വിവേകിന്റെ മരണകാരണം കൊവിഡ് വാക്‌സിനല്ല; റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
Movie Day
വിവേകിന്റെ മരണകാരണം കൊവിഡ് വാക്‌സിനല്ല; റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 22nd October 2021, 2:23 pm

ചെന്നൈ: നടന്‍ വിവേകിന്റെ മരണവുമായി ബന്ധപ്പെട്ടുയര്‍ന്ന ദുരൂഹതകള്‍ അവസാനിക്കുന്നു. കൊവിഡ് വാക്സിന്‍ സ്വീകരിച്ച് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു വിവേകിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വിവേകിന്റെ മരണത്തിന് കാരണം വാക്സിനെടുത്തതാണെന്ന തരത്തില്‍ വ്യാപക പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാല്‍ വിവേകിന്റെ മരണകാരണം ഹൃദയാഘാതമാണെന്നും വാക്സിനുമായി ബന്ധമില്ലെന്നുമാണ് ഇപ്പോള്‍ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിലെ ഇമ്മ്യൂണൈസേഷന്‍ വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. വാക്സിന്‍ സുരക്ഷിതമാണെന്നും ആശങ്ക വേണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവേകിന്റെ മരണത്തിന് പിന്നാലെ വിഴുപുരം സ്വദേശിയായ ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന് ഹരജി സമര്‍പ്പിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു അന്വേഷണം പ്രഖ്യാപിച്ചത്.

കൊവിഡ് വാക്‌സിനെടുത്തതിന് ശേഷമാണ് മരണം സംഭവിച്ചതെന്ന് ചിലര്‍ പ്രചാരണം നടത്തുമ്പോള്‍ പൊതുജനങ്ങളുടെ ആശങ്ക ദുരീകരിക്കേണ്ടതുണ്ടെന്നായിരുന്നു ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

2021 ഏപ്രില്‍ 20ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു വിവേകിന്റെ മരണം. 19ാം തിയതി രാവിലെ പത്തര മണിയോടെ ചെന്നൈ സാലിഗ്രാമിലെ വസതിയില്‍ കുടുംബാംഗങ്ങളുമായി സംസാരിച്ചു കൊണ്ടിരിക്കെ വിവേകിന് നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെടുകയായിരുന്നു.

അബോധാവസ്ഥയിലായിരുന്ന വിവേകിനെ ഭാര്യയും മകളും വടപളനിയിലെ സിംസ് ആശുപത്രിയിലെത്തിക്കുകയും ഹൃദയത്തിലെ ഇടത് രക്തക്കുഴലിലുണ്ടായിരുന്ന തടസ്സം ആന്‍ജിയോപ്ലാസ്റ്റി വഴി നീക്കം ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് ആരോഗ്യനില വഷളായതോടെയാണ് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

തലേദിവസമായിരുന്നു വിവേക് ഓമന്തൂരിലെ ഗവ. ആശുപത്രിയില്‍ നിന്ന് കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് കുത്തിവെപ്പ് എടുത്തത്.
വിവേകിനുണ്ടായ ഹൃദയാഘാതത്തിന് കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പുമായി ബന്ധമില്ലെന്നും പരിശോധനയില്‍ നെഗറ്റിവാണ് ഫലമെന്നും തമിഴ്‌നാട് ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. ജെ. രാധാകൃഷ്ണന്‍ അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Vivek’s death not related to vaccine, Union govt’s AEFI panel confirms