ആനന്ദത്തിലെ ഏറ്റവും നോട്ടീസ് ചെയ്യുന്ന കഥാപാത്രം എന്റേതായിരിക്കുമെന്ന് ആദ്യമെ പറഞ്ഞിരുന്നു: അനാര്‍ക്കലി മരക്കാര്‍
Entertainment news
ആനന്ദത്തിലെ ഏറ്റവും നോട്ടീസ് ചെയ്യുന്ന കഥാപാത്രം എന്റേതായിരിക്കുമെന്ന് ആദ്യമെ പറഞ്ഞിരുന്നു: അനാര്‍ക്കലി മരക്കാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 22nd April 2023, 6:40 pm

ആനന്ദം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് അനാര്‍ക്കലി മരക്കാര്‍. ചിത്രത്തില്‍ മുഴുനീളെ അനാര്‍ക്കലിയുണ്ടെങ്കിലും അവസാന ഭാഗത്തിലെ ഒരു സീനില്‍ മാത്രമാണ് താരം ഡയലോഗ് പറയുന്നുള്ളൂ. താന്‍ ഡയലോഗ് പറയുന്നൊരു സീന്‍ ചിത്രത്തില്‍ നിന്നും കട്ട് ചെയ്ത് മാറ്റിയതിനെക്കുറിച്ച് പറയുകയാണ് അനാര്‍ക്കലി.

തന്റെ വിഷമം കണ്ട് സിനിമയിലെ ഏറ്റവും കൂടുതല്‍ നോട്ടീസ് ചെയ്യുന്ന കഥാപാത്രം തന്റെതായിരിക്കുമെന്ന് വിനീത് പറഞ്ഞെന്നും അനാര്‍ക്കലി പറഞ്ഞു. സഹിക്കാന്‍ കഴിയാതെ താന്‍ കരഞ്ഞു പോയെന്നും അനാര്‍ക്കലി പറഞ്ഞു. റെഡ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അനാര്‍ക്കലി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ആനന്ദത്തില്‍ നിന്നാണ് സിനിമ സ്റ്റാര്‍ട്ട് ചെയ്യുന്നത്. ആനന്ദം എനിക്ക് ഭയങ്കര സ്‌പെഷലായ സിനിമയാണ്. സിനിമയില്‍ എനിക്ക് ഒരു ഡയലോഗ് കൂടെ ഉണ്ടായിരുന്നു.

പക്ഷെ അവസാനത്തെ ഒരു ഡയലോഗ് മാത്രമെ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. ശരിക്കും സ്‌ക്രിപ്റ്റില്‍ എനിക്ക് വലിയൊരു ഡയലോഗ് ഉണ്ടായിരുന്നു. ഡയലോഗ് പറയാന്‍ കിട്ടാതെ കാത്തിരുന്ന് കിട്ടിയ സീനായിരുന്നു അത്.

അങ്ങനെ ആ ഡയലോഗ് പറഞ്ഞ് ഞാന്‍ ഭയങ്കര ഹാപ്പിയായ ദിവസം എഡിറ്റര്‍ അത് കട്ട് ചെയ്ത കളഞ്ഞു. എനിക്ക് ഭയങ്കര സങ്കടമായിരുന്നു. കാരണം എല്ലാവര്‍ക്കും ഡയലോഗ് ഉണ്ടാല്ലോ. ഞാന്‍ അന്ന് കരയുകയൊക്കെ ചെയ്തു.

ആ സീന്‍ കട്ട് ചെയ്ത് കഴിഞ്ഞാലാണ് സിനിമക്ക് കുറച്ചുകൂടെ രസമുണ്ടാവുക എന്നൊന്നും അന്നെനിക്ക് അറിയില്ലായിരുന്നു. ആകെ ഉള്ളൊരു ഡയലോഗ് കട്ട് ചെയ്ത കളഞ്ഞതില്‍ സങ്കടപ്പെട്ടിരിക്കുമ്പോഴാണ് വിനീത് ഏട്ടന്‍ സംസാരിച്ചത്.

അവളോട് സങ്കടപ്പെടരുതെന്ന് പറയണം, സിനിമയില്‍ ഏറ്റവും നോട്ടീസ് ചെയ്യുന്ന കഥാപാത്രം അവളായിരിക്കുമെന്ന് വിനീത് ഏട്ടന്‍ പറഞ്ഞു. അവള്‍ക്ക് അത് മനസിലാവാഞ്ഞിട്ടാണ്. കാരണം ലാസ്റ്റ് ഒറ്റ ഡയലോഗ് മാത്രം ആകുമ്പോഴാണ് രസമുണ്ടാവുകയുള്ളൂ എന്നൊക്കെ പറഞ്ഞു.

എന്നോട് നേരിട്ട് പറഞ്ഞില്ല, എന്റെ ഫ്രണ്ടിനോടാണ് പറഞ്ഞത്. സിനിമ ഇറങ്ങിയ അന്ന് എന്നോട് ഇക്കാര്യം പറഞ്ഞു. ഞാന്‍ പറഞ്ഞില്ലേ, ഇപ്പോള്‍ മനസിലായില്ലേയെന്ന് വിനീത് ഏട്ടന്‍ ചോദിച്ചു,” അനാര്‍ക്കലി പറഞ്ഞു.

content highlight: actress anarkali marakkar about aanandham movie