മാളികപ്പുറം സിനിമയെക്കുറിച്ച് വീഡിയോ ചെയ്തതിന് യൂട്യൂബറെ ഫോണില്‍ വിളിച്ച് അധിക്ഷേപിച്ച് ഉണ്ണി മുകുന്ദന്‍; വീഡിയോ വൈറല്‍
Entertainment news
മാളികപ്പുറം സിനിമയെക്കുറിച്ച് വീഡിയോ ചെയ്തതിന് യൂട്യൂബറെ ഫോണില്‍ വിളിച്ച് അധിക്ഷേപിച്ച് ഉണ്ണി മുകുന്ദന്‍; വീഡിയോ വൈറല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 26th January 2023, 9:26 am

ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം എന്ന ചിത്രത്തെ വിമര്‍ശിച്ച് വീഡിയോ ചെയ്തതിന് യൂട്യൂബര്‍ സായ് കൃഷ്ണയെ വിളിച്ച് നടന്‍ മോശമായി സംസാരിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

സീക്രട്ട് ഏജന്റ് എന്ന യൂട്യൂബ് ചാനലിലാണ് മാളികപ്പുറം സിനിമയെക്കുറിച്ച് വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. ഇതിനെ തുടര്‍ന്നാണ് നടന്‍ നേരിട്ട് വിളിച്ച് തെറി പറയുന്നതായി കാണുന്നത്. യൂട്യൂബറും നടനും തമ്മില്‍ സംസാരിക്കുന്ന വീഡിയോ ഇന്നലെ മുതലാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.

അരമണിക്കൂറോളമുള്ള വീഡിയോയില്‍ യൂട്യൂബറും നടനും പരസ്പരം തെറി വിളിക്കുന്നതായി  കാണാം. മാളികപ്പുറം സിനിമയുമായ് ബന്ധപ്പെട്ട് വീഡിയോ ചെയ്തിട്ടുണ്ടെന്നും തന്നെ സമാജം സ്റ്റാര്‍ എന്ന് വിളിച്ചുവെന്നുമാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.

സിനിമയെ റിവ്യൂ ചെയ്തതിനും അഭിപ്രായം പറഞ്ഞതിനുമാണ് തന്നെ ഉണ്ണി മുകുന്ദന്‍ തെറി വിളിച്ചതെന്നാണ് യൂട്യൂബര്‍ പറയുന്നത്. വീഡിയോയുടെ അവസാന ഭാഗത്തോട് അടുക്കുമ്പോള്‍ പ്രകോപിതനായ നടന്‍ ഫോണ്‍ കട്ട് ചെയ്ത് പോകുന്നുണ്ട്.

തന്റെ അച്ഛനെയും അമ്മയേയും കുറിച്ച് മോശമായി പറഞ്ഞത് കൊണ്ടാണ് താന്‍ അത്തരത്തില്‍ പെരുമാറിയതെന്നാണ് താരം ഇപ്പോള്‍ പറയുന്നത്. തെറ്റ് സംഭവിച്ചു എന്നൊന്നും താന്‍ പറയുന്നില്ലെന്നും പക്ഷെ ഇന്നലെ ആ വ്യക്തിയെ, 15 മിനിറ്റിനു ശേഷം വിളിച്ചു മാപ്പു ചോദിച്ചുവെന്നും തിരിച്ചു അദ്ദേഹം തന്നോടും മാപ്പ് പറഞ്ഞിരുന്നുവെന്നും ഉണ്ണി മുകുന്ദന്‍ നടന്ന സംഭവം വിശദീകരിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

യൂട്യൂബര്‍ തന്നെയാണ് ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. നിമിഷ നേരം കൊണ്ട് വീഡിയോ വൈറലാവുകയായിരുന്നു. പിന്നീട് യൂട്യൂബറുടെ അക്കൗണ്ടില്‍ നിന്നും വീഡിയോ റിമൂവ് ചെയ്യപ്പെട്ടെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പലരും പ്രചരിപ്പിച്ചിരുന്നു.

ദേശീയവാദമാണ് തന്റെ മനസില്‍ എപ്പോഴും ഉള്ളതെന്നും സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ തമാശക്ക് പോലും രാജ്യത്തെക്കുറിച്ച് പറഞ്ഞാല്‍ അവരുമായിട്ട് വഴക്കിടുമെന്നും ഉണ്ണി മുകുന്ദന്‍ നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

”എന്റെ സ്വഭാവം വെച്ചിട്ട് ഞാന്‍ ഭയങ്കര സ്ട്രേറ്റ് ഫോര്‍വേര്‍ഡാണ്. മനസില്‍ തോന്നുന്നതെല്ലാം ഞാന്‍ പറയാറുണ്ട്. ദേശീയവാദമാണ് എന്റെ മനസില്‍ എപ്പോഴും ഉള്ളത്. ഞാന്‍ ഭയങ്കര ദേശീയവാദിയാണ്. നമ്മള്‍ സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ തമാശക്ക് പോലും നിങ്ങള്‍ എന്റെ രാജ്യത്തെക്കുറിച്ച് പറഞ്ഞാല്‍ ഞാനും നിങ്ങളുമായിട്ട് തെറ്റും.

കുഞ്ഞു കുട്ടികള്‍ തൊട്ട് പ്രായമായവര്‍ വരെ എന്റെ സിനിമ ഇഷ്ടത്തോടെ കാണണം. എന്റെ സിനിമ ആളുകള്‍ കണ്ട് എന്നെ ഇഷ്ടപ്പെടണം. അതാണ് എന്റെ ആര്‍ത്തി. സിനിമ കണ്ടിട്ട് ഉണ്ണിയോട് ഇഷ്ടമാണെന്ന് അവര്‍ ഇങ്ങനെ പറഞ്ഞ് കൊണ്ടിരിക്കണം. അതിലേക്കാണ് ഞാന്‍ പോകുന്നത്,” ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

content highlight:actor Unni Mukundan phoned YouTuber for making video about Malikappuram movie; The video went viral