'പാട്ടുകളും ദൈര്‍ഘ്യവും പിന്നെ മൂത്രസഞ്ചിയും'; ഇന്ത്യന്‍ സിനിമയിലെ ഇടവേളയെക്കുറിച്ച് സോഹന്‍ സീനുലാല്‍
Malayalam Cinema
'പാട്ടുകളും ദൈര്‍ഘ്യവും പിന്നെ മൂത്രസഞ്ചിയും'; ഇന്ത്യന്‍ സിനിമയിലെ ഇടവേളയെക്കുറിച്ച് സോഹന്‍ സീനുലാല്‍
അശ്വിന്‍ രാജേന്ദ്രന്‍
Friday, 13th March 2026, 1:37 pm

എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി ഇറങ്ങിയ കാലം മുതല്‍ ഇന്ന് വരെ ഇന്ത്യന്‍ സിനിമയില്‍ ട്രെന്‍ഡായ രീതിയാണ് രണ്ട് ഭാഗങ്ങളിലായി ചിത്രങ്ങള്‍ പുറത്തിറക്കുക എന്നത്. കെ.ജി.എഫ്, പുഷ്പ, കാന്താര, ജയിലര്‍, ധുരന്ധര്‍, കല്‍ക്കി, സലാര്‍ തുടങ്ങി ഒട്ടനവധി ചിത്രങ്ങളാണ് ഈ ട്രെന്‍ഡ് പിന്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷങ്ങളില്‍ പുറത്തിറങ്ങിയതും ഇനി ഇറങ്ങാനുളളതും.

Photo: The Jakarta Post

രണ്ട് ഭാഗങ്ങള്‍ എന്നതിലുപരി ഓരോ ഭാഗങ്ങളുടെ ദൈര്‍ഘ്യവും പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. കഴിഞ്ഞ ഡിസംബറില്‍ പുറത്തിറങ്ങിയ ആദിത്യ ധറിന്റെ ധുരന്ധര്‍ ഇതിന് ഉത്തമ ഉദാഹരണമാണ്. പാകിസ്ഥാനിലേക്ക് ഇന്ത്യ അയക്കുന്ന ചാരന്റെ കഥ പറയുന്ന ചിത്രത്തിന് മൂന്ന് മണിക്കൂര്‍ മുപ്പത്തിരണ്ട് മിനുട്ടാണ് ദൈര്‍ഘ്യമായി വന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം നേരത്തേ തന്നെ തീരുമാനിച്ചുറപ്പിച്ച സാഹചര്യത്തിലാണ് ആദ്യ ഭാഗം ഇത്രയും നീണ്ടതെന്നതും ശ്രദ്ധേയം, ഇതോടെ ഇടവേളയടക്കം ഏകദേശം നാല് മണിക്കൂറോളമാണ് ചിത്രം കാണാനെത്തിയവര്‍ക്ക് തിയേറ്ററില്‍ ചെലവഴിക്കേണ്ടി വന്നത്.

ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും, യഷ് നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ടോക്‌സിക്കിനും നാല് മണിക്കൂറിനടുത്ത് ദൈര്‍ഘ്യമുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഇന്ത്യന്‍ തിയേറ്ററുകളില്‍ മാത്രം പരിചിതമായ ഇടവേള അഥവാ ഇന്റര്‍വെല്‍ എന്ന സംസ്‌കാരത്തെക്കുറിച്ചാണ് ഇപ്പോള്‍ പലരും ചര്‍ച്ച ചെയ്യുന്നത്. ഹോളിവുഡ് ചിത്രങ്ങള്‍ അരങ്ങുവാഴുന്ന നോര്‍ത്ത് അമേരിക്കയിലും വെസ്‌റ്റേണ്‍ യൂറോപ്പിലും കേട്ടുകേള്‍വിയില്ലാത്ത രീതി ഇന്ത്യന്‍ തിയേറ്ററുകളില്‍ മാത്രം കണ്ടവരുന്നതിനെക്കുറിച്ച് പറയുകയാണ് സംവിധായകനും നടനുമായ സോഹന്‍ സീനുലാല്‍.

ഇന്ത്യയിലെ രീതിയില്‍ തൊണ്ണൂറ് മിനുട്ടെങ്കിലും ഇല്ലാത്ത ചിത്രങ്ങളെ സിനിമയായി കൂട്ടാറില്ലെന്നും നമ്മള്‍ രണ്ടര മുതല്‍ മൂന്ന് മണിക്കൂര്‍ വരെയുള്ള സിനിമയുടെ ആള്‍ക്കാരാണെന്നും അദ്ദേഹം പറയുന്നു. ഇന്ത്യന്‍ സിനിമയില്‍ മാത്രമാണ് ഇത്രയധികം പാട്ടുകളുള്ളതെന്നും എല്ലാം കൂടെ ഉള്‍പ്പെടുമ്പോള്‍ ചിത്രത്തിന്റെ ദൈര്‍ഘ്യം വല്ലാതെ കൂടുമെന്നും സോഹന്‍ പറഞ്ഞു. ഇത്രയും നേരം മൂത്രസഞ്ചിക്ക് പിടിച്ചുവെക്കാന്‍ കഴിയാത്തതിനാലാണ് ഇടവേളയെന്നൊരു സമ്പ്രദായം വന്നതെന്നും ഇല്ലായിരുന്നെങ്കില്‍ പ്രേക്ഷകന് സമാധാനത്തോടെ സിനിമ ആസ്വദിക്കാന്‍ സാധിക്കില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിജയ്. Photo: IMDB/ X.com

പല കാലങ്ങളായി ഇന്ത്യന്‍ സിനിമയില്‍ തുടര്‍ന്ന് വരുന്ന ഈ സമ്പ്രദായം പല ചിത്രങ്ങളുടെയും കഥയെ തന്നെ സ്വാധീനിക്കാറുണ്ട്. പല ഭാഷകളിലെയും മാസ് ആക്ഷന്‍ ചിത്രങ്ങളില്‍ ആദ്യ പകുതി അവസാനിക്കുമ്പോള്‍ അടുത്ത ഭാഗത്തിലേക്കുള്ള ഒരു എക്‌സൈറ്റ്‌മെന്റ് ഫാക്ടറും സംവിധായകന്‍ ഉള്‍പെടുത്താറുണ്ട്. വിജയ് ചിത്രങ്ങളിലെ ഇന്റര്‍വെല്‍ പഞ്ചായ ‘അയാം വെയിറ്റിങ്’ ഇതിന് ഉദാഹരണമാണ്.

Content Highlight: Actor Sohan Seenulal talks about interval in Indian cinema

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.