മൂന്ന് തവണ കണ്ടു എന്നിട്ടും മതിവരുന്നില്ലെന്ന് അവര്‍ പറഞ്ഞു; ഷൂട്ടിങ് കഴിഞ്ഞത് പോലും അറിഞ്ഞില്ല: അനശ്വര
Entertainment news
മൂന്ന് തവണ കണ്ടു എന്നിട്ടും മതിവരുന്നില്ലെന്ന് അവര്‍ പറഞ്ഞു; ഷൂട്ടിങ് കഴിഞ്ഞത് പോലും അറിഞ്ഞില്ല: അനശ്വര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 16th March 2023, 7:01 pm

നിഖില്‍ മുരളിയുടെ സംവിധാനത്തില്‍ അനശ്വര രാജന്‍, അര്‍ജുന്‍ അശോകന്‍, മനോജ് കെ.യു, മിയ, മമിത ബൈജു, ഹക്കീം ഷാ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് പ്രണയവിലാസം. തിയേറ്ററുകളില്‍ നിന്നും മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രണയവിലാസത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റില്‍ സിനിമയെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും സംസാരിക്കുകയാണ് നടി അനശ്വര രാജന്‍.

സംവിധായകന്റെയടക്കം പലരുടെയും അദ്യത്തെ സിനിമയാണിതെന്നും താന്‍ ഏറ്റവും നന്നായി ആസ്വദിച്ച ഷൂട്ടിങ് ലൊക്കേഷന്‍ ഇതായിരുന്നുവെന്നും താരം പറഞ്ഞു. സിനിമയില്‍ അഭിനയിച്ച എല്ലാവര്‍ക്കും അങ്ങനെ തന്നെയാണെന്നും അനശ്വര പറഞ്ഞു. ചെയ്തതില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം ഇതായിരുന്നുവെന്നും താരം പറഞ്ഞു.

‘പലരുടെയും ആദ്യത്തെ സിനിമയായിരുന്നു പ്രണയവിലാസം. സംവിധായകന്‍ നിഖിലേട്ടന്റെയും ആദ്യത്തെ സിനിമയായിരുന്നു അത്. എഡിറ്ററുടെയും ക്യാമറാമാന്റെയുമൊക്കെ ആദ്യത്തെ സിനിമയായിരുന്നു. സിനിമയുടെ ലൊക്കേഷന്‍ ഭയങ്കര കൂളായിരുന്നു. എല്ലാവരും നല്ലരീതിയില്‍ രസിച്ചാണ് സിനിമ ചെയ്തത്. സിനിമയില്‍ അഭിനയിച്ച ആരോട് ചോദിച്ചാലും അവരൊക്കെ ഏറ്റവും കംഫര്‍ട്ടായിരുന്ന സിനിമ സെറ്റ് അതായിരുന്നു.

ശരിക്കും എന്‍ജോയ് ചെയ്ത അടിപൊളിയായ ലൊക്കേഷനായിരുന്നു അത്. ഷൂട്ട് കഴിഞ്ഞത് പോലും അറിഞ്ഞില്ല. ഞാന്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളെ വെച്ച് നോക്കുമ്പോള്‍ ഹൃദയത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന കഥാപാത്രമാണ് പ്രണയവിലാസത്തിലെ അനുശ്രീ. സിനിമ കണ്ടുകഴിഞ്ഞപ്പോഴും എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു.

അടുത്തിടെ എന്റെ ഫ്രണ്ടിന്റെ സുഹൃത്ത് അവളോട് പറഞ്ഞു, പ്രണയവിലാസം മൂന്ന് തവണ കണ്ടുവെന്നും ഇനിയും കാണാന്‍ ആഗ്രഹമുണ്ടെന്നു. ശരിക്കും എന്റെ ഫ്രണ്ട് ആ സിനിമ കണ്ടിട്ടുണ്ടായിരുന്നില്ല.ആളുകള്‍ക്ക് വീണ്ടും ഈ സിനിമ കാണാന്‍ തോന്നുന്നു എന്ന് കേള്‍ക്കുമ്പോള്‍ നല്ല സന്തോഷമുണ്ട്.

സിനിമയിലെ എല്ലാ കഥാപാത്രങ്ങളെ കുറിച്ചും ആളുകള്‍ സംസാരിക്കുന്നു എന്നതാണ് പ്രണയവിലാസത്തിന്റെ പ്രത്യേകത. സിനിമയിലെ എല്ലാ കഥാപാത്രങ്ങളെയും ആളുകള്‍ക്ക് ഇഷ്ടപ്പെട്ടു. സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്,’ അനശ്വര രാജന്‍ പറഞ്ഞു.

CONTENT HIGHLIGHT: ACTRESS ANASWARA RAJAN ABOUT PRANAYAVILASAM MOVIE