പിണറായി വിജയനെ എന്റെ അച്ഛന്‍ കളരി പഠിപ്പിച്ചിട്ടുണ്ട്, അന്നത്തെ ട്രെയിന്‍ യാത്രയില്‍ അദ്ദേഹം സംസാരിച്ചത് മുഴുവന്‍ അച്ഛനെ കുറിച്ചായിരുന്നു: ശ്രീനിവാസന്‍
Movie Day
പിണറായി വിജയനെ എന്റെ അച്ഛന്‍ കളരി പഠിപ്പിച്ചിട്ടുണ്ട്, അന്നത്തെ ട്രെയിന്‍ യാത്രയില്‍ അദ്ദേഹം സംസാരിച്ചത് മുഴുവന്‍ അച്ഛനെ കുറിച്ചായിരുന്നു: ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 24th September 2022, 1:31 pm

ചില നിലപാടുകളുടെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ട നടനാണ് ശ്രീനിവാസന്‍. രാഷ്ട്രീയക്കാരേയും സിനിമാക്കാരേയുമെല്ലാം പല അവസരങ്ങളില്‍ അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്. അതേസമയം തന്നെ രാഷ്ട്രീയരംഗത്തെ പല നേതാക്കളുമായും വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്നയാള്‍ കൂടിയാണ് ശ്രീനിവാസന്‍.

ദീര്‍ഘനാളത്തെ ആശുപത്രി വാസത്തിന് ശേഷം ആരോഗ്യം വീണ്ടെടുത്ത് ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ശ്രീനിവാസന്‍. തന്റെ രാഷ്ട്രീയത്തെ കുറിച്ചും രാഷ്ട്രീയ രംഗത്തുള്ളവരുമുള്ളവരുമായുള്ള അടുപ്പത്തെ കുറിച്ചുമൊക്കെ വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയനുമൊത്ത് ഒരു ട്രെയിന്‍ യാത്രിക്കിടെയുണ്ടായ അനുഭവമാണ് ശ്രീനിവാസന്‍ പങ്കുവെക്കുന്നത്. പാര്‍ട്ടിയുടെ പല നേതാക്കളുമായും വ്യക്തിബന്ധമുണ്ടല്ലോ എന്ന ചോദ്യത്തിനായിരുന്നു ശ്രീനിവാസന്റെ മറുപടി.

‘ എല്ലാ പാര്‍ട്ടിക്കാരുമായും സൗഹൃദമുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകരാണ് എന്നുപറഞ്ഞ് അവരെ മാറ്റിനിര്‍ത്തേണ്ട കാര്യമുണ്ടോ? ഒരിക്കല്‍ ഞാന്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഒരാള്‍ വന്നു ചോദിച്ചു, ഫ്രീയാണോ? ഞാന്‍ പറഞ്ഞു അതെ, എന്താണ് കാര്യം? ഒരാള്‍ക്ക് താങ്കളോട് സംസാരിക്കണമെന്നുണ്ട്. ആര്‍ക്കാ? ഞാന്‍ ചോദിച്ചു.

പിണറായി വിജയന്. അദ്ദേഹം ഇങ്ങോട്ട് വരും. ഞാന്‍ പറഞ്ഞു. വേണ്ട. അദ്ദേഹം എവിടെയുണ്ടെന്ന് പറഞ്ഞാല്‍ മതി, ഞാന്‍ അങ്ങോട്ട് പോകാം. അന്ന് അദ്ദേഹം സംസാരിച്ചത് കൂടുതലും എന്റെ അച്ഛനെ കുറിച്ചായിരുന്നു. അച്ഛന്‍ അദ്ദേഹത്തെ കളരി പഠിപ്പിച്ചിട്ടുണ്ട്. അച്ഛനോട് അദ്ദേഹത്തിന് വലിയ സ്‌നേഹവും ബഹുമാനവുമായിരുന്നു,’ ശ്രീനിവാസന്‍ പറഞ്ഞു.

എന്നെ കളരി പഠിപ്പിക്കാനൊന്നും അച്ഛന്‍ ശ്രമിച്ചിട്ടില്ല. പിന്നെ സ്‌കൂളില്‍ ആഴ്ചയില്‍ രണ്ട് ദിവസം കളരിക്ലാസുണ്ട്. അത് പഠനത്തിന്റെ ഭാഗമാണ്. കളരിപഠനം കൊണ്ട് എനിക്ക് ഒരിക്കല്‍ ഉപകാരമുണ്ടായിട്ടുണ്ട്.

സ്‌കൂളില്‍ എതിര്‍സംഘവുമായി അടി നടക്കും എന്ന് ഉറപ്പായ ഒരു സന്ദര്‍ഭം. ഞങ്ങളുടെ സംഘത്തെ ഞാന്‍ നയിക്കണം എന്നൊരു അഭിപ്രായമുണ്ടായി. കാരണം കളരിപഠിച്ചിട്ടുണ്ട്, പിന്നെ കളരി ഗുരുക്കളുടെ മകനുമാണ്. പറ്റില്ലെന്ന് പറയുന്നത് അഭിമാനപ്രശ്‌നമാണ്. അന്ന് എനിക്കൊരു കാര്യം മനസിലായി. കളരി പഠിച്ചിട്ടുണ്ടെങ്കിലും തറയില്‍ നിന്നാലേ പയറ്റാന്‍ പറ്റൂ. അവന്മാര്‍ എന്നെ തറയില്‍ നിര്‍ത്തിയില്ല. ഭംഗിയായി കിട്ടി. പിന്നെ എനിക്ക് ഇത്തരം ആക്ഷനുകളില്‍ പങ്കെടുക്കേണ്ടി വന്നിട്ടില്ല, ശ്രീനിവാസന്‍ പറഞ്ഞുനിര്‍ത്തി.

തീവ്രനിലപാടുകള്‍ ശത്രുക്കളെ ഉണ്ടായിക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിനും ശ്രീനിവാസന്‍ മറുപടി നല്‍കി. ‘ ഞാന്‍ ചൈനക്കാരനല്ല. പാക്കിസ്ഥാനിയുമല്ല. കൊള്ളസംഘമോ മാഫിയാ സംഘമോ ഉണ്ടാക്കിയിട്ടുമില്ല. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിലോ തീവ്രവാദപ്രവര്‍ത്തനങ്ങളിലോ ഏര്‍പ്പെട്ടിട്ടില്ല. പിന്നെ ചില അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. അത് പറയാതിരുന്നാല്‍ നമ്മള്‍ മനുഷ്യരല്ലാതാകും. അതുകൊണ്ട് അതിലൊന്നും എനിക്ക് കുറ്റബോധവുമില്ല.

ഞങ്ങളുടെ നാട്ടില്‍ ഒരു പ്രത്യേകതയുണ്ടായിരുന്നു. വിദ്യാഭ്യാസമുള്ളവരൊക്കെ കമ്യൂണിസ്റ്റുപാര്‍ട്ടിക്കാരായിരിക്കും. വിദ്യാഭ്യാസം കുറഞ്ഞവരൊക്കെ പല കാര്യങ്ങള്‍ക്കും ആശ്രയിക്കുന്നത് ഈ സഖാക്കളെയാണ്. അവര്‍ വേണ്ട പോലെ സഹായിക്കും. ഈ സാമൂഹ്യ പ്രവര്‍ത്തനം പണ്ട് സമൂഹത്തിന്റെ താഴേത്തട്ടില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അതുണ്ടോ എന്ന് സംശയം പറയുമ്പോഴാണ് നമ്മള്‍ കമ്യൂണിസ്റ്റ് വിരുദ്ധരാകുന്നത്, ശ്രീനിവാസന്‍ പറഞ്ഞു.

Content Highlight: Actor Sreenivasan about his relation with Pinarayi Vijayan