ബോഡിഷെയിമിങ് വേദനിപ്പിക്കാറുണ്ട്, ഇത്തരം സെന്‍സിറ്റീവ് വിഷയങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കുന്നതാണ് നല്ലത്: അനശ്വര രാജന്‍
Entertainment news
ബോഡിഷെയിമിങ് വേദനിപ്പിക്കാറുണ്ട്, ഇത്തരം സെന്‍സിറ്റീവ് വിഷയങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കുന്നതാണ് നല്ലത്: അനശ്വര രാജന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 17th March 2023, 8:36 am

ബോഡിഷെയിമിങ് കുറേ പേര്‍ക്ക് നേരിടേണ്ടി വരുന്നുണ്ടെങ്കിലും പലര്‍ക്കും അതുകൊണ്ടുണ്ടാവുന്ന അനന്തരഫലങ്ങളെക്കുറിച്ച് അറിയില്ലെന്ന് നടി അനശ്വര രാജന്‍. തടിച്ചതിന്റെ പേരിലോ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളുടെ പേരിലോ കമന്റുകള്‍ കേള്‍ക്കുമ്പോള്‍ വിഷമം തോന്നാറുണ്ടെന്നും താരം പറഞ്ഞു.

അത്തരം പ്രയോഗങ്ങളിലൂടെ മറുഭാഗത്ത് നില്‍ക്കുന്ന ആളുകള്‍ക്ക് ഫീല്‍ ചെയ്യുമെന്ന് അറിയാത്ത കാലം വരെ സെന്‍സിറ്റീവ് വിഷയങ്ങളെക്കുറിച്ച് സംസാരിക്കാതെയിരിക്കുന്നതാണ് നല്ലതെന്നും അനശ്വര പറഞ്ഞു. പ്രണയവിലാസം എന്ന പുതിയ ചിത്രത്തിന്റെ പ്രസ് മീറ്റിലാണ് അനശ്വര ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”എന്നോട് ചോദിക്കുന്ന ഇടത്തൊക്കെ ഞാന്‍ ഇത് പറയാറുണ്ട്. ബോഡിഷെയിമിങ് കുറേ പേര്‍ക്ക് നേരിടുന്നുണ്ടെങ്കിലും പലര്‍ക്കും അതിന്റെ അനന്തരഫലം അറിയാത്ത കാര്യമാണ്.

തടിച്ചതിന്റെ പേരിലോ അല്ലെങ്കില്‍ ബോഡിയില്‍ ചില മാറ്റങ്ങള്‍ വരുന്നതിന്റെ ഫലമായോ പലരും കമന്റ് പറയുമ്പോള്‍ ബുദ്ധിമുട്ടുണ്ട്. ഇപ്പോള്‍ എന്റെ പരിചയം ഉള്ള ആളുകള്‍ തടിച്ചു എന്ന് പറയുന്നത് മാത്രമല്ല.

പലരും മോശമായ കമന്റുകള്‍ പറയുമ്പോള്‍, ഞാന്‍ തന്നെ എന്റെ ബോഡിയില്‍ ഇന്‍സെക്യൂര്‍ഡായിരുന്ന സമയങ്ങളില്‍ അങ്ങനെ കേള്‍ക്കുമ്പോള്‍ ഭയങ്കര വിഷമം ആവാറുണ്ട്. അത്തരം സംസാരങ്ങള്‍ എന്നെ വേദനിപ്പിക്കാറുണ്ട്.

എതിര്‍ഭാഗത്തുള്ളൊരാള്‍ക്ക് എങ്ങനെ അത് ഫീല്‍ ചെയ്യുമെന്ന് അറിയാത്ത കാലം വരെ ഇങ്ങനെയുള്ള സെന്‍സിറ്റീവ് വിഷയങ്ങളെക്കുറിച്ച് നമ്മള്‍ സംസാരിക്കാത്തത് തന്നെയാണ് നല്ലത് എന്നാണ് എനിക്ക് തോന്നുന്നത്,” അനശ്വര പറഞ്ഞു.

നിഖില്‍ മുരളി സംവിധാനം ചെയ്ത പ്രണയ വിലാസം മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. അനശ്വര രാജന്‍. അര്‍ജുന്‍ അശോകന്‍, മമിത ബൈജു, മിയ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

content highlight: actress anaswara rajan about bad comments