ഹീറോയുടെ കൂടെ എന്റെ പേര് വെക്കാന്‍ ബുദ്ധിമുട്ടാണെന്ന് അവര്‍ പറഞ്ഞു, നമുക്ക് ആവശ്യമുള്ളത് ചോദിച്ച് വാങ്ങിക്കാന്‍ ഒരു മടിയും കാണിക്കരുത്: ഐശ്വര്യ ലക്ഷ്മി
Entertainment news
ഹീറോയുടെ കൂടെ എന്റെ പേര് വെക്കാന്‍ ബുദ്ധിമുട്ടാണെന്ന് അവര്‍ പറഞ്ഞു, നമുക്ക് ആവശ്യമുള്ളത് ചോദിച്ച് വാങ്ങിക്കാന്‍ ഒരു മടിയും കാണിക്കരുത്: ഐശ്വര്യ ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 28th October 2022, 8:51 pm

സിനിമയുടെ പോസ്റ്ററില്‍ ഹീറോയുടെ കൂടെ തന്റെ പേര് വെക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ അനുഭവത്തെക്കുറിച്ച് പറയുകയാണ് ഐശ്വര്യ ലക്ഷ്മി. നമുക്ക് ആവശ്യമുള്ളത് ചോദിച്ച് വാങ്ങിക്കാന്‍ ഒരു മടിയും കാണിക്കരുതെന്നും താരം പറഞ്ഞു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ തന്റെ അനുഭവം പങ്കുവെച്ചത്.

”പ്രശ്‌നം ഉണ്ടാക്കാനായിട്ടോ ഒരു സ്‌റ്റേറ്റ്‌മെന്റ് പാസ് ചെയ്യാനായിട്ടോ പറയുന്നതല്ല. എന്റെ അനുഭവത്തില്‍ നിന്നും ഞാന്‍ പറയുന്നതാണ്. എനിക്ക് കിട്ടിയ ഒരു ഗുണം എന്ന് പറയുന്നത് എന്റെ ആദ്യ സിനിമയില്‍ തന്നെ നിവിന്‍ പോളിയുടെ ഹീറോയിനാണെന്ന അഡ്രസിലാണ് ഞാന്‍ വരുന്നത്.

അതുകഴിഞ്ഞ് മായാനദി വന്നപ്പോള്‍ മൊത്തത്തില്‍ അപ്പുവായി. പിന്നെ എനിക്ക് ഈസി ആയിരുന്നു. എന്നാലും ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. അടുത്ത സിനിമ എവിടെ നിന്നാണ് വരുന്നതെന്ന് എനിക്ക് അറിയില്ല. ഒരു നല്ല ഡയറക്ടറിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ എനിക്ക് വേണ്ടി പറയാന്‍ ഞാന്‍ മാത്രമേ ഉള്ളു.

എനിക്ക് തോന്നുന്നത് നമുക്ക് ആവശ്യമുള്ളത് ചോദിച്ച് വാങ്ങിക്കാന്‍ ഒരു മടിയും കാണിക്കരുതെന്നാണ്. മെയില്‍ ആര്‍ട്ടിസ്റ്റിന് ഈസിയായി അലോട്ട് ചെയ്യുന്ന കാര്യങ്ങള്‍ ഫീമൈല്‍ ആര്‍ട്ടിസ്റ്റിന് കിട്ടുന്നില്ല.

ഉദാഹരണത്തിന് കുമാരി എന്ന സിനിമക്ക് തന്നെ ഐശ്വര്യ ലക്ഷ്മി ഇന്‍ കുമാരി എന്ന് വെച്ചത് ഇവര്‍ കുറച്ച് കൂടെ അവേയറായത് കൊണ്ട് അങ്ങനെ വെക്കാന്‍ അവര്‍ക്ക് പ്രശ്‌നമില്ല. പലപ്പോഴും എന്റെ പേര് വെക്കാന്‍ ബുദ്ധിമുട്ടുണ്ടായ സിറ്റുവേഷന്‍സ് ഉണ്ടായിട്ടുണ്ട്.

ഹീറോയുടെ കൂടെ എന്റെ പേര് വെക്കാന്‍ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞത് ഞാന്‍ അറിഞ്ഞിട്ടുണ്ട്. ആ സമയത്ത് ഇത് ആവശ്യമെങ്കില്‍ ചോദിച്ച് നമ്മള്‍ വാങ്ങിക്കണം,” ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

ഐശ്യര്യ ലക്ഷ്മിയെ കേന്ദ്രകഥാപാത്രമാക്കി നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രമാണ് കുമാരി. നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിക്ക് പുറമേ ഷൈന്‍ ടോം ചാക്കോ, സുരഭി ലക്ഷ്മി, സ്വാസിക, ശിവജിത്ത്, തന്‍വി റാം, സ്ഫടികം ജോര്‍ജ് എന്നിവരാണ്  മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

content highlight: actress aiswarya lekshmi  shares her experience ,They said it is difficult to put her name with Hero