മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് സുധീഷ്. 1987-ൽ റിലീസായ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത അനന്തരം എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചു കൊണ്ടായിരുന്നു താരത്തിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം.

മണിച്ചിത്രത്താഴ്, ചെപ്പടിവിദ്യ, ആധാരം, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, അനിയത്തിപ്രാവ്, തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച സുധീഷ് നായകൻ്റെ കൂട്ടുകാരൻ്റെ റോളിലായിരുന്നു കൂടുതൽ ചിത്രങ്ങളിലും വേഷമിട്ടത്. ഈയിടെ ഇറങ്ങിയ വാഴ 2വിലും താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അലന്റെ അച്ഛൻ കഥാപാത്രമായ ഷിയാസ് എന്ന കഥാപാത്രത്തെയായിരുന്നു സുധീഷ് അവതരിപ്പിച്ചിരുന്നത്.

സുധീഷ്, വാഴ 2. Photo. Screen Grab/Youtube. IMDb

ഇപ്പോഴിതാ ‘വാഴ 2’ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ വേഗം പോയി അഭിനയിക്കണമെന്ന് പറഞ്ഞത് തന്റെ രണ്ടാമത്തെ മകനാണെന്ന് പറയുകയാണ് നടൻ സുധീഷ്. ഹാഷിറിന്റെയും കൂട്ടുകാരുടെയും വലിയ ആരാധകനാണ് മകനെന്നും അവരുടെ പ്രകടനം നേരിട്ട് കണ്ടപ്പോൾ മികച്ച പെർഫോമർമാരാണെന്ന് തോന്നിയെന്നും സുധീഷ് പറഞ്ഞു. സിനിമയിലെ അലന്റെ ഒരു രംഗം കണ്ടപ്പോൾ വർഷങ്ങൾക്കുമുമ്പ് താൻ നാടകത്തിൽ അഭിനയിച്ചപ്പോഴുണ്ടായ സമാനമായ അനുഭവം ഓർമ വന്നതായും താരം അമൃത ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചു.

‘വാഴ 2’വിന് വേണ്ടി എന്നെ വിളിച്ചപ്പോൾ എന്റെ രണ്ടാമത്തെ മോനാണ് പറഞ്ഞത് വേഗം പോയി ചെയ്തോളാൻ. കാരണം അവൻ ഹാഷിറിന്റെയും കൂട്ടുകാരുടെയും ഭയങ്കര ഫാനാണ്. അവർ ഭയങ്കര നല്ല കുട്ടികളാണ്. ഞാൻ ഇൻസ്റ്റഗ്രാമിൽ അവരുടെ കോമഡി വീഡിയോകളൊക്കെ കണ്ടിട്ടുണ്ട്. പക്ഷേ, അവരുടെ പെർഫോമൻസ് നേരിട്ട് കണ്ടപ്പോൾ എന്ത് നല്ല പെർഫോമർമാരാണെന്ന് തോന്നിപ്പോയി,’ സുധീഷ് പറഞ്ഞു.

സിനിമയിലെ അലന്റെ ഒരു രംഗം കണ്ടപ്പോൾ തനിക്ക് പഴയൊരു നാടകാനുഭവം ഓർമ വന്നെന്നും സുധീഷ് പറഞ്ഞു. വൈകാരികമായി അഭിനയിക്കുന്നതിനിടെ അപ്രതീക്ഷിതമായി സംഭവിച്ച ഒരു കാര്യം ആ രംഗത്തെ കൂടുതൽ സ്വാഭാവികമാക്കിയെന്നാണ് താരത്തിന്റെ നിരീക്ഷണം.

‘അലന്റെ കാര്യം പറയുകയാണെങ്കിൽ, പ്രിൻസിപ്പലിന്റെ റൂമിൽ ദേഷ്യം വന്നപ്പോൾ അവന്റെ വായിൽനിന്ന് തുപ്പൽപോലെ എന്തോ വന്നൊരു രംഗമുണ്ടല്ലോ. അത് കണ്ടപ്പോൾ എനിക്ക് പണ്ട് നാടകത്തിൽ അഭിനയിച്ച സമയത്തെ ഒരു കാര്യം ഓർമ വന്നു. ഒരു മത്സരത്തിനിടയിൽ നല്ലൊരു റോളിൽ അഭിനയിക്കുമ്പോൾ ഞാൻ ഭയങ്കര ഇമോഷണലായി.

വാഴ 2. Photo. IMDb

അപ്പോൾ അറിയാതെ മൂക്കിൽനിന്ന് എന്തോ വന്നു. ആ അഭിനയത്തിന് എനിക്ക് ബെസ്റ്റ് ആക്ടറും കിട്ടിയിരുന്നു. അലന്റെ രംഗം കണ്ടപ്പോൾ ആ അനുഭവമാണ് ഓർമ വന്നത്. അറിയാതെ സംഭവിച്ചതാണെങ്കിലും ആ സിറ്റുവേഷൻ അവൻ വളരെ നന്നായി കൈകാര്യം ചെയ്തു,’ നടൻ പറഞ്ഞു.

Content Highlight: Actor Sudheesh reveals that it was his second son who urged him to go ahead and take the opportunity to act in the film ‘Vaazha 2’