സമീപകാലത്ത് തമിഴ് സിനിമാലോകം ഏറെ ചര്‍ച്ച ചെയ്ത വിഷയമാണ് സൂപ്പര്‍ താരം വിജയ്‌യുടെ രാഷ്ടീയപ്രവേശം. തമിഴക വെട്രി കഴകം എന്ന പേരില്‍ രാഷ്ടീയ പാര്‍ട്ടി രൂപികരിച്ച് വരാനിരിക്കുന്ന തമിഴ്‌നാട് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് താരം ഇതിനോടകം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.
ഇപ്പോഴിതാ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് താരത്തിന്റെ പിതാവായ എസ്.എ. ചന്ദ്രശേഖറിന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചചെയ്യപ്പെടുന്നത്. വിജയിക്ക് സിനിമയില്‍ അഭിനയിച്ച് ഒരുപാട് സമ്പാദിക്കാമായിരുന്നുവെന്നും അത് വേണ്ടെന്നുവെച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത് ജനങ്ങളെ സേവിക്കാനാണെന്നും പറയുകയാണ് നിര്‍മാതാവും സംവിധായകനുമായ ചന്ദ്രശേഖര്‍.
വിജയ്.Photo: Actor vijay team/ x.com
ചെന്നൈയില്‍ നടന്ന ബിഹൈന്‍ഡ്‌വുഡ്‌സ് ഗോള്‍ഡ് മെഡല്‍ ചടങ്ങില്‍ സംസാരിക്കവെയായിരുന്നു പ്രതികരണം.
‘വിജയ്‌യെ സംബന്ധിച്ച് പണം മാത്രമല്ല ജീവിതം. അദ്ദേഹത്തിന് വേണമെങ്കില്‍ സിനിമയില്‍ മാത്രം അഭിനയിച്ച് എത്ര പണം വേണമെങ്കിലും സമ്പാദിക്കാമായിരുന്നു. നിങ്ങളുടെ ടി.വി.കെ. തലവനെക്കുറിച്ചാണ് പറയുന്നത്. പക്ഷേ അതെല്ലാം വിട്ടിട്ട് നിങ്ങള്‍ക്ക്, ഈ തമിഴ്‌നാടിന് വേണ്ടി സേവനം ചെയ്യണം എന്ന ആഗ്രഹത്തോടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്.
അദ്ദേഹത്തിന്റെ മനസില്‍ അങ്ങനെയൊരു ആഗ്രഹം ഉരുത്തിരുഞ്ഞ് വന്നതിന് ഒരു കാരണമുണ്ടായേക്കാം. വിജയ് അഭിനയിച്ച സിനിമകളും ഇതില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടാകാം. ലവ് ഴോണറുകള്‍ അഭിനയിക്കുന്നതുപോലെ സമൂഹത്തിന് വേണ്ടി നന്മ ചെയ്യുന്ന കഥാപാത്രം ഒരുപാട് സിനിമകളില്‍ അഭിനയിച്ച് അദ്ദേഹത്തിന്റെ മനസില്‍ അങ്ങനെയൊരു ചിന്ത ഉണ്ടായതാകാം,’ ചന്ദ്രശേഖര്‍ പറഞ്ഞു.
എം.ജി.ആര്‍. അത്തരത്തില്‍ സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടി സിനിമകള്‍ ചെയ്ത് രാഷ്ട്രീയത്തിലേക്ക് എത്തിയയാളാണെന്നും അദ്ദേഹത്തിന്റെ ആ കാലഘട്ടത്തിലെ സിനിമകള്‍ കള്‍ട്ട് ഫിലിമുകളാണെന്നും ഒരു കവിത പോലെയാണെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. ഇത്തരത്തില്‍ അഭിനേതാക്കളുടെ മനസില്‍ സമൂഹിക ഉന്നമനം ഉണര്‍ത്തുന്നതില്‍ സംവിധായകര്‍ക്ക് പങ്കുണ്ടെന്നും എ.ആര്‍.മുരുഗോദാസ് ഇവരില്‍ പ്രധാനിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ പ്രവേശത്തോടെ സിനിമയില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കുന്ന വിജയ്‌യുടെ അവസാനമായി വരാനിരിക്കുന്ന ചിത്രം എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ജന നായകന്‍ ആണ്. പൊങ്കല്‍ റിലീസായി ജനുവരി ഒമ്പതിന് എത്തുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. കഴിഞ്ഞ മാസം പുറത്തെത്തിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം വലിയ രീതിയില്‍ വൈറലായിരുന്നു.
വണ്‍ ലാസ്റ്റ് ഡാന്‍സ് എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡെ, ബോബി ഡിയോള്‍, മമിത ബൈജു, പ്രകാശ് രാജ് തുടങ്ങി വമ്പന്‍ താരനിര അണിനിരക്കുന്നുണ്ട്.
Content Highlight: actor vijay’s father s.a. chandrashekhar talks about vijay’s politics