മലയാള സിനിമയില്‍ തന്റേതായ കഴിവിനാല്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് വിനീത്. 1986ല്‍ പുറത്തിറങ്ങിയ നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് വിനീത് ശ്രദ്ധിക്കപ്പെട്ടത്. അഭിനയത്തോടൊപ്പം നൃത്തകലയിലെ അദ്ദേഹത്തിന്റെ സാന്നിധ്യവും ശ്രദ്ധയമാണ്. ഇപ്പോൾ തിയേറ്ററില്‍ തരംഗം സൃഷ്ട്ടിച്ച എക്കോയിലുടെ വീണ്ടും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് വിനീത്.
സിനിമകളിലെ പാട്ടിലൂടെയാണ് ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസില്‍ എത്തുകയെന്നും ‘രാവിന്‍ നിലാ കായല്‍’ എന്ന പാട്ടിലൂടെ തനിക്കൊരു സൈക്കോ ഇമേജാണ് ഉണ്ടായതെന്നും വിനീത് പറയുന്നു. ‘മഴവില്ല്’ സിനിമയില്‍ തനിക്ക് അത്തരമൊരു കഥാപാത്രമാണ് കിട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘സിനിമയില്‍ പാട്ടിന് വലിയ പ്രാധാന്യമാണുള്ളത്. പാട്ടിലൂടെയുമാണ് ഓരോ കഥാപാത്രങ്ങളെയും, ഓരോ നടീ നടന്മാരെയും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുക. അത്തരം ഒരു പാട്ടാണ് മഴവില്ല് സിനിമയിലെ ‘രാവിന്‍ നിലാ കായല്‍’ എന്ന് തുടങ്ങുന്ന പാട്ട്. എല്ലാ മലയാളികളുടെയും ഉള്ളില്‍ എന്നും ഈ പാട്ട് നിലനില്‍ക്കുന്നതാണ്,’ വിനീത് പറഞ്ഞു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കൈതപ്രത്തിന്റെ വരികള്‍ക്ക് മോഹന്‍ സിതാര സംഗീതം നല്‍കി, കെ.ജെ. യേശുദാസും കെ.എസ്. ചിത്രയും ചേര്‍ന്ന് ആലപിച്ച ഗാനമാണ് രാവിന്‍ നിലാ കായല്‍. ഈ പാട്ടിലൂടെയാണ് വിനീത് അവതരിപ്പിച്ച വിജയ് കൃഷ്ണന്‍ എന്ന കഥാപാത്രം പൂര്‍ണ്ണമായും ഒരു സൈക്കിക്ക് ക്യാരക്ടര്‍ ആയി മാറുന്നത്. ഈ പാട്ട് കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് തന്നെ വില്ലനായിട്ടായിരിക്കും ഓര്‍മ വരികയെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.
ദിനേശ് ബാബു സംവിധാനം ചെയ്ത ഈ സിനിമ പ്രേക്ഷകപ്രീതി ഏറ്റുവാങ്ങുകയും ചെയ്തു. ഒരു സംവിധായന്‍ എന്നതിനേക്കാളുപരി സിനിമാറ്റോഗ്രഫി, ലൈറ്റിങ് തുടങ്ങി എല്ലാ കാര്യങ്ങളിലും തന്റേതായ കയ്യൊപ്പ് കൊണ്ടുവരുന്ന, ഇക്കാര്യങ്ങളെല്ലാം വളരെ ഇഷ്ടത്തോടെ ചെയ്യുന്ന ഒരു വ്യക്തിയുമാണ് ദിനേശ് ബാബു. എല്ലാ കാര്യങ്ങളും അത്രയും ഓര്‍ഗനൈസ്ഡ് ആയി ചെയ്യുന്ന ഒരു സംവിധാകന്‍ കൂടിയാണ് അദ്ദേഹമെന്നും വിനീത് പറയുന്നു.
Content Highlight: Actor vineeth talks about movie songs and importants