലൂടെ അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് അനുപമ പരമേശ്വരൻ. തുടർന്ന് തെലുങ്കിലും തമിഴിലും ശ്രദ്ധേയയായ താരം ഇന്ന് സൗത്ത് ഇന്ത്യയിലെ തന്നെ തിരക്കുള്ള അഭിനേത്രിമാരിൽ ഒരാളാണ്. കഴിഞ്ഞവർഷം പുറത്തിറങ്ങി തമിഴിൽ വലിയ ഹിറ്റായ ഡ്രാഗൺ എന്ന ചിത്രത്തിലും അനുപമ വേഷമിട്ടിരുന്നു.
ഇപ്പോഴിതാ നടൻ ദുൽഖർ സൽമാനുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി അനുപമ പരമേശ്വരൻ. ദുൽഖറിനെ ഒരു സുഹൃത്തായി മാത്രം കാണാൻ കഴിയില്ലെന്നും ഗുരുവിനെപ്പോലെയാണ് അദ്ദേഹമെന്നും അനുപമ പറയുന്നു.

അനുപമ പരമേശ്വരൻ. Photo. Screen Grab/ Youtube.
വിഷമിച്ചിരിക്കുന്ന സമയത്ത് അപ്രതീക്ഷിതമായി ദുൽഖറിന്റെ മെസേജ് വരാറുണ്ടെന്നും അദ്ദേഹത്തോട് എപ്പോൾ വേണമെങ്കിലും മനസ് തുറന്ന് സംസാരിക്കാൻ കഴിയുമെന്നും താരം പറയുന്നു. തന്റെ പുതിയ സിനിമയായ ക്രേസി കല്യാണം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഹോണസ്റ്റ് ടൗൺഹാളിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
‘ഞങ്ങൾ തമ്മിലുള്ളത് വളരെ പ്രത്യേകതയുള്ളൊരു ബന്ധമാണ്. ഇതിനെ സൗഹൃദമെന്ന് വിളിക്കണോ എന്നുപോലും എനിക്കറിയില്ല. ദുൽഖർ എനിക്ക് ഒരു ആശാനെപ്പോലെയാണ്. അദ്ദേഹത്തിന്റെ സുഹൃത് വലയങ്ങളിൽ ഉള്ളവർ അങ്ങനെയാണ് ആളെ വിളിക്കുന്നത്. ദുൽഖർ നിർമിച്ച ഒരു സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്.
എനിക്ക് സംവിധായികയാകാൻ ആഗ്രഹമുണ്ടെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എട്ട് ദിവസം ഷൂട്ടിങ്ങിന് പോയി വരാമെന്നായിരുന്നു ആദ്യം കരുതിയത്. പക്ഷേ, ആ സെറ്റ് എനിക്ക് ഒരുപാട് ഇഷ്ടമായി. അങ്ങനെ അവിടെ കൂടുതൽ സമയം ജോലി ചെയ്തു. അതോടെയാണ് ഞങ്ങൾ കൂടുതൽ സംസാരിക്കാനും അടുത്തറിയാനും തുടങ്ങിയത്,’ അനുപമ പറഞ്ഞു.
സിനിമയെയും ജീവിതത്തെയും കുറിച്ച് സംസാരിക്കാറുണ്ടെന്നും ദുൽഖറിന്റെ മെസേജുകൾ തനിക് വലിയ ആശ്വാസമാണെന്നും നടി കൂട്ടിച്ചേർത്തു.
‘സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെയാണ് ഞങ്ങൾ കൂടുതലും സംസാരിക്കാറുള്ളത്. ഞാൻ വിഷമിച്ചിരിക്കുന്ന സമയത്ത് അപ്രതീക്ഷിതമായി ദുൽഖറിന്റെ ഒരു മെസേജ് വരും. പിന്നെ ഞാൻ ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തോട് പറയും. അതുകഴിഞ്ഞാൽ മനസിന് വലിയൊരു ആശ്വാസം കിട്ടും,’ അനുപമ കൂട്ടിച്ചേർത്തു.
എന്തെങ്കിലും പ്രശ്നമുണ്ടായാൽ എപ്പോൾ വേണമെങ്കിലും വിളിച്ച് സംസാരിക്കാൻ കഴിയുന്ന ഒരാളാണ് ദുൽഖറെന്നും അനുപമ പറയുന്നു. അങ്ങനെ വിളിച്ച് മനസ് തുറക്കാൻ കഴിയുന്നവർ ജീവിതത്തിൽ വളരെ കുറവാണെന്നും താരം കൂട്ടിച്ചേർത്തു.
‘വളരെ നല്ലൊരു വ്യക്തിയാണ് ദുൽഖർ. എനിക്ക് എപ്പോൾ വേണമെങ്കിലും അദ്ദേഹത്തെ വിളിക്കാം. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിലോ ഒരു കാര്യം അറിയണമെങ്കിലോ അദ്ദേഹത്തോട് ചോദിക്കാം. അങ്ങനെ വിളിച്ച് സംസാരിക്കാൻ കഴിയുന്ന ഒരാൾ ജീവിതത്തിലുണ്ടാകുന്നത് വലിയ കാര്യമാണ്.

അനുപമ പരമേശ്വരൻ. Photo. Screen Grab/ Youtube
എന്റെ ചില കാര്യങ്ങൾ ആൾക്ക് തമാശയായിരിക്കും. ഞാൻ ചിലപ്പോൾ മണ്ടത്തരങ്ങൾ കാണിക്കും. അപ്പോൾ ‘നീ എന്തിനാണ് ഇങ്ങനെയൊരു കാര്യം പോസ്റ്റ് ചെയ്തത്?’ എന്നൊക്കെ ദുൽഖർ ചോദിക്കും. എനിക്കും അപ്പോൾ ചിരിവരാറുണ്ട്,’ നടി പറഞ്ഞു.
Content Highlight: Actress Anupama Parameswaran talks about her relationship with actor Dulquer Salmaan
