കണ്ടന്റിലായാലും ഫിലിം മേക്കിങ്ങിലായാലും ഇന്ത്യയിലെ ഏറ്റവും ശക്തമായ ഇന്‍ഡസ്ട്രി മലയാളമാണെന്ന് നടന് ശ്രീറാം കാര്‍ത്തിക്. തമിഴ് ഇന്‍ഡസ്ട്രിക്ക് മലയാളം ഇന്‍ഡസ്ട്രി ഒരു ഡിക്ഷണറി പോലെയാണെന്നും, മലയാളത്തിലെ എല്ലാ സിനിമകളും താന്‍ കാണാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാതിരാക്കാറ്റ് എന്ന പുതിയ ചിത്രത്തിന്റെ ഭാഗമായി ഡൂള്‍ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘ഇന്ത്യയുടെ കാര്യം എടുത്താല്‍ ഫിലിം മേക്കിങ്ങിന്റെ കാര്യത്തിലായാലും കണ്ടന്റിന്റെ കാര്യത്തിലായാലും മലയാളം ഇന്‍ഡസ്ട്രിയാണ് ശക്തമായി നില്‍ക്കുന്നത്. ഞങ്ങള്‍ ഒരുപാട് മലയാളം സിനിമകള്‍ കാണാറുണ്ട്. അവിടെ റിലീസ് ആകുന്ന ഒട്ടുമിക്ക മലയാളം സിനിമകളും ഞങ്ങള്‍ കാണാറുണ്ട്, പ്രത്യേകിച്ച് തമിഴിലെ ആക്ടേഴ്സും സംവിധായകരും.
മലയാളം സിനിമയെ സത്യത്തില്‍ ഒരു ഡിക്ഷണറി പോലെയാണ് തമിഴ് ഇന്‍ഡസ്ട്രി കാണുന്നത്. മലയാളത്തിലെ ത്രില്ലര്‍ സിനിമകളില്‍ എനിക്ക് ഏറ്റവും ഇഷ്ടപെട്ട സിനിമ ഫഹദിന്റെ വരത്തന് ആണ്. എനിക്ക് മലയാളത്തില്‍ ഇഷ്ടപ്പെട്ട രണ്ടു നടന്മാര് ലാലേട്ടനും ഫഹദുമാണ്,’ ശ്രീറാം കാര്‍ത്തിക് പറഞ്ഞു.
ജയറാമിനൊപ്പം കൊച്ചി ടു കോടാമ്പക്കം എന്ന ചിത്രത്തില്‍ അഭിനയിച്ച അനുഭവവും താരം പങ്കുവെച്ചിരുന്നു. ‘അദ്ദേഹം അഭിനയിക്കുമ്പോള്‍ നോക്കി നില്ക്കാന് തോന്നും. ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ എക്സ്പീരിയന്സുകള് കുറേ ഷെയര്‍ ചെയ്തുതന്നിട്ടുണ്ട്,’ കാര്‍ത്തിക് പറഞ്ഞു.
ഫെബ്രുവരി പത്തിനാണ് പാതിരാക്കാറ്റ് തിയേറ്ററുകളിലെത്തുന്നത്. സന നിയ പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ നജീബ് മടവൂരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാതിരാക്കാറ്റിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നതും നജീബ് മടവൂരാണ്. പുതുമുഖങ്ങളായ ആവണി, ഷരോണ്‍ എന്നിവരാണ്
ചിത്രത്തില്‍ നായിക വേഷങ്ങളില്‍ എത്തുന്നത്.
ഷാഹുഷാ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ റെജിമോനാണ് സംഗീതം നല്‍കിയിരിക്കുന്നത്. പാഷാണം ഷാജി, നിര്‍മല്‍ പാലാഴി, സന്തോഷ് കീരാറ്റൂര്, സിനോജ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlight: actor sreeram karthik talks about malayalam film industry