അമ്മയുടെ കാഴ്ചപ്പാടിലുള്ള ഒരു വിവാഹജീവിതം എന്റെ കാര്യത്തില്‍ നടക്കുമെന്ന് തോന്നുന്നുണ്ടോ; വിവാഹാലോചനകള്‍ ഒഴിവാക്കിയതിനെ കുറിച്ച് ഐശ്വര്യ ലക്ഷ്മി
Movie Day
അമ്മയുടെ കാഴ്ചപ്പാടിലുള്ള ഒരു വിവാഹജീവിതം എന്റെ കാര്യത്തില്‍ നടക്കുമെന്ന് തോന്നുന്നുണ്ടോ; വിവാഹാലോചനകള്‍ ഒഴിവാക്കിയതിനെ കുറിച്ച് ഐശ്വര്യ ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 12th February 2022, 3:43 pm

 

ഐശ്വര്യ ലക്ഷ്മി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അര്‍ച്ചന 31 നോട്ട് ഔട്ട്’ തിയേറ്ററിലെത്തിയിരിക്കുകയാണ്. അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരു സ്‌കൂള്‍ അധ്യാപികയായിട്ടാണ് ഐശ്വര്യ ലക്ഷ്മി എത്തുന്നത്. ഒരു 28 കാരിയുടെ വിവാഹവും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചില അപ്രതീക്ഷിത സംഗതികളിലൂടെയുമാണ് ചിത്രം മുന്നോട്ടു പോകുന്നത്.

സിനിമയിലെപ്പോലെ തന്നെ യഥാര്‍ത്ഥ ജീവിതത്തിലും തനിക്ക് വന്ന വിവാഹ ആലോചനകളെ കുറിച്ചും അതില്‍ നിന്നും ഒഴിവാകാനായി താന്‍ നടത്തിയ ചില ഇടപെടലുകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഐശ്വര്യ.

ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ ജീവിതത്തെ കുറിച്ചും തനിക്ക് വന്ന വിവാഹ ആലോചനകളെ കുറിച്ചുമൊക്കെ സംസാരിക്കുന്നത്.

‘എന്റെ അമ്മ ഇടക്കാലത്ത് അങ്ങനെയൊരു പരിശ്രമം നടത്തിയിരുന്നു. ചില ആലോചനകള്‍ വന്നിട്ടുമുണ്ടായിരുന്നു. അമ്മ ആദ്യം എന്റെ പേരില്‍ ഒരു പ്രൊഫൈല്‍ മാട്രിമോണി സൈറ്റില്‍ ഇട്ടു. ആള്‍ക്കാര്‍ക്ക് ഇത് ഞാനാണെന്ന് മനസിലാകുമെന്നും എനിക്ക് നാണക്കേടാണെന്നും പറഞ്ഞ് പ്രശ്‌നമാക്കിയപ്പോള്‍ അമ്മ അത് അമ്മയുടെ പേരിലാക്കി. എന്നിട്ടും ആലോചനകള്‍ വന്നിരുന്നു. കൊറോണയ്ക്ക് മുന്‍പായിരുന്നു ഇത്. പിന്നെ അവര്‍ക്ക് എന്റെ നിലപാട് എന്താണെന്ന് മനസിലായി. അത് അംഗീകരിക്കാന്‍ തയ്യാറായി. അങ്ങനെ ആ പരിപാടി അവിടെ സ്റ്റോപ്പായി.

പിന്നെ വിവാഹവുമായി ബന്ധപ്പെട്ട് ഞാന്‍ വളരെ ലോജിക്കലായിട്ടുള്ള ചില ചോദ്യങ്ങള്‍ അവരോട് ചോദിച്ചു. അതായത്, എന്നെക്കൊണ്ട് വേറൊരാളുടെ ഉത്തരവാദിത്തം കൂടി എടുക്കാന്‍ പറ്റുമെന്ന് അമ്മയ്ക്ക് തോന്നുന്നുണ്ടോ എന്നായിരുന്നു ഒരു ചോദ്യം.

രാവിലെ അലാം വെച്ചാല്‍ പോലും എഴുന്നേല്‍ക്കാത്ത എന്നെയാണോ കല്യാണം കഴിപ്പിച്ച് വിടാന്‍ പോകുന്നത്? എനിക്ക് ഇഷ്ടപ്പെടാത്ത കാര്യമാണെങ്കില്‍ ഞാന്‍ അത് അപ്പോള്‍ തന്നെ പറയുന്ന ആളാണ്. അങ്ങനെ പറയുമ്പോഴേക്ക് അമ്മയുടെ കാഴ്ചപ്പാടിലുള്ള ഒരു വിവാഹം ജീവിതം നടക്കുമെന്ന് തോന്നുന്നുണ്ടോ? പിന്നെ ഞാനെങ്ങനെ അറേഞ്ച്ഡ് മാര്യേജിന് പോകും? ഇങ്ങനെ ചില ചോദ്യങ്ങള്‍ ചോദിച്ചു.

പിന്നെ ഇതും കടന്ന് അമ്മ കൊണ്ടുവരുന്ന വിവാഹാലോചനങ്ങളുണ്ട്. അമ്മയ്ക്ക് അത്രയ്ക്കും ഇഷ്ടമായോ എന്ന് ഞാന്‍ ചോദിക്കും. അതെ എന്നു പറഞ്ഞാല്‍ എന്നാല്‍ അമ്മ കല്യാണം കഴിച്ചോ എന്ന് പറയും. അങ്ങനെ രണ്ട് മൂന്ന് തവണയായപ്പോഴേക്കും അമ്മ അത് നിര്‍ത്തി’, ഐശ്വര്യ ലക്ഷ്മി പറയുന്നു.

അര്‍ച്ചന 31 നോട്ട് ഔട്ടിലെ അര്‍ച്ചനയും താനും തമ്മില്‍ ചില കാര്യങ്ങളിലൊക്കെ സാമ്യതയുണ്ടെന്നും ഐശ്വര്യ അഭിമുഖത്തില്‍ പറയുന്നു. സ്ത്രീകളില്‍ ഉണ്ടാകുന്ന ചില ഇമോഷന്‍സ് ഉണ്ട്, നമ്മള്‍ കാത്തുസൂക്ഷിക്കണമെന്ന് കരുതുന്ന ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. അതിലൊക്കെ അര്‍ച്ചനയുമായി എനിക്ക് സാമ്യമുണ്ട്, ഐശ്വര്യ പറയുന്നു.

Content highlight: Actress Aiswarya Lekshmi About Archana 31 Not Out and marriage proposals