ഒരാളുമായി ചെറിയൊരു വാക്ക് തര്‍ക്കമുണ്ടായാല്‍ പോലും അവരെ തിരുത്താന്‍ പോവാറില്ല; എടുത്തു ചാട്ടം കൂടുതലുള്ളത് ഞാന്‍ കുറച്ചു: ഉണ്ണി മുകുന്ദന്‍
Entertainment news
ഒരാളുമായി ചെറിയൊരു വാക്ക് തര്‍ക്കമുണ്ടായാല്‍ പോലും അവരെ തിരുത്താന്‍ പോവാറില്ല; എടുത്തു ചാട്ടം കൂടുതലുള്ളത് ഞാന്‍ കുറച്ചു: ഉണ്ണി മുകുന്ദന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 28th January 2023, 6:02 pm

താന്‍ ഒരാളുമായി ചെറിയ വാക്ക് തര്‍ക്കമുണ്ടായാല്‍ പോലും അവരെ തിരുത്താന്‍ പോവാറില്ലെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. വിശദീകരണങ്ങളുടെ പുറത്ത് വിശദീകരണങ്ങള്‍ കൊടുക്കേണ്ടതില്ലെന്നും നടന്‍ പറഞ്ഞു.

തന്റെ ഭാഗത്ത് ന്യായമുണ്ടായാല്‍ പോലും അവരെ തിരുത്തി താന്‍ ഇങ്ങനെയാണെന്ന് പറയുകയോ നിര്‍ബന്ധം പിടിച്ച് അവരെ മാറ്റാനോ ശ്രമിക്കാറില്ലെന്നും താരം പറഞ്ഞു. ആരെയും നിര്‍ബന്ധിച്ച് മാറ്റാന്‍ പാടില്ലെന്നും തന്റെ വിശദികരണം ഇല്ലാതെ അവര്‍ മനസിലാക്കണമെന്നും നടന്‍ പറഞ്ഞു. മനോരമ ന്യൂസില്‍ ജോണി ലൂക്കോസുമായുള്ള അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”വിശദീകരണങ്ങളുടെ പുറത്ത് വിശദീകരണം കൊടുക്കേണ്ട് ആവശ്യമില്ല. ഞാന്‍ ഒരാളുമായി തെറ്റിയെന്ന് വിചാരിക്കുക, ചെറിയൊരു വാക്ക് തര്‍ക്കമുണ്ടായാല്‍ പോലും ഞാന്‍ അവരെ തിരുത്താന്‍ പോവാറില്ല.

എന്റെ ഭാഗത്ത് ന്യായമുണ്ടായാല്‍ പോലും ഒരിക്കലും തിരുത്തി ഞാന്‍ ഇങ്ങനെയാണ് പറയാന്‍ ശ്രമിച്ചതെന്ന് അവരോട് പറയുകയോ അവര്‍ തിരുത്തണമെന്ന് നിര്‍ബന്ധം പിടിക്കാറോ ഇല്ല. ആ വ്യക്തി സ്വയം അത് കണ്ടെത്തുകയാണ് വേണ്ടത്. അവര്‍ അത് ആരെയും വിശദീകരണം ഇല്ലാതെ മനസിലാക്കണമെന്നാണ് ഞാന്‍ കരുതുന്നത്.

15,16 വയസിന് ഉള്ളിലുള്ളവര്‍ക്ക് സ്വയം അത് മനസിലാക്കാനുള്ള കഴിവുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഞാന്‍ കുറച്ച് ദേഷ്യം കുറച്ചാല്‍ നന്നായിരിക്കുമെന്ന് എനിക്ക് തന്നെ തോന്നിയിട്ടുണ്ട്.

എനിക്ക് എടുത്ത് ചാട്ടം കൂടുതല്‍ ഉണ്ടായിരുന്നു. അത് ഞാന്‍ കുറച്ചിട്ടുണ്ട്. പിന്നെ ഭയങ്കരമായ മാറ്റങ്ങള്‍ എന്നില്‍ വരുത്തേണ്ടതുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. കൊവിഡ് കാലമാണ് എന്നെ മാറ്റിയത്. ഞാന്‍ കുറേ എന്നെ തന്നെ വിലയിരുത്തി,” ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസമാണ് മാളികപ്പുറം എന്ന സിനിമയുമായ് ബന്ധപ്പെട്ട് വീഡിയോ ചെയ്തതിന്റെ പേരില്‍ യൂട്യൂബറായ സായ് കൃഷ്ണയെ വിളിച്ച് മോശമായി സംസാരിച്ചത്. ഇരുവരുടെയും സംഭഷണമുള്ള വീഡിയോ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

വീഡിയോ ചെയ്തതിന്റെ പേരില്‍ യൂട്യൂബറെ ഉണ്ണി മുകുന്ദന്‍ തെറി വിളിക്കുന്നതും വഴക്ക് പറയുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും. പിന്നീട് സായ് കൃഷ്ണയെ വിളിച്ച് മാപ്പു ചോദിച്ചുവെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

content highlight: actor unni mukundan about his behaviour