കണ്ണൂര്‍: നാടിന്റെ വികസനത്തിനായാണ് താന്‍ വോട്ട് രേഖപ്പെടുത്തിയതെന്നും നിലവിലെ ഭരണം തുടരുമെന്നാണ് വിശ്വാസമെന്നും നടന്‍ ഉണ്ണിരാജ. നിലവിലെ സാഹചര്യത്തില്‍ ഒരു ഭരണമാറ്റത്തിന് സാധ്യതയുണ്ടെന്ന് തോന്നുന്നില്ലെന്നും ഉണ്ണിരാജ മാധ്യമങ്ങളോട് പറഞ്ഞു.
‘നാടിന്റെ വികസനത്തിനാണ് വോട്ട്, അതില്‍ സംശയമില്ല. ഞാന്‍ ഒന്നു മുതല്‍ ഏഴു വരെ പഠിച്ചത് ഈ ഗവണ്‍മെന്റ് ഹൈസ്‌കൂളിലാണ്. പഠിച്ച കാലവും ഇപ്പോഴത്തെ കാലവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. പണ്ട് എന്റെ അമ്മമ്മ സ്ഥാനാര്‍ത്ഥി ആരാണെന്ന് പോലും നോക്കാതെ ഒരു ചിഹ്നം മാത്രം നോക്കി വോട്ട് ചെയ്തിരുന്ന കാലമുണ്ടായിരുന്നു.
എന്നാല്‍ ഇന്ന് കാലം മാറി. എന്റെ വീട്ടില്‍ തന്നെയുള്ള മകനോട് നീ ആര്‍ക്കാണ് വോട്ട് ചെയ്യുന്നത് എന്ന് ചോദിച്ചാല്‍, ‘അത് അച്ഛന്‍ പറയേണ്ട കാര്യമില്ല, എനിക്ക് ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് കൃത്യമായി അറിയാം’ എന്നാണ് പറയുന്നത്. അത് ഒരാളുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്,’ ഉണ്ണിരാജ പറഞ്ഞു.
സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് നൂറോളം സിനിമകളില്‍ അഭിനയിച്ചു എന്നത് കൊണ്ട് മാത്രം ഒരു സ്ഥാനാര്‍ത്ഥിയാകാന്‍ താല്പര്യമില്ലെന്നായിരുന്നു ഉണ്ണിരാജയുടെ മറുപടി.
രാഷ്ട്രീയം എന്നത് പൊതുജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലേണ്ട ഒരു കാര്യമാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയുന്നവനും, നാടും മണ്ണും മനസ്സും അറിഞ്ഞവനുമാകണം ഒരു പൊതുപ്രവര്‍ത്തകന്‍. അതൊരു വലിയ ഉത്തരവാദിത്തമാണ്.
കലാകാരന്‍ ആയതുകൊണ്ട് മാത്രം ഒരാള്‍ പൊതുപ്രവര്‍ത്തകന്‍ ആകണമെന്നില്ല. സിനിമാക്കാര്‍ എല്ലാ പക്ഷത്തും സ്ഥാനാര്‍ത്ഥികളായിട്ടുണ്ട്, വിജയിച്ചിട്ടുമുണ്ട് തോറ്റിട്ടുമുണ്ട്. എന്നാല്‍ എനിക്ക് അതിനോട് വലിയ താല്പര്യം തോന്നുന്നില്ല.
നമ്മുടെ നാട്ടില്‍ ഒരുപാട് നല്ല പൊതുപ്രവര്‍ത്തകരുണ്ട്. പല പാര്‍ട്ടികള്‍ക്ക് വേണ്ടി ജീവിതം പോരാടിത്തീര്‍ത്തവര്‍, എന്നാല്‍ ഒടുവില്‍ മാറ്റിനിര്‍ത്തപ്പെട്ടവര്‍ അങ്ങനെയുള്ള നിരവധി പേരെ എനിക്കറിയാം. ഒരു സ്ഥാനത്തും എത്താന്‍ സാധിച്ചില്ലെങ്കിലും ഇന്നും ആ പ്രസ്ഥാനങ്ങളെ നെഞ്ചോട് ചേര്‍ത്തുപിടിച്ചു കൂടെ നില്‍ക്കുന്നവരാണവര്‍, ഉണ്ണിരാജ പറഞ്ഞു.
Content Highlight: Actor unni raja about Kerala Assembly Election