എന്റെ മുഖം കണ്ടാല്‍ തന്നെ സിനിമ വിജയിക്കുമെന്ന് പ്രചരിപ്പിച്ചു, എ.ബി.സി.ഡിയില്‍ എന്നെ അഭിനയിക്കാന്‍ വിളിച്ചത് അതുകൊണ്ടാണ്: അഞ്ജലി നായര്‍
Entertainment news
എന്റെ മുഖം കണ്ടാല്‍ തന്നെ സിനിമ വിജയിക്കുമെന്ന് പ്രചരിപ്പിച്ചു, എ.ബി.സി.ഡിയില്‍ എന്നെ അഭിനയിക്കാന്‍ വിളിച്ചത് അതുകൊണ്ടാണ്: അഞ്ജലി നായര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 11th February 2023, 11:01 am

തമിഴ്, മലയാളം തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ച് ജനശ്രദ്ധ നേടിയ താരമാണ് അഞ്ജലി നായര്‍. താന്‍ അഭിനയിക്കുന്ന സിനിമകളൊക്കെ വിജയിക്കുമെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ മലയാള സിനിമയിലുണ്ടായിരുന്നു എന്ന് പറയുകയാണ് നടിയിപ്പോള്‍.

തന്റെ മുഖം കാണിച്ച് ആരംഭിക്കുന്ന സിനിമകള്‍ വലിയ വിജയമാണെന്ന് പറഞ്ഞ് നിരവധി സിനിമകളില്‍ അവസരം ലഭിച്ചുവെന്നും ഡബ്ബ് ചെയ്യാനടക്കം തന്നെ വിളിച്ചിട്ടുണ്ടെന്നും നടി പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ തന്റെ ഭാഗ്യമില്ലാതായെന്നും ഫ്‌ളവേഴ്‌സ് ഒരുകോടി എന്ന പരിപാടിയില്‍ സംസാരിക്കവെ അഞ്ജലി പറഞ്ഞു.

‘മകള്‍ക്ക് ഏഴ് മാസം പ്രായമുള്ളപ്പോഴാണ് അഞ്ച് സുന്ദരികളിലെ ‘സേതുലക്ഷ്മി’ എന്ന കഥയിലേക്ക് അഭിനയിക്കാന്‍ ഞാന്‍ പോകുന്നത്. ശരിക്കും സിനിമയിലേക്ക് ഒരു അമ്മയേയും കുഞ്ഞിനേയും വേണമെന്നുള്ള ആവശ്യം കൊണ്ടാണ് എന്നെ വിളിച്ചത്. മകളെ ക്യാമറക്ക് മുന്നില്‍ കാണിക്കാമെന്നുള്ളത് കൊണ്ടാണ് ഞാന്‍ ആ സിനിമ ചെയ്യാന്‍ തയാറായത്.

ആ സിനിമ തുടങ്ങുന്നത് തന്നെ എന്റെ മുഖം കാണിച്ചുകൊണ്ടാണ്. അഞ്ച് കഥകളുള്ള ഒരു ആന്തോളജിയായിരുന്നു അത്. അതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് സേതുലക്ഷ്മിയാണ്. പിന്നീട് അമ്പതോളം സിനിമകളാണ് എന്നെ തേടി വന്നത്.

മാത്രമല്ല എ.ബി.സി.ഡി അടക്കം പല സിനിമകളുടെ ഇന്‍ട്രോ തന്നെ എന്റെ മുഖം കാണിച്ചുകൊണ്ടായിരുന്നു. എന്റെ മുഖം കാണിച്ച് തുടങ്ങുന്ന സിനിമകളൊക്കെ വലിയ വിജയം നേടുമെന്ന പ്രചരണവും ഉണ്ടായി. അതൊക്കെ കേട്ടതോടെ എനിക്കും പേടിയാകാന്‍ തുടങ്ങി.

എന്റെ കൂടെ അഭിനയിച്ച കുട്ടികള്‍ക്കൊക്കെ അവാര്‍ഡുകള്‍ കിട്ടാന്‍ തുടങ്ങി. അതുപോലെ തന്നെ ഞാന്‍ ഡബ്ബ് ചെയ്ത സിനിമയും വലിയ വിജയമാകുമെന്ന് ആളുകള്‍ പറയാന്‍ തുടങ്ങി. അങ്ങനെ പലരും ഡബ്ബ് ചെയ്യാനടക്കം എന്നെ സിനിമയിലേക്ക് വിളിക്കാന്‍ തുടങ്ങി. എന്തായാലും പറഞ്ഞ് പറഞ്ഞ് ആ ഭാഗ്യമൊക്കെ നഷ്ടപ്പെട്ടുവെന്ന് തോന്നുന്നു,’ അഞ്ജലി നായര്‍ പറഞ്ഞു.

content highlight: actress anjali nair about malayalam movie abcd