മീടൂവില്‍ നടപടി; തനുശ്രീ ദത്തയുടെ പരാതിയില്‍ നാനാ പടേക്കര്‍ക്കെതിരെ പൊലീസ് കേസെടുത്തു
MeToo
മീടൂവില്‍ നടപടി; തനുശ്രീ ദത്തയുടെ പരാതിയില്‍ നാനാ പടേക്കര്‍ക്കെതിരെ പൊലീസ് കേസെടുത്തു
ന്യൂസ് ഡെസ്‌ക്
Thursday, 11th October 2018, 9:28 am

മുംബൈ: നടി തനുശ്രീ ദത്തയുടെ ലൈംഗിക പീഡന പരാതിയില്‍ നാനാ പടേക്കര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മുംബൈയിലെ ഒഷിവാറ പൊലീസാണ് കേസെടുത്തത്. നാനാ പടേക്കര്‍ക്ക് പുറമെ കൊറിയോ ഗ്രാഫര്‍ ഗണേഷ് ആചാര്യ, സംവിധായകന്‍ രാകേഷ് സാംരഗ്, പ്രൊഡ്യൂസര്‍ സമീ സിദ്ധീഖി എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ബോളിവുഡില്‍ ഇപ്പോള്‍ ആരംഭിച്ച മീടൂ ക്യാംപെയ്‌ന് തുടക്കമിട്ടത് തനുശ്രീ ദത്തയായിരുന്നു.

മൂവര്‍ക്കുമെതിരെ ഐ.പി.സി 354, 509 വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി മുംബൈ പൊലീസ് പറഞ്ഞു. കേസെടുക്കുന്നതിന് മുമ്പ് വ്യക്തത വരുത്താനായി അഞ്ച് മണിക്കൂറോളം തനുശ്രീയെ പൊലീസ് ചോദ്യം ചെയ്‌തെന്നും റിപ്പോര്‍ട്ടുകളുണ്ട്.

2008ല്‍ ഷൂട്ടിങ് നടന്ന് റിലീസാവാതിരുന്ന Horn ‘Ok’ Pleassss ചിത്രത്തിന്റെ സെറ്റില്‍വെച്ച് നാനാപടേക്കര്‍ അപമര്യാദയായി പെരുമാറിയെന്നാണ് തനുശ്രീ ആരോപണമുന്നയിച്ചിരുന്നത്. ചിത്രത്തിലെ ഒരു ഗാനരംഗത്തിലേക്ക് നാനാപടേക്കറെ ഉള്‍പ്പെടുത്താന്‍ വേണ്ടി കൊറിയോഗ്രഫി ഗണേഷ് ആചാര്യ മാറ്റിയെഴുതിയെന്നും ആരോപണമുണ്ടായിരുന്നു.

ആരോപണത്തില്‍ നാനാപടേക്കര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അഭിഭാഷകന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രതികരിക്കാതിരിക്കുന്നതെന്ന് പറഞ്ഞ നാനാപടേക്കര്‍ തനുശ്രീയ്‌ക്കെതിരെ നോട്ടീസയച്ചിരുന്നു.