ഗൂഢാലോചന നടത്തിയവരുടെ കൂട്ടത്തില്‍ നടന്‍ സിദ്ദീഖും, ദിലീപിന് സെക്‌സ് റാക്കറ്റിലും ബന്ധം; പള്‍സര്‍ സുനിയുടെ കത്ത് പുറത്ത്
Actress attack
ഗൂഢാലോചന നടത്തിയവരുടെ കൂട്ടത്തില്‍ നടന്‍ സിദ്ദീഖും, ദിലീപിന് സെക്‌സ് റാക്കറ്റിലും ബന്ധം; പള്‍സര്‍ സുനിയുടെ കത്ത് പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th January 2022, 3:39 pm

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ സിദ്ദീഖിന്റെ പങ്ക് വെളിപ്പെടുത്തുന്ന കത്ത് പുറത്ത്. ദിലീപ് ഗൂഢാലോചന നടത്തുമ്പോള്‍ നടന്‍ സിദ്ദീഖും അടുത്തുണ്ടായിരുന്നതായി പള്‍സര്‍ സുനി ദിലീപിനെഴുതിയ കത്തില്‍ പറയുന്നു.

2018 ലാണ് ഈ കത്തെഴുതുന്നത്. കത്ത് പള്‍സര്‍ സുനി തന്റെ അമ്മയ്ക്ക് സൂക്ഷിക്കാന്‍ കൊടുത്തതായിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ കത്ത് പുറത്തുവിടണമെന്ന് പള്‍സര്‍ സുനി അമ്മക്ക് നിര്‍ദേശം നല്‍കിയിരുന്നു.

”അമ്മ എന്ന സംഘടന ചേട്ടന്‍ എന്ത് തെറ്റ് ചെയ്താലും അതിന് കൂട്ട് നില്‍ക്കും എന്നറിയാം. അന്ന് അബാദ് പ്ലാസയില്‍ വെച്ച് ഇക്കാര്യം പ്ലാന്‍ ചെയ്തപ്പോള്‍ സിദ്ദീഖും മറ്റാരെല്ലാം ഉണ്ടായിരുന്നു എന്നെല്ലാം ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. അമ്മയുടെ പ്രസിഡന്റ് സ്ഥാനം കിട്ടാന്‍ വേണ്ടിയാണോ ചേട്ടന്‍ അറസ്റ്റിലായപ്പോള്‍ സിദ്ദീഖ് ഓടി നടന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് അമ്മയിലെ പലര്‍ക്കും ഒന്നും അറിയാത്തത് ചേട്ടന്‍ അവരുടെ കണ്ണില്‍ പൊടിയിട്ടതുകൊണ്ടല്ലേ,’ സുനി കത്തില്‍ പറയുന്നു.

ദിലീപിനും അടുത്ത പല സുഹൃത്തുക്കള്‍ക്കും സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും പള്‍സര്‍ സുനി കത്തില്‍ പറയുന്നുണ്ട്.

‘അമ്മയില്‍ ചേട്ടന്‍ ഉള്‍പ്പെടെ എത്രപേര്‍ക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും ചേട്ടന്‍ പുറത്തുപോയി പരിപാടി ചെയ്യുന്നത് എന്തിനാണെന്നും എനിക്കറിയാം. പരിപാടിയുടെ ലാഭം എത്രപേര്‍ക്ക് നല്‍കണമെന്നതും ഇക്കാര്യങ്ങള്‍ പുറത്തുവന്നാല്‍ എന്താകും ഉണ്ടാവുകയെന്നും എനിക്കറിയാം. പക്ഷെ എന്നെ ജീവിക്കാന്‍ എവിടെയും സമ്മതിക്കില്ല എന്ന തീരുമാനത്തിലാണെങ്കില്‍ ചേട്ടന്‍ ഇക്കാര്യങ്ങളെല്ലാം ഓര്‍ക്കുന്നത് നല്ലതായിരിക്കും,’ കത്തില്‍ പറയുന്നു.

തനിക്ക് ശിക്ഷ കിട്ടുന്നതില്‍ പ്രശ്‌നമില്ലെന്നും സത്യം പുറത്തറിഞ്ഞാല്‍ ദിലീപിനെ ആരും ആരാധിക്കില്ലെന്നും കത്തില്‍ പറയുന്നുണ്ട്.

‘എനിക്ക് ശിക്ഷ കിട്ടിയാലും പരിഭവമോ വിഷമമോ ഇല്ല. കാരണം ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ട്. പക്ഷെ അത് എനിക്ക് വേണ്ടിയല്ല എന്നെങ്കിലും ഓര്‍ക്കണം. മൂന്ന് വര്‍ഷം മുമ്പ് പറഞ്ഞ കാര്യം പുറത്ത് പറഞ്ഞാല്‍ ജനം ആരാധിക്കുകയില്ല. തല്ലിക്കൊല്ലും. സ്വന്തം കുഴി ചേട്ടന്‍ തന്നെ തോണ്ടിയതല്ലേ,’ കത്തില്‍ പറയുന്നു.

കേസില്‍ തന്നെ കുടുക്കിയാല്‍ അറിയാവുന്ന എല്ലാകാര്യങ്ങളും പുറത്ത് പറയുമെന്നും പ്രതികളെയും സാക്ഷികളെയും വിലയ്‌ക്കെടുത്ത് സത്യം മറച്ചുവെക്കാമെന്ന് കരുതേണ്ടെന്നും കത്തില്‍ പറയുന്നുണ്ട്.

‘യജമാനന്‍ നായയെ പോറ്റുന്നത് വിശ്വസ്തനായ കാവല്‍ക്കാരനായതിനാലാണ്. യജമാനനോടുള്ള സ്നേഹത്താല്‍ മുരളുകയും കുരക്കുകയും ചെയ്യും. പക്ഷെ അതിനെക്കൊണ്ട് ഇനി ആവശ്യമില്ലെന്ന് കണ്ടാല്‍ ഒന്നിനും പറ്റില്ലെന്ന് കണ്ടാല്‍ കൊല്ലുകയോ ഉപേക്ഷിക്കുകയോ ചെയ്യും. ഇതറിയാവുന്ന ഞാന്‍ എല്ലാം കോടതിയില്‍ തുറന്ന് പറഞ്ഞ് ചെയ്ത തെറ്റിന് മാപ്പിരന്ന് കിട്ടാവുന്ന ശിക്ഷ വാങ്ങി അനുഭവിച്ച് തീര്‍ക്കാം,’ പള്‍സര്‍ സുനി കത്തില്‍ പറയുന്നു.

അതേസമയം, പള്‍സര്‍ സുനി നടിയെ ആക്രമിച്ചത് ദിലീപിന് വേണ്ടിയായിരുന്നു എന്ന് പള്‍സര്‍ സുനിയുടെ അമ്മ വെളിപ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ടി.വിയോടാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

നടിയെ ആക്രമിക്കുന്നതിന് മുമ്പ് മാസങ്ങള്‍ നീണ്ട ഗൂഢാലോചന നടന്നെന്നും ഗൂഢാലോചനയില്‍ ദിലീപിനൊപ്പം പലരും പങ്കാളികളായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

2015 മുതലാണ് ഗൂഢാലോചന നടക്കുന്നത്. കൃത്യം നടത്തുന്നതിന് വേണ്ടി കോടി കണക്കിന് രൂപ പള്‍സര്‍ സുനിക്ക് ദിലീപ് വാഗ്ദാനം ചെയ്തെന്നും അമ്മ പറഞ്ഞു.

ജയിലില്‍ തന്റെ ജീവന്‍ സുരക്ഷിതമല്ലെന്ന് സുനി പറഞ്ഞിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്തും സുനിയെ അപായപ്പെടുത്താന്‍ ശ്രമം നടന്നിരുന്നു. കുടുംബത്തേയും ആരെങ്കിലും അപായപ്പെടുത്തുമോയെന്ന ഭയമുണ്ടെന്നും അമ്മ പറഞ്ഞു.

കേസിലെ മറ്റൊരു പ്രതിയായ വിജേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലും ദുരൂഹതയുണ്ടെന്ന് അമ്മ കൂട്ടിച്ചേര്‍ത്തു. ഇനിയെങ്കിലും ഇക്കാര്യങ്ങള്‍ പുറത്ത് പറഞ്ഞില്ലെങ്കില്‍ മകന്റെ ജീവന്‍ അപായപ്പെട്ടേക്കുമെന്ന ഭയമുണ്ടെന്നും അവര്‍ പറഞ്ഞു.

അതേസമയം, കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള പൊലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചു.
ജനുവരി 20നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം.

അതേസമയം, കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ ദിലീപും സംഘവും അപയപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ തെളിവുകള്‍ പുറത്ത് വന്നിരുന്നു.

നടന്‍ ദിലീപിന്റേയും കേസിന്റെ ഭാഗമായ വി.ഐ.പി എന്ന് പറയപ്പെടുന്നയാളുടെയും ശബ്ദ രേഖയാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

റിപ്പോര്‍ട്ടര്‍ ടി.വിയാണ് ഇതുസംബന്ധിച്ച ഓഡിയോ പുറത്തുവിട്ടിരിക്കുന്നത്. കേസിലെ അഞ്ച് ഉദ്യോഗസ്ഥര്‍ അനുഭവിക്കുമെന്ന് ദിലീപ് പറയുന്നതാണ് ശബ്ദരേഖയിലെ ഹൈലൈറ്റ്. ദിലീപിന്റെ സഹോദരന്‍ അനൂപ്, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരും സംസാരിക്കുന്നത് ശബ്ദരേഖയില്‍ കേള്‍ക്കാം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Actor Siddique and Dileep linked to sex racket; Pulsar Suni’s letter out