വ്യക്തിപരമായ ജീവിതം പൊട്ടിത്തകര്‍ന്നിരിക്കുകയാണെന്നും നിലവില്‍ താന്‍ നൂറ് ശതമാനം അഭിനേതാവ് മാത്രമാണെന്നും നടന്‍ വിനായകന്‍. കളങ്കാവല്‍ സിനിമയുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
‘പൊതുമധ്യത്തില്‍ സംസാരിക്കാന്‍ ഇഷ്ടമുള്ള ആളാണ് ഞാന്‍ പക്ഷേ കുറച്ചു കാലങ്ങളായി എല്ലാത്തില്‍ നിന്നും വലിഞ്ഞു ജീവിക്കുകയാണ്. കാരണം എനിക്ക് ആളുകളെ ഡീല്‍ ചെയ്യാന്‍ അറിയില്ല. എന്റെ യഥാര്‍ത്ഥ ജീവിതം പൊട്ടിയിരിക്കുകയാണ്. ഞാനിപ്പോള്‍ നൂറ് ശതമാനം ഒരു സെലിബ്രിറ്റി ആണ്. ഈ പ്രശ്‌നം എനിക്ക് കൈകാര്യം ചെയ്യാന്‍ പറ്റുന്നില്ല. കാരണം എന്റെ സ്വഭാവം അതിനനുസരിച്ച് മാറുന്നില്ല. ഞാന്‍ ജനിച്ച് വളര്‍ന്ന് വന്ന സ്വഭാവമാണ് ഇപ്പോഴുമുള്ളത്. പക്ഷേ ജനങ്ങള്‍ എന്നെ കാണുന്ന രീതി മാറി.
photo:vinayakan/kammattipadam
ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം വീട്ടിലിരിക്കുക എന്നതാണ്. ഇല്ലെങ്കില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്. ഇപ്പോള്‍ തന്നെ മരണം വരെയുള്ള കേസുണ്ട്. മാറിനില്‍ക്കണം അല്ലെങ്കില്‍ ഞാന്‍ മരിക്കേണ്ടി വരും. ഇപ്പോള്‍ അമ്പത് വയസ്സായി ഇനി ഒരു പത്ത് വര്‍ഷം കൂടിയെ ഉള്ളൂ എന്റെ കണക്ക് പ്രകാരം. അതിനു ശേഷവും ജീവിക്കുകയാണെങ്കില്‍ ഒരു മ്യുസീഷനാവണം എന്നാണ് എന്റെ ആഗ്രഹം’ വിനായകന്‍ പറയുന്നു.
2016 ല്‍ രാജീവ് രവിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കമ്മട്ടിപ്പാടം എന്ന ചിത്രത്തില്‍ ‘പുഴു പുലികള്‍’ എന്ന ഗാനത്തിന്റെ സംഗീതം നിര്‍വ്വഹിചിരിക്കുന്നത് വിനായകനാണ്. 2020 ല്‍ അന്‍വര്‍ റഷീദ് സംവിധാനത്തില്‍ ഫഹദ് ഫാസില്‍ നായകനായ ട്രാന്‍സ് എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്ക് കംമ്പോസ് ചെയ്തതും വിനായകനായിരുന്നു.
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ജിതിന്‍ കെ ജോസ് സംവിധാനം ചെയത് മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന കളങ്കാവലാണ് വിനായകന്റെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. രജിഷ വിജയന്‍, ജിബിന്‍ ഗോപിനാഥ്, ബിജു പപ്പന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഡിസംബര്‍ 5 ന് തിയേറ്ററുകളിലെത്തും. മമ്മൂട്ടി പ്രതിനായകനായെത്തുന്നുവെന്ന പ്രത്യേകതയുള്ള ചിത്രത്തിന് വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
Content Highlight: Actor vinayakn talks about his personal life