കഷണ്ടിയാണെന്ന് എല്ലാവരും പറയാറുണ്ട്, പക്ഷെ അതെന്റെ മൈനസ് ആയി ഞാന്‍ കണ്ടിട്ടില്ല: സിദ്ധിഖ്
Entertainment news
കഷണ്ടിയാണെന്ന് എല്ലാവരും പറയാറുണ്ട്, പക്ഷെ അതെന്റെ മൈനസ് ആയി ഞാന്‍ കണ്ടിട്ടില്ല: സിദ്ധിഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 28th July 2022, 3:04 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സിദ്ധിഖ്. വ്യത്യസ്തമായ വേഷങ്ങള്‍ അവതരിപ്പിച്ച് കൊണ്ട് അദ്ദേഹം കാണികളെ അമ്പരിപ്പിക്കാറുമുണ്ട്.

തനിക്ക് കഷണ്ടിയായതിന് പലരും കളിയാക്കാറുണ്ടെന്നും എന്നാല്‍ താന്‍ അതൊന്നും കാര്യമാക്കാറില്ലെന്നും പറഞ്ഞിരിക്കുകയാണ് സിദ്ധിഖ് ഇപ്പോള്‍. ബിഹൈന്‍ഡ് വുഡ്സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആളുകളെ ഉപദേശിക്കാന്‍ പോകാറില്ലെന്നും അങ്ങനെ ചെയ്യരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

‘എല്ലാം നമ്മുടെ പ്ലസ് ആണ്. അത് അങ്ങനെ കാണാന്‍ പറ്റണം. എന്നെ കണ്ടില്ലേ… എല്ലാവരും എന്നോട് കഷണ്ടിയാണെന്ന് പറയാറുണ്ട്. പക്ഷെ ഞാന്‍ അതെന്റെ ഒരു മൈനസ് ആയി കണ്ടിട്ടില്ല. ഞാന്‍ അതിനെ കുറിച്ച് ചിന്തിക്കുന്നുകൂടിയില്ല. നമ്മള്‍ നമ്മളെ പുകഴ്ത്താതിരുന്നാല്‍ ഒരുപാട് പേര് നമ്മളെ പുകഴ്ത്തും. അതുകൊണ്ട് നമ്മള്‍ നമ്മളെ പുകഴ്ത്തുകയെ ചെയ്യരുത്,’ അദ്ദേഹം പറഞ്ഞു.

ആളുകളെ ഉപദേശിക്കാറുണ്ടോ എന്ന ചോദ്യത്തിന് സിദ്ധിഖ് നല്‍കിയ മറുപടി ഇങ്ങനെയാണ്.

നമ്മള്‍ ആരെയും ഉപദേശിക്കാന്‍ നിക്കരുത്. ഉപദേശം ആര്‍ക്കും ഇഷ്ടമല്ല. കാരണം അവര്‍ക്കറിയാലോ കാര്യങ്ങളൊക്കെ. സ്വയം എങ്ങനെ നന്നാകാം എന്ന് ആലോചിക്കുകയെന്നല്ലാതെ മറ്റാരെയും ഉപദേശിക്കാന്‍ നോക്കരുത്.

സിനിമയിലൊക്കെ അഭിനയിക്കാന്‍ വരുന്ന പുതിയ കുട്ടികള്‍ക്ക് ഒക്കെ നല്ല അറിവാണ്. അപര്‍ണ ബാലമുരളിയാണ് ഇന്ത്യയിലെ ഏറ്റവും നല്ല നടി. എത്ര വയസ്സുണ്ട് ആ കുട്ടിക്ക്?

ഈ ചെറിയ പ്രായത്തിലാണ് ഇന്ത്യയിലെ ഏറ്റവും നല്ല നടിയായി അഭിനയിക്കാനുള്ള പക്വത ആ കുട്ടി നേടിയെടുത്തത്. ആ അപര്‍ണ ബാലമുരളിയെ ഞാനാണോ പോയി ഉപദേശിക്കേണ്ടത്? അങ്ങനെ ആര്‍ക്കും ഒരു ഉപദേശവും കൊടുക്കേണ്ടതില്ല എന്നാണ് ഞാന്‍ കരുതുന്നത്. അവര്‍ക്കറിയാം കാര്യങ്ങള്‍,’സിദ്ധിഖ് കൂട്ടി ചേര്‍ത്തു.

മഹാവീര്യര്‍ ആണ് സിദ്ദിഖിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. നിവിന്‍ പോളിയും ആസിഫ് അലിയും ഒന്നിച്ചെത്തിയ ഈ ചിത്രത്തില്‍ മികച്ച പ്രകടനമാണ് സിദ്ധിഖ് കാഴ്ചവെച്ചത്.

എബ്രിഡ് ഷൈന്‍ ആണ് മഹാവീര്യര്‍ സംവിധാനം ചെയ്തത്. മല്ലിക സുകുമാരന്‍, ലാല്‍, ലാലു അലക്‌സ് എന്നിവരാണ് ചിത്രത്തിലഭിനയിച്ച മറ്റു താരങ്ങള്‍.

Content Highlight: Actor Siddique says that everyone says about his baldness, but he never saw it as his minus