കാരവാനില്‍ വന്നപ്പോള്‍ ഇങ്ങോട്ട് മാറി നില്‍ക്കെന്ന് ഷൈന്‍ ചേട്ടന്‍; പണിയാകുമോ എന്തെങ്കിലും ചോദിക്കുമോ എന്നൊക്കെ ഞാന്‍ വിചാരിച്ചു: ആരാധ്യ ആന്‍
Entertainment news
കാരവാനില്‍ വന്നപ്പോള്‍ ഇങ്ങോട്ട് മാറി നില്‍ക്കെന്ന് ഷൈന്‍ ചേട്ടന്‍; പണിയാകുമോ എന്തെങ്കിലും ചോദിക്കുമോ എന്നൊക്കെ ഞാന്‍ വിചാരിച്ചു: ആരാധ്യ ആന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 10th November 2022, 6:41 pm

സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഭാരത് സര്‍ക്കസ്. ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു, ജാഫര്‍ ഇടുക്കി, ആരാധ്യ ആന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്. ആരാധ്യ ആന്‍ ആണ് ചിത്രത്തില്‍ ഫീമെയില്‍ ലീഡായി എത്തുന്നത്. സുനാമി, ഒരു പഴയ ബോംബ് കഥ തുടങ്ങിയ ചിത്രങ്ങളിലും ഇതിന് മുമ്പ് താരം അഭിനയിച്ചിട്ടുണ്ട്.

ആദ്യമായി ഷൈന്‍ ടോം ചാക്കോയുടെ കൂടെ അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ആരാധ്യ. ഷൈനിന്റെ കൂടെ അഭിനയിക്കാന്‍ തനിക്ക് പേടിയായിരുന്നുവെന്നും എന്നാല്‍ അഭിനയിക്കുമ്പോള്‍ എങ്ങനെയാണോ പെരുമാറുക അതുപോലെ തന്നെയാണ് സെറ്റിലുമെന്ന് താരം പറഞ്ഞു. വളരെ നാച്ചുറലായ വ്യക്തിയാണ് ഷൈനെന്നും ആരാധ്യ പറഞ്ഞു. സെല്ലുലോയ്ഡ് മാഗസീന് നല്‍കിയ അഭിമുഖത്തിലാണ് ഷൈനിനെക്കുറിച്ച് താരം പറഞ്ഞത്.

”ഷൈന്‍ ചേട്ടന്റെ കൂടെ അഭിനയിക്കാന്‍ എനിക്ക് ഭയങ്കര ടെന്‍ഷനായിരുന്നു. ഷൈന്‍ ചേട്ടന്‍ ശരിക്കും നല്ല സപ്പോര്‍ട്ടായിരുന്നു. ഓരോ കാര്യങ്ങള്‍ അദ്ദേഹം എടുത്ത് എടുത്ത് പറയും. അതായത് ഇങ്ങനെ ചെയ്താല്‍ നന്നാവുമെന്നൊക്കെ പറഞ്ഞു തരും. പക്ഷെ ഞാന്‍ പ്ലാന്‍ ചെയ്യുന്നത് അദ്ദേഹത്തിന് മനസിലാകും. പാട്ടില്‍ നടന്ന് വന്നിട്ട് ഒരു വീട്ടിലോട്ട് കേറുന്ന സീനുണ്ട്.

ആ സമയത്ത് അദ്ദേഹത്തിന് കാല് സുഖമില്ലാതിരിക്കുകയാണ്. അദ്ദേഹം നടന്ന് വരുന്ന ഭാഗത്ത് ഒരു മരത്തിന്റെ ചില്ല വീണ് കിടക്കുന്നുണ്ടായിരുന്നു. ഞാന്‍ അത് മാറ്റി ഇടാന്‍ നോക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു അയ്യോ മാറ്റിയിടല്ലെ ഷോട്ടില്‍ എനിക്ക് ഉപയോഗിക്കണമെന്ന്. എനിക്ക് കാര്യം മനസിലായില്ലായിരുന്നു.

ഷോട്ടില്‍ നോക്കുമ്പോള്‍ അദ്ദേഹം അത് തട്ടിമാറ്റി നടന്നുപോകുന്നു. എനിക്ക് ആദ്യം ചിരിയാണ് വന്നത് പിന്നെ എനിക്ക് ടെന്‍ഷനായിപ്പോയി. കാരണം നമ്മളും എന്തെങ്കിലും ചെയ്യണമല്ലോ. പിന്നെ അതിനെക്കുറിച്ച് അദ്ദേഹം ക്ലിയറായി പറഞ്ഞു തന്നു. ഓരോ സന്ദര്‍ഭത്തിലും ഇങ്ങനെ എന്തെങ്കിലും നമ്മള്‍ ചെയ്യണമെന്ന് അതൊക്കെ ആവശ്യമാണെന്ന്.

എനിക്ക് ഷൈന്‍ ചേട്ടനെ ആദ്യം കണ്ടപ്പോള്‍ ഭയങ്കര ടെന്‍ഷനായിരുന്നു. അദ്ദേഹം എന്തായിരിക്കും എന്നോട് വന്ന് പറയുക എന്നൊക്കെ ഓര്‍ത്തിട്ട് പേടിച്ചു. എന്നാല്‍ അദ്ദേഹം അഭിനയിക്കുമ്പോള്‍ നമ്മളോട് എങ്ങനെയാണോ സംസാരിക്കുക അതുപോലെ തന്നെയാണ് സെറ്റില്‍ ഇരിക്കുമ്പോളും സംസാരിക്കുക.

ഒരു ജാഡയുമില്ലാത്ത നാച്ചുറലായ ആളാണ് അദ്ദേഹം. ഫസ്റ്റ് ഞാന്‍ സെറ്റില്‍ എത്തിയപ്പോള്‍ ഇങ്ങോട്ട് മാറി നില്‍ക്ക് എന്ന് പറഞ്ഞു. ആദ്യം ഞാന്‍ വിചാരിച്ചു പണിയാകുമോ എന്നോട് എന്തെങ്കിലും ചോദിക്കുമോ എന്നൊക്കെയാണ് വിചാരിച്ചത്. എന്നാല്‍ അദ്ദേഹം അടിപൊളിയാണ്,” ആരാധ്യ പറഞ്ഞു.

ബെസ്റ്റ് വേ എന്റര്‍ടൈയ്ന്‍മെന്റിന്റെ ബാനറില്‍ അനൂജ് ഷാജിയാണ് ചിത്രം നിര്‍മിക്കുന്നത്. സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, പ്രജോദ് കലാഭവന്‍, സുനില്‍ സുഖദ, ജയകൃഷ്ണന്‍, ലാലി പി.എം. തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.

content highlight: actress aaradhya aan shares an experience with shine tom chakko