മതവും വിശ്വാസവും ബഹുമാനിക്കണം; പെർഫോമൻസിന് വലിയ പ്രാധാന്യമുള്ള സിനിമയായാലും സംവിധായകന്റെ വിഷനും ഉദ്ദേശവും നല്ലതായിരിക്കണം: വിനീത്
Malayalam Cinema
മതവും വിശ്വാസവും ബഹുമാനിക്കണം; പെർഫോമൻസിന് വലിയ പ്രാധാന്യമുള്ള സിനിമയായാലും സംവിധായകന്റെ വിഷനും ഉദ്ദേശവും നല്ലതായിരിക്കണം: വിനീത്
നന്ദന എം.സി
Thursday, 26th February 2026, 2:51 pm

കേരളത്തെ മനപ്പൂർവം കരിവാരിത്തേക്കുകയെന്ന ലക്ഷ്യത്തോടെ നിർമിച്ച ദി കേരള സ്റ്റോറി എന്ന ചിത്രത്തിനെതിരെ ഉയർന്ന വിവാദങ്ങൾ ഇപ്പോഴും ചർച്ചകളിൽ തുടരുകയാണ്. സാധാരണക്കാരും പ്രമുഖരുമടക്കം നിരവധി പേർ സിനിമയ്‌ക്കെതിരെ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ തന്റെ നിലപാട് തുറന്നുപറഞ്ഞിരിക്കുകയാണ് നടൻ വിനീത്.

മലയാള സിനിമയിൽ കാണുന്ന യാഥാർത്ഥ്യങ്ങളിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ കേരളത്തെയും മലയാളികളെയും മറ്റ് ഇൻഡസ്ട്രികളിലെ സിനിമകൾ ആവതരിപ്പിക്കുന്നതായി കാണപ്പെടുന്നു. അടുത്തിടെ വിവാദമായ ‘കേരള സ്റ്റോറി’യെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളെക്കുറിച്ചും അത്തരമൊരു കഥയുമായി ആരെങ്കിലും സമീപിച്ചാൽ എങ്ങനെ പ്രതികരിക്കുമെന്ന ചോദ്യത്തോടുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ദി കേരള സ്റ്റോറി , Photo: IMDb

‘ആദ്യം അതിന്റെ ആധികാരികത നോക്കും. ശേഷം ആ കഥ എനിക്ക് എത്രത്തോളം കംഫോർട്ടബിളാണെന്ന് പരിശോധിക്കും. പൊതുവെ വളരെ വിവാദപരമായതോ സമൂഹത്തിലെ ഏതെങ്കിലും വിഭാഗത്തിന് അസ്വസ്ഥത സൃഷ്ടിക്കുന്നതോ ആയ കാര്യങ്ങൾ ചെയ്യാൻ എനിക്ക് കഴിയില്ല. ആളുകളുടെ സെന്റിമെന്റ്സിനെ വേദനിപ്പിക്കരുത്. മതമാണെങ്കിലും വിശ്വാസമാണെങ്കിലും എല്ലാവരെയും ബഹുമാനിക്കണം. അതൊരു ആർട്ടിസ്റ്റിന്റെ ധർമവും ഉത്തരവാദിത്തവും ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത്,’ വിനീത് പറഞ്ഞു.

ഒരു സിനിമ പെർഫോമൻസിന് വലിയ പ്രാധാന്യമുള്ളതായാലും സംവിധായകന്റെ വിഷനും ഉദ്ദേശവുമാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


‘നമ്മൾ ‘എക്കോ’ എടുത്ത് നോക്കിയാലും എന്റെ കഥാപാത്രം മ്ലാത്തിയോട് പരുഷമായി പെരുമാറുന്നുണ്ടെങ്കിലും അതിലും ഒരു മാന്യതയുണ്ട്. എന്ത് ചെയ്താലും സമൂഹത്തെ വേദനിപ്പിക്കാതെ ബഹുമാനിച്ചുകൊണ്ട് ചെയ്യണമെന്നതാണ് എന്റെ പ്രിൻസിപ്പിൽ,’ അദ്ദേഹം പറഞ്ഞു.

ദി കേരള സ്റ്റോറി , Photo: YouTube/ Screengrab

ഒരു നടനെന്നതിലുപരി വ്യക്തി എന്ന നിലയിലുള്ള കമ്മിറ്റ്മെന്റ് വിനീതിന്റെ വാക്കുകളിൽ പ്രകടമാണ്. പച്ചയ്ക്ക് നുണ പ്രചരിപ്പിക്കുന്ന സിനിമകളെ എങ്ങനെ അകറ്റിനിർത്തണം എന്നത് അദ്ദേഹം സഭ്യമായ ഭാഷയിൽ വ്യക്തമാക്കിയെന്നും പ്രതികരണങ്ങൾ ഉയർന്നു.

‘ദി കേരള സ്റ്റോറി’ പോലെയുള്ള സിനിമകൾക്കെതിരെ വിമർശനം ശക്തമായ സാഹചര്യത്തിൽ, തെറ്റും ശരിയും തിരിച്ചറിയാൻ കഴിയുന്ന കലാകാരന്മാർ ഉള്ളതാണ് മലയാള സിനിമയുടെ കരുത്തും ആത്മവിശ്വാസമെന്നും പ്രേക്ഷകർ പങ്കുവെക്കുന്നു.

Content Highlight: Actor Vineeth talk about the movie ‘The Kerala Story’

 

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.