സിനിമയെ ഒരുപാട് സ്‌നേഹിച്ചു, എത്രയോ വര്‍ഷം ഇതില്‍ തന്നെ നിന്നു, പക്ഷെ ഒരവാര്‍ഡ് പോലും അച്ഛന് കിട്ടിയിട്ടില്ല: ആന്‍ അഗസ്റ്റിന്‍
Entertainment news
സിനിമയെ ഒരുപാട് സ്‌നേഹിച്ചു, എത്രയോ വര്‍ഷം ഇതില്‍ തന്നെ നിന്നു, പക്ഷെ ഒരവാര്‍ഡ് പോലും അച്ഛന് കിട്ടിയിട്ടില്ല: ആന്‍ അഗസ്റ്റിന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 30th November 2022, 5:50 pm

മലയാള സിനിമയില്‍ അരങ്ങേറിയതിന് പിന്നാലെ വളരെ പെട്ടെന്ന് പ്രേക്ഷകപ്രീതി നേടിയെടുത്ത താരമാണ് ആന്‍ അഗസ്റ്റിന്‍. സിനിമയില്‍ നിന്ന് ഇടയ്‌ക്കൊരു ബ്രേക്ക് എടുത്തുവെങ്കിലും വീണ്ടുമിപ്പോള്‍ മലയാളത്തില്‍ സജീവമാവുകയാണ് താരം.

ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സങ്കടപ്പെട്ടതും സന്തോഷിച്ചതുമായ സമയത്തെ കുറിച്ച് സംസാരിക്കുകയാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ആന്‍.

ഏറ്റവും കൂടുതല്‍ സങ്കടപ്പെട്ടതും സന്തോഷിച്ചതും എപ്പോഴാണെന്ന് ഓര്‍മയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി തന്റെ അച്ഛനും നടനുമായ അഗസ്റ്റിനെ കുറിച്ചുള്ള ഓര്‍മകളാണ് താരം പങ്കുവെക്കുന്നത്.

”എനിക്ക് പെട്ടെന്നാണ് സങ്കടവും സന്തോഷവുമൊക്കെ വരുന്നത്. ഒരു ചെറിയ കാര്യം മതി സങ്കടപ്പെടാനും സന്തോഷിക്കാനും.

പക്ഷെ ഏറ്റവും കൂടുതല്‍ സന്തോഷിച്ചതും സങ്കടപ്പെട്ടതും അച്ഛനെയോര്‍ത്താണ്. അച്ഛന്‍ പോയപ്പോഴുള്ള സങ്കടം… അതെനിക്ക് സഹിക്കാന്‍ പറ്റുന്നതിലുമപ്പുറമായിരുന്നു.

അച്ഛനെ ഇനിയൊരിക്കലും കാണില്ലല്ലോ, സംസാരിക്കാന്‍ പറ്റില്ലല്ലോ… ഇക്കാര്യങ്ങളൊന്നും എന്റെ മനസിന് വളരെ പെട്ടെന്ന് അംഗീകരിക്കാന്‍ പറ്റുന്നില്ലായിരുന്നു.

അച്ഛന്‍ സിനിമയെ ഒരുപാട് സ്‌നേഹിച്ചയാളാണ്. എത്രയോ വര്‍ഷങ്ങള്‍ സിനിമയില്‍ തന്നെ നിന്നയാള്‍. പക്ഷെ അച്ഛനൊരു അവാര്‍ഡ് പോലും കിട്ടിയിട്ടില്ല. അതുകൊണ്ടായിരിക്കും എനിക്ക് സംസ്ഥാന അവാര്‍ഡ് കിട്ടിയപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയത്.

അച്ഛന് അവാര്‍ഡ് കിട്ടിയതുപോലുള്ള ഫീലിങ്ങായിരുന്നു എനിക്ക്. പക്ഷെ അത് ആസ്വദിക്കാന്‍ അച്ഛന്‍ കൂടെയില്ല,” ആന്‍ അഗസ്റ്റിന്‍ പറഞ്ഞു.

അതേസമയം, ഒരു ഇടവേളക്ക് ശേഷം ആന്‍ അഗസ്റ്റിന്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു ഹരികുമാര്‍ സംവിധാനം ചെയ്ത ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’.

സുരാജ് വെഞ്ഞാറമൂട് നായകനായ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് എഴുത്തുകാരന്‍ എം. മുകുന്ദനാണ്. ഇദ്ദേഹം ആദ്യമായി തിരക്കഥയൊരുക്കുന്ന മലയാളചിത്രം കൂടിയാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ.

സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് തിയേറ്ററില്‍ നിന്നും ലഭിച്ചിരുന്നത്.

Content Highlight: Actress Ann Augustine shares her memories with father Augustine