നീ കൂടുതല്‍ വര്‍ത്തമാനം പറയേണ്ട, നീ എന്നെ ചതിച്ചതല്ലെ രഞ്ജിത്ത് പറഞ്ഞു: സിദ്ദീഖ്
Entertainment news
നീ കൂടുതല്‍ വര്‍ത്തമാനം പറയേണ്ട, നീ എന്നെ ചതിച്ചതല്ലെ രഞ്ജിത്ത് പറഞ്ഞു: സിദ്ദീഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 16th January 2023, 6:32 pm

അയ്യപ്പനും കോശിയും സിനിമയില്‍ രഞ്ജിത്ത് ചെയ്ത റോള്‍ താനായിരുന്നു ചെയ്യേണ്ടതെന്ന് സിദ്ദീഖ്. അവസാന നിമിഷം വരെ രഞ്ജിത്തിനോട് ആ റോള്‍ ചെയ്യാന്‍ താന്‍ എത്തുമെന്ന് പറഞ്ഞിരുന്നുവെന്നും ഇടക്കിടക്ക് അത് ചോദിച്ച് രഞ്ജിത്ത് വിളിക്കാറുണ്ടായിരുന്നുവെന്നും സിദ്ദീഖ് പറഞ്ഞു.

അവസാന നിമിഷം ഷൂട്ടിന് എത്താന്‍ കഴിയാതായതോടെ ആ റോള്‍ രഞ്ജിത്തിന് ചെയ്യേണ്ടി വന്നെന്നും അതിന്റെ പേരില്‍ രഞ്ജിത്ത് തന്നെ വിളിച്ച് വഴക്ക് പറയാറുണ്ടായിരുന്നുവെന്നും സിദ്ദീഖ് പറഞ്ഞു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”അയ്യപ്പനും കോശിയിലും രഞ്ജിത്തിന്റെ റോള്‍ ചെയ്യേണ്ടത് ഞാനായിരുന്നു. അതിന് അഭിനയിക്കാനായിട്ട് കമ്മിറ്റ് ചെയ്തതാണ്. ഷൂട്ടിങ്ങ് ഡേറ്റും എല്ലാം ഓക്കെ ആയതാണ്. പക്ഷെ ആ സമയത്ത് ഞാന്‍ മോഹന്‍ കുമാര്‍ എന്ന സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു.

ആ സിനിമ ഞാന്‍ പറഞ്ഞതിലും കുറച്ച് ലാഗായിട്ടാണ് തുടങ്ങിയത്. അതില്‍ വന്ന് ജോയിന്‍ ചെയ്തപ്പോഴും സംവിധായകനോട് ഞാന്‍ ഈ സിനിമയില്‍ അഭിനയിക്കേണ്ടതിനെക്കുറിച്ച് പറയുന്നുണ്ട്. പക്ഷെ ഇക്ക പോയാല്‍ ഇവിടെ ശരിയാവില്ലെന്ന് തന്നെ അദ്ദേഹം പറഞ്ഞു.

രഞ്ജിത്തും ഇടക്കിടക്ക് വിളിക്കുന്നുണ്ട്, കാരണം പര്‍ട്ടികുലര്‍ സീനാണ് അത്, വരുമോയെന്ന് ഇടക്കിടക്ക് ചോദിച്ചു. ഇതൊന്ന് ഒതുക്കിയിട്ട് വരാമെന്ന് ഞാന്‍ പറഞ്ഞു. കാരണം എനിക്ക് അത് ചെയ്യണമെന്ന് വളരെ ആഗ്രഹമുണ്ടായിരുന്നു. സച്ചി അത്രയും മനോഹരമായിട്ടാണ് അതിന്റെ കഥ എന്നോട് പറഞ്ഞത്.

പക്ഷെ അവര്‍ക്ക് ഒരു ദിവസം പെട്ടെന്ന് എന്റെ കഥാപാത്രത്തിന്റെ ഷൂട്ട് എടുത്തെ മതിയാകൂ എന്ന ഘട്ടം വന്നു. അത് പൃഥ്വിരാജും കൂടിയുള്ള കോമ്പിനേഷന്‍ സീനാണ്. അവര്‍ക്ക് അത് അന്ന് തന്നെ ചെയ്തെ മതിയാകൂ എന്നായിരുന്നു. നാളെ എത്തിയെ മതിയാകൂ എന്ന് എന്നോട് വിളിച്ചു പറഞ്ഞു. പക്ഷെ ഈ സിനിമയില്‍ നിന്ന് എനിക്ക് പോവാന്‍ പറ്റിയില്ല.

പിന്നീട് രഞ്ജിത്ത് അഭിനയിച്ചു. അത് അഭിനയിച്ച് കഴിഞ്ഞിട്ടും ഇടക്ക് രഞ്ജിത്ത് എന്നെ വിളിച്ചിട്ട് ഓരോന്ന് പറയും. ചില ഡയലോഗൊക്കെ പറയുമ്പോള്‍ നിന്നെ തന്നെയാ ഓര്‍മ വന്നതെന്നും ചവിട്ടിയങ്ങ് കൊന്നേനെ നിന്നെ എന്നൊക്കെ പറയും. ഇപ്പോഴും അത് ഇടക്ക് എന്നോട് പറയും.

ഞാന്‍ അപ്പോഴും അദ്ദേഹം ചെയ്ത് നന്നായതിനെക്കുറിച്ച് പറയും. നീ കൂടുതല്‍ വര്‍ത്താനം പറയേണ്ട നീ എന്നെ ചതിച്ചതല്ലെ എന്ന് എന്നോട് പറയും. ആ സിനിമ ചെയ്യാന്‍ കഴിയാത്തതില്‍ എനിക്ക് നല്ല വിഷമം തോന്നിയിട്ടുണ്ട്. ഇപ്പോഴും ഇടക്ക് തോന്നും,” സിദ്ദീഖ് പറഞ്ഞു.

content highlight: actor siddique about ranjith