അന്ന് അയാള്‍ എന്നെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ലവ് ലെറ്റര്‍ എഴുതിച്ചു: അഞ്ജലി നായര്‍
Entertainment news
അന്ന് അയാള്‍ എന്നെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ലവ് ലെറ്റര്‍ എഴുതിച്ചു: അഞ്ജലി നായര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 11th February 2023, 8:22 am

തമിഴ് സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് അഞ്ജലി നായര്‍. തന്റെ ആദ്യ സിനിമയില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന ചില പ്രശ്‌നങ്ങളെ കുറിച്ച് പറയുകയാണ് അഞ്ജലി. സിനിമയില്‍ വില്ലനായി അഭിനയിച്ച വ്യക്തി തന്നോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും നിരസിച്ചപ്പോള്‍ പിന്‍തുടരാന്‍ തുടങ്ങിയെന്നും താരം പറഞ്ഞു.

വലിയ ബുദ്ധിമുട്ടുകളാണ് അയാള്‍ തനിക്ക് നല്‍കിയതെന്നും പൊലീസ് പ്രൊട്ടക്ഷന്‍ വരെ ആവശ്യപ്പെടേണ്ടി വന്നെന്നും അവര്‍ പറഞ്ഞു. ജീവന്‍ തന്നെയെടുക്കാന്‍ പാകത്തിലുള്ള പ്രവര്‍ത്തികളാണ് അയാള്‍ നടത്തിയതെന്നും ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ സംസാരിക്കവേ അഞ്ജലി പറഞ്ഞു.

‘ ആദ്യ സിനിമ ഞാന്‍ ചെയ്യുന്നത് 2009ലാണ്. ആ സിനിമയിലെ വില്ലനായിരുന്നു എന്നോട് പ്രണയാഭ്യര്‍ഥന നടത്തിയത്. അത് മാത്രമല്ല ആ സിനിമയുടെ നിര്‍മാണ പങ്കാളി കൂടിയയിരുന്നു അയാള്‍. അതുകൊണ്ട് തന്നെ പുള്ളിക്ക് നല്ല സ്വാതന്ത്ര്യമുണ്ടായിരുന്നു. ഷൂട്ടില്ലെങ്കിലും പുള്ളിക്ക് അവിടെ വരാമായിരുന്നു.

എന്റെ ചേച്ചിയും ഒരു സിനിമാ നടിയായിരുന്നു. തമിഴ് വ്യക്തിയെയായിരുന്നു അവരും കല്യാണം കഴിച്ചത്. അതുകൊണ്ട് തന്നെ എന്തുകൊണ്ടാണ് എന്റെ പ്രൊപ്പോസല്‍ അഞ്ജലിക്ക് സ്വീകരിച്ചാല്‍ എന്നാണ് അയാള്‍ എന്നോട് ചോദിച്ചുകൊണ്ടിരുന്നത്. എന്നാല്‍ എനിക്കത് ഒട്ടും സ്വീകരിക്കാന്‍ കഴിയുന്ന കാര്യമായിരുന്നില്ല. എനിക്ക് തമിഴ്‌നാട്ടില്‍ പോകാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ് ഞാന്‍ അത് വേണ്ടെന്ന് വെച്ചത്.

പുള്ളി എനിക്ക് വലിയൊരു ബുദ്ധിമുട്ട് തന്നെയായിരുന്നു. പിന്നീട് ഞാന്‍ അഭിനയിച്ച സിനിമയുടെ ലൊക്കേഷനിലൊക്കെ പുള്ളി വരുമായിരുന്നു. ഭക്ഷണവും വെള്ളവുമൊന്നുമില്ലാതെ മണിക്കൂറുകളോളം എന്നെ നോക്കി കൊണ്ടിരിക്കുകയായിരുന്നു പുള്ളിയുടെ പണി.

പിന്നെ ഞാന്‍ യാത്ര ചെയ്യുന്നതൊക്കെ മുന്‍കൂട്ടി അറിഞ്ഞ് പുറകെ വരുക, ട്രെയിനില്‍ നിന്നും തള്ളിയിടാന്‍ നോക്കുക, എന്റെ ബാഗ് എടുത്തുകൊണ്ട് ഓടാന്‍ നോക്കുക തുടങ്ങി ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായി. അവസാനം ഉടക്കുണ്ടാക്കേണ്ടി വന്നു. അയാളില്‍ നിന്നും രക്ഷപ്പെടാന്‍ പൊലീസ് പ്രൊട്ടക്ഷന്‍ വരെ വേണ്ടി വന്നു.

അവസാനം ട്രെയിനില്‍ നിന്നും കൊണ്ടുപോയ ബാഗ് അയാളുടെ സിസ്റ്റര്‍ എനിക്ക് കൊണ്ടുതരാമെന്ന് പറഞ്ഞു. അവന്‍ സിംഗപ്പൂര്‍ പോയി ചേച്ചിയൊന്ന് വീട്ടിലേക്ക് വരുവോയെന്ന് ചോദിച്ചു. ഞാന്‍ അമ്മയേയും ക്രൂ മെമ്പേഴ്‌സിനെയുമൊക്കെ കൂട്ടി അവരുടെ വീട്ടില്‍ ചെന്നു. ആദ്യം ആ കുട്ടി അയാളെ കുറിച്ച് കുറേ കുറ്റമൊക്കെ പറഞ്ഞു.

എന്നിട്ട് കള്ളം പറഞ്ഞ് എന്നെ അകത്ത് കയറ്റി വാതിലടച്ചു. അകത്ത് കറിയപ്പോള്‍ അവന്‍ അകത്തുണ്ടായിരുന്നു. ഒരു കത്തിയൊക്കെ പിടിച്ചായിരുന്നു പുള്ളി നിന്നത്. ആദ്യം അവന്‍ എന്റെ മുട്ടിനിട്ട് ഇടിച്ചു. അപ്പോള്‍ ഞാന്‍ കരുതി എന്റെ ജീവിതം ഇവിടെ തീര്‍ന്നുവെന്ന്. കാരണം എന്നെ രക്ഷപ്പെടുത്താന്‍ ആരുമില്ല. എല്ലാവരും പുറത്ത് വണ്ടിയിലിരിക്കുകയാണ്.

അവന്‍ എന്നെക്കൊണ്ട് കുറേ മുദ്രപത്രങ്ങളിലൊക്കെ ഒപ്പ് വെപ്പിച്ചു. ഇനി വരുന്ന സിനിമകളിലൊക്കെ ഞാന്‍ തന്നെ നായികയാകണമെന്നായിരുന്നു അത്. പിന്നെ എന്നെക്കൊണ്ട് ലവ് ലെറ്ററൊക്കെ എഴുതിച്ചു. പിന്നെ കഷ്ടിച്ചാണ് ഞാന്‍ അവിടുന്ന് രക്ഷപ്പെട്ടത്,’ അഞ്ജലി നായര്‍ പറഞ്ഞു.

content highlight: actress anjali nair shares her bad experience in tamil cinema