ലൊക്കേഷനിലേക്ക് ഷൂട്ടിന് പോയ്‌ക്കൊണ്ടിരിക്കെ ഫോണില്‍ വിളിച്ച് എന്നെ ചിത്രത്തില്‍ നിന്ന് മാറ്റിയതായി പറഞ്ഞിട്ടുണ്ട്: അതിഥി രവി
Entertainment news
ലൊക്കേഷനിലേക്ക് ഷൂട്ടിന് പോയ്‌ക്കൊണ്ടിരിക്കെ ഫോണില്‍ വിളിച്ച് എന്നെ ചിത്രത്തില്‍ നിന്ന് മാറ്റിയതായി പറഞ്ഞിട്ടുണ്ട്: അതിഥി രവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 12th June 2022, 6:15 pm

സിനിമാ മേഖലയിലെ വിജയ- പരാജയങ്ങളെ താന്‍ നേരിടുന്നതിനെക്കുറിച്ച് സംസാരിച്ച് നടി അതിഥി രവി. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

സിനിമയിലെ അപ് ആന്‍ഡ് ഡൗണുകളെ, വിജയ പരാജയങ്ങളെ എങ്ങനെ നോക്കിക്കാണുന്നു എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അതിഥി.

”എനിക്ക് ഇഷ്ടവും ഈ അപ്‌സ് ആന്‍ഡ് ഡൗണ്‍സ് ഉള്ളതാണ്. എങ്കിലേ ലൈവ് ആവുകയുള്ളൂ.

എന്റെ ആദ്യത്തെ സിനിമയും ഒരു തിയേറ്റര്‍ ഹിറ്റായിരുന്നില്ല. എന്താണ് വിജയമെന്നൊന്നും ഞാന്‍ കണ്ടിട്ടില്ല. തോല്‍വി ഞാന്‍ കണ്ടിട്ടുമുണ്ട്.

അതുപോലെ പല സിനിമകളും പറഞ്ഞത് പിന്നീട് മാറിയിട്ടുണ്ട്. ഒരു കുത്തനെ പോകുന്ന ഗ്രാഫ് ഒന്നും അല്ലായിരുന്നു എന്റേത്. ഇപ്പോഴും അപ്‌സ് ആന്‍ഡ് ഡൗണ്‍സൊക്കെ സ്വീകരിക്കാന്‍ അറിയാവുന്ന ആളാണ് ഞാന്‍.

എനിക്ക് അത് തന്നെയാണ് ഇഷ്ടവും. ബാക്ക് ടു ബാക്ക് ഹിറ്റ് മാത്രമേ ഉള്ളൂ, എന്നതിനോട് പേഴ്‌സണലി വലിയ താല്‍പര്യമില്ല. അങ്ങനെ പോകുന്തോറും ചെറിയ ഒരു ഡൗണ്‍ പോലും നമ്മളെ വല്ലാതെ ബാധിക്കുന്ന ഒരു കാലഘട്ടമാണിത്.

നമ്മള്‍ അത്ര സ്‌ട്രോങ് ആവില്ല. പരസ്യചിത്രങ്ങളുടെ ഫീല്‍ഡിലാണെങ്കിലും ചില പരസ്യമൊക്കെ പറഞ്ഞുവെച്ച് തലേദിവസം മാറ്റിയിട്ടുണ്ട്. ഷൂട്ടിന് വേണ്ടി ലൊക്കേഷനിലേക്ക് വന്നുകൊണ്ടിരുന്ന ഓണ്‍ ദ വേയില്‍ എന്നെ മാറ്റിയിട്ടുണ്ട്.

അതിഥീ, മാറിപ്പോയി വേറെ ഒരാളെ പെട്ടെന്ന് മാറ്റി, എന്ന് പറഞ്ഞിട്ടുണ്ട്. ഇതൊക്കെ അറിഞ്ഞ് വന്ന ഒരാളാണ്. അതുകൊണ്ട് പ്രശ്‌നമേയില്ല. ഒരു പടം ഇല്ല എന്ന് എന്നോട് പറഞ്ഞാലും ഞാന്‍ ഓക്കെയാണ്.

അങ്ങനെ ഒരു ചിന്തയോടെ മാത്രമേ സിനിമയെ സമീപിക്കാവൂ. ഏതെങ്കിലും ഒരു വ്യക്തി വഴി പടം കിട്ടും എന്ന് പ്രതീക്ഷിച്ച് ഒരിക്കലും ഈ ഇന്‍ഡസ്ട്രിയില്‍ വരരുത്. അങ്ങനെ ഒരു സൗഹൃദങ്ങളും ഇവിടെ നിലനിന്നിട്ടില്ല.

കൊവിഡ് ലോക്ഡൗണ്‍ വന്നപ്പോള്‍ വമ്പന്‍ താരങ്ങളുടെ പടങ്ങള്‍ വരെ റിലീസ് ചെയ്യാന്‍ പറ്റിയില്ല. സിനിമയുടെ കാര്യം അത്രയേ ഉള്ളൂ. അതൊക്കെ മനസില്‍ വെച്ച് ഈ ഫീല്‍ഡിലേക്ക് വന്നാല്‍ ഒരു പ്രശ്‌നവുമില്ല. എന്തൊക്കെയോ അമിതമായ പ്രതീക്ഷ വെക്കാതിരിക്കുക,” അതിഥി പറഞ്ഞു.

മോഹന്‍ലാല്‍- ജീത്തു ജോസഫ് ചിത്രം 12th മാന്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ എം. പത്മകുമാര്‍ ചിത്രം പത്താം വളവ് എന്നിവയാണ് അതിഥിയുടെ ഒടുവില്‍ റിലീസ് ചെയ്ത സിനിമകള്‍.

Content Highlight: Actress Aditi Ravi about the ups and downs in cinema