ദക്ഷിണാഫ്രിക്കയുടെ വംശഹത്യാ കേസിന് പിന്തുണ; ഗെയിം ഓഫ് ത്രോണ്‍സിലെ അഭിനേതാക്കള്‍ ഉള്‍പ്പെടെ രംഗത്ത്
World News
ദക്ഷിണാഫ്രിക്കയുടെ വംശഹത്യാ കേസിന് പിന്തുണ; ഗെയിം ഓഫ് ത്രോണ്‍സിലെ അഭിനേതാക്കള്‍ ഉള്‍പ്പെടെ രംഗത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th January 2024, 4:00 pm

ലണ്ടന്‍: ഇസ്രഈലിനെതിരായി അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ദക്ഷിണാഫ്രിക്ക നല്‍കിയ വംശഹത്യാ കേസിന് പിന്തുണ നല്‍കി പ്രമുഖ കലാകാരന്മാര്‍. ‘ഗെയിം ഓഫ് ത്രോണ്‍സ്’ എന്ന പരമ്പരയിലെ സൂസന്‍ സരണ്ടന്‍, ‘സെക്സ് ആന്‍ഡ് ദി സിറ്റി’ താരം സിന്തിയ നിക്സണ്‍, ചാള്‍സ് ഡാന്‍സ്, കാരിസ് വാന്‍ ഹൗട്ടന്‍, ലെന ഹെഡി എന്നിവരുള്‍പ്പെടെയുള്ള അഭിനേതാക്കളാണ് ഗസയിലെ ഫലസ്തീനികളെയും ദക്ഷിണാഫ്രിക്കയ്ക്കും പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത്.

ഗസയില്‍ ഇസ്രഈലി ഭരണകൂടവും സൈന്യവും നടത്തിയ വംശഹത്യാപരമായ ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ദക്ഷിണാഫ്രിക്കയ്ക്ക് ബോധ്യമുണ്ടെന്ന് ഗെയിം ഓഫ് ത്രോണ്‍സില്‍ അഭിനയിച്ച ഐറിഷ് നടന്‍ ലിയാം കണ്ണിങ്ഹാം പറഞ്ഞു.

ഗസയിലെ ഫലസ്തീനികള്‍, ഭൗതിക വസ്തുക്കള്‍, ചരിത്രസ്മാരകങ്ങള്‍, ശാസ്ത്രം, മതം, വിദ്യാഭ്യാസം, കല, ആശുപത്രികള്‍, അഭയാര്‍ത്ഥി ക്യാമ്പുകള്‍ അടക്കമുള്ളവയെ ഇസ്രഈലി സൈന്യം മനഃപൂര്‍വം ലക്ഷ്യം വെക്കുന്നതായി കണ്ണിങ്ഹാം കൂട്ടിച്ചേര്‍ത്തു.

29ഓളം കലാകാരന്മാര്‍ ഇസ്രഈലിന്റെ നിലപാടുകള്‍ക്കും നയങ്ങള്‍ക്കെതിരെയും ശക്തമായി ആഞ്ഞടിച്ചു. സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോ ലോകമെമ്പാടുമുള്ള കലാകാരന്മാര്‍ പങ്കുവെക്കുകയും ഗാസയിലെ ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

വെള്ളിയാഴ്ച യു.കെയിലെ ഫലസ്തീന്‍ ഫെസ്റ്റിവല്‍ ഓഫ് ലിറ്ററേച്ചറില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കൊളോണിയലിസത്തെ ചെറുക്കുന്ന ഭാഷയ്ക്കും ആശയങ്ങള്‍ക്കും പിന്തുണ നല്‍കിക്കൊണ്ടുള്ള ഒരു വീഡിയോ കലാകാരന്മാര്‍ റിലീസ് ചെയ്യുകയുണ്ടായി.

വീഡിയോയില്‍ ആദ്യമായി കാണിക്കുന്നത് ഇസ്രഈലിനെതിരായ ദക്ഷിണാഫ്രിക്കയുടെ 84 പേജ് വരുന്ന കുറ്റപത്രം കലാകാരന്മാര്‍ വായിക്കുന്നതായിട്ടാണ്. തുടര്‍ന്ന് ഒക്ടോബര്‍ ഏഴിന് ഇസ്രഈലില്‍ ഹമാസ് നടത്തിയ പ്രത്യാക്രമണത്തിന് മറുപടിയായി വംശഹത്യ തടയുന്നതിനും ശിക്ഷിക്കുന്നതിനുമുള്ള കണ്‍വെന്‍ഷന്‍ ലംഘിച്ചുകൊണ്ട് ഇസ്രഈലി സൈന്യം ഗസയില്‍ വ്യോമാക്രമണവും ബോംബാക്രമണവും നടത്തുന്നതാണ്.

Content Highlight: Actors from Game of Thrones are on the scene in support of the genocide case against Israel