കാളിദാസന്‍ അങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് മനസിലായി, അവന്‍ അച്ഛന്റെ മകന്‍ തന്നെയാണെന്ന്: സിദ്ദീഖ്
Entertainment news
കാളിദാസന്‍ അങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് മനസിലായി, അവന്‍ അച്ഛന്റെ മകന്‍ തന്നെയാണെന്ന്: സിദ്ദീഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 25th January 2023, 10:31 am

മലയാള സിനിമയില്‍ നല്ല സുഹൃത്തുക്കളായ രണ്ടുപേരാണ് ജയറാമും സിദ്ദീഖും. നിരവധി സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ മാത്രമല്ല വ്യക്തി ജീവിതത്തിലും ആ അടുപ്പം ഇരുവരും സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. ജയറാമുമൊത്തുള്ള രസകരമായ ഒരു അനുഭവം പങ്കുവെക്കുകയാണ് സിദ്ദീഖ്.

നന്നായി തമാശ പറയുന്ന ഒരാളാണ് ജയറാമെന്നും ആ തമാശകള്‍ പുള്ളി പറഞ്ഞാല്‍ മാത്രമെ ശരിയാവുകയുള്ളു എന്നും സിദ്ദീഖ് പറഞ്ഞു. തമാശകള്‍ പറയുന്നതിന് ജയറാമിന് ഒരു കൃത്യമായ രീതിയുണ്ടെന്നും അതേരീതിയിലാണ് കാളിദാസന്‍ സംസാരിക്കുന്നതെന്നും സിദ്ദീഖ് മൈല്‍സ്റ്റോണ്‍ മേക്കഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ജയറാം. ജയറാം തമാശ പറയുന്നത് കേള്‍ക്കാന്‍ ഭയങ്കര രസമാണ്. പക്ഷെ ഞാന്‍ അതേ തമാശ റിപ്പീറ്റ് ചെയ്താല്‍ കേള്‍ക്കാന്‍ ഒരു രസവുമുണ്ടാകില്ല. അതൊക്കെ ജയറാം തന്നെ പറയണം, എന്നാല്‍ മാത്രമെ ശരിയാവുകയുള്ളൂ. തമാശകള്‍ പറയുമ്പോള്‍ ജയറാമിനൊരു പാറ്റേണുണ്ട്.

‘എടാ ഞാന്‍ അവിടെ ചെല്ലുമ്പോള്‍ ഇവന്‍ വന്ന് നില്‍ക്കുന്നു, വിത്ത് തോക്ക്’ എന്നാണ് തമാശകള്‍ പറയുമ്പോള്‍ ജയറാം പറയുന്നത്. അതാണ് ജയറാമിന്റെ ഒരു രീതി. അല്ലാതെ അവന്‍ അവിടെയൊരു തോക്കുമായി വന്ന് നില്‍ക്കുന്നു എന്നല്ല പറയുക. അതാണ് ജയറാം സ്റ്റൈല്‍.

അങ്ങനെ ഒരു ദിവസം ഞാന്‍ ജയറാമിന്റെ വീട്ടില്‍ പോയി. അപ്പോള്‍ കാളിദാസന്‍ കുഞ്ഞായിരുന്നു. ഞങ്ങള്‍ എന്തോ വര്‍ത്തമാനമൊക്കെ പറഞ്ഞ് നില്‍ക്കുകയായിരുന്നു. ‘അപ്പാ അവിടെ ഞാന്‍ ചെല്ലുമ്പോള്‍ അമ്മ നില്‍ക്കുന്നു, വിത്ത് വടി’ എന്ന് കണ്ണന്‍ വന്ന് പറഞ്ഞു. ഇത് കേട്ടപ്പോള്‍ ഞാന്‍ ഭയങ്കരമായി ചിരിച്ച് പോയി. കാരണം ജയറാം പറയുന്നത് പോലെ തന്നെയാണ് അവനും പറയുന്നത്.

അതൊക്കെ കേട്ടാണല്ലോ അവനും വളരുന്നത്. ആ കുഞ്ഞ് മോന്‍ അവന്റെ കുഞ്ഞ് ശബ്ദത്തില്‍ അമ്മ ഏതാണ്ട് വടിയുമായി വന്ന കാര്യമാണ് പറയുന്നത്. അവന്‍ അത് പറയുന്നത് കേട്ടപ്പോള്‍ ശരിക്കും ഞാന്‍ ഭയങ്കരമായി ചിരിച്ചുപോയി. ഇപ്പോഴും ഞാന്‍ ആ നിമിഷം ഓര്‍ത്തുവെക്കുന്നുണ്ട്. ഞാന്‍ കണ്ണനെ കാണുമ്പോഴും ഇക്കാര്യം പറയാറുണ്ട്.

നീ അന്ന് ഇങ്ങനെ എന്നോട് പറഞ്ഞിരുന്നു എന്നാണ് അവനോട് ഞാന്‍ എപ്പോഴും പറയുന്നത്. അച്ഛന്റെ മകന്‍ തന്നെയാണ് അവന്‍. എന്തായാലും അവന്റെ ആ ‘വിത്ത് വടി’ ഞാന്‍ ഒരിക്കലും മറക്കില്ല,’ സിദ്ദീഖ് പറഞ്ഞു.

content highlight: actor sidhique talks about kalidas jayaram