ശരിക്കും അവര്‍ ടോര്‍ച്ചര്‍ ചെയ്യുകയാണ്, ആ ചോദ്യങ്ങള്‍ ഞാന്‍ ആയിരം പ്രാവശ്യം കേട്ടിട്ടുണ്ട്: അനശ്വര രാജന്‍
Entertainment news
ശരിക്കും അവര്‍ ടോര്‍ച്ചര്‍ ചെയ്യുകയാണ്, ആ ചോദ്യങ്ങള്‍ ഞാന്‍ ആയിരം പ്രാവശ്യം കേട്ടിട്ടുണ്ട്: അനശ്വര രാജന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 20th February 2023, 9:12 pm

തനിക്ക് നേരെ വന്നിട്ടുള്ള ബോഡി ഷേയിമിങ് പരാമര്‍ശങ്ങളെ കുറിച്ച് പറയുകയാണ് നടി അനശ്വര രാജന്‍. താന്‍ മെലിഞ്ഞിരിക്കുന്നത് കൊണ്ട് നിരവധി ചോദ്യങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് താരം പറഞ്ഞു. താന്‍ മനപൂര്‍വം മെലിഞ്ഞതല്ലെന്നും അതിന് ചില കാരണങ്ങളുണ്ടെന്നും അനശ്വര പറഞ്ഞു.

ഫുഡ് കഴിക്കാത്തത് കൊണ്ടാണോ മെലിഞ്ഞിരിക്കുന്നതെന്ന് ആദ്യ കാഴ്ചയില്‍ പലരും കുശലം ചോദിക്കുമെന്നും എന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ താന്‍ ആയിരം തവണ കേട്ടിട്ടുണ്ടെന്നും അനശ്വര പറഞ്ഞു. സോഷ്യല്‍ മീഡിയയിലും മറ്റുമായി ഇത്തരത്തില്‍ നിരവധി കമന്റുകളാണ് വരുന്നതെന്നും പലരും തന്നെ ടോര്‍ച്ചര്‍ ചെയ്യുകയാണെന്നും താരം പറഞ്ഞു.

‘ഇപ്പോള്‍ ഞാന്‍ മെലിഞ്ഞിട്ടാണ്. മനപൂര്‍വം മെലിഞ്ഞതല്ല. ചില കാരണങ്ങള്‍ കൊണ്ട് മെലിഞ്ഞതാണ്. കാണുമ്പോള്‍ തന്നെ മെലിഞ്ഞ് പോയല്ലോ എന്താ ഫുഡ് കഴിക്കാത്തേയെന്ന് പലരും ചോദിക്കും. അവരെ സംബന്ധിച്ച് നമ്മളെ ആദ്യമായി കാണുമ്പോള്‍, വെറുതെ കുശലം ചോദിക്കുന്നതാണത്. എന്നാല്‍ നമുക്ക് അങ്ങനെയല്ലല്ലോ.

ഞാന്‍ ഇത്തരം ചോദ്യങ്ങള്‍ ആയിരം പ്രാവശ്യം കേട്ടിട്ടുണ്ട്. ശരിക്കും ടോര്‍ച്ചറിങ്ങാണത്. കൊള്ളി പോലിരിക്കുന്നു, ഇതും വെച്ച് നീ എന്ത് ചെയ്യാനാണെന്നൊക്കെ ചിലര്‍ ചോദിക്കും. പുറത്ത് പറയാനാവാത്ത കുറേ കാര്യങ്ങളാണ് പലരും ചോദിക്കുന്നത്. അത് നേരിട്ടും പറഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും അത്തരം ചോദ്യങ്ങള്‍ വന്നിട്ടുണ്ട്,’ അനശ്വര രാജന്‍ പറഞ്ഞു.

നിഖില്‍ മുരളി സംവിധാനം ചെയ്യുന്ന പ്രണയ വിലാസമാണ് അനശ്വരയുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. മമിത, അര്‍ജുന്‍ അശോകന്‍, ഹക്കിം ഷാ, മിയ തുടങ്ങിയവരാണ് സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. ജ്യോതിഷ്, സുനു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

content highlight: actress anaswara rajan about body shaming comments