വെല്‍ സ്‌ക്രിപ്റ്റഡ്, വെല്‍ ഡയറക്ടഡ്, വെല്‍ എഡിറ്റഡ്, വെല്‍ ആക്ടഡ്; 2022ല്‍ ഏറ്റവുമിഷ്ടപ്പെട്ട സിനിമ ഇതാണ്: സിദ്ദീഖ്
Entertainment news
വെല്‍ സ്‌ക്രിപ്റ്റഡ്, വെല്‍ ഡയറക്ടഡ്, വെല്‍ എഡിറ്റഡ്, വെല്‍ ആക്ടഡ്; 2022ല്‍ ഏറ്റവുമിഷ്ടപ്പെട്ട സിനിമ ഇതാണ്: സിദ്ദീഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 1st January 2023, 6:09 pm

2022ല്‍ തനിക്ക് ഏറ്റവുമിഷ്ടപ്പെട്ട മലയാള ചിത്രത്തെ കുറിച്ച് നടന്‍ സിദ്ദീഖ്. ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തില്‍ സുരാജ് വെഞ്ഞാറമൂട്, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ജന ഗണ മനയാണ് 2022ല്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് എന്നാണ് സിദ്ദീഖ് പറയുന്നത്.

സിനിമ കണ്ട ശേഷം അതിന്റെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദിനെ വിളിച്ച് സംസാരിച്ചതിനെ കുറിച്ചും സിദ്ദീഖ് അഭിമുഖത്തില്‍ പറയുന്നു.

”2022ല്‍ ഒരുപാട് നല്ല സിനിമകള്‍ കണ്ടു. എനിക്ക് വളരെ ഇഷ്ടപ്പെട്ട സിനിമയാണ് ജന ഗണ മന. അത് ഞാന്‍ വളരെ ആസ്വദിച്ച് കണ്ട സിനിമയാണ്. അന്നുവരെ കണ്ടിട്ടില്ലാത്ത ഒരു പ്രമേയമാണല്ലോ.

ഒരു കോര്‍ട്ട് റൂം ഡ്രാമ പോലെ കോടതിയില്‍ വന്നിട്ട് വലിയൊരു ക്രൈം തെളിയിച്ച് കൊണ്ടുവരുന്നു. അതിന്റെ തിരക്കഥാകൃത്ത് ഷാരിസ് ഞാനുമായി വളരെ അടുപ്പമുള്ള ആളാണ്, എന്റെ ഏറ്റവുമടുത്ത സുഹൃത്തിന്റെ മകനാണ്.

അപ്പോള്‍ പുള്ളിയോട് ഞാന്‍ ചോദിച്ചു, എങ്ങനെയാണ് ആ കഥ നിന്റെ മനസിലേക്ക് വന്നത് എന്ന്. അപ്പോള്‍ അവന്‍ പറഞ്ഞു, വേറൊരാള്‍ പറഞ്ഞ ഒരു സംഭവത്തില്‍ നിന്ന് കിട്ടിയതാണെന്ന്.

നാല് പേര് ഒരു കാറില്‍ വന്ന് ഒരു സ്ഥലത്ത് ഒരു ഡെഡ്‌ബോഡി കൊണ്ടിടുന്നു. പിന്നീടാണറിയുന്നത്, ഈ നാല് പേര്‍ക്കും ഡ്രൈവിങ് അറിയില്ല. അപ്പൊ ഒരു അഞ്ചാമനുണ്ട്. അതില്‍ നിന്നാണ് ഈ സിനിമയുടെ തോട്ട് ഉണ്ടാകുന്നത്. അത് എത്ര നല്ല മനോഹരമായ കഥയായി വന്നു. വെല്‍ സ്‌ക്രിപ്റ്റഡ്, വെല്‍ ഡയറക്ടഡ്, വെല്‍ എഡിറ്റഡ്, വെല്‍ ആക്ടഡ്.

അങ്ങനെ എല്ലാംകൊണ്ടും ഏറ്റവും മനോഹരമായ സിനിമയായി ഞാന്‍ കഴിഞ്ഞ വര്‍ഷം കണ്ടതില്‍ ഇഷ്ടപ്പെട്ടത് ജന ഗണ മനയാണ്,” സിദ്ദിഖ് പറഞ്ഞു.

കോര്‍ട്ട് റൂം ഡ്രാമയായി ഒരുങ്ങിയ ജന ഗണ മന 2022ല്‍ ഏറ്റവും കൂടുതല്‍ തിയേറ്റര്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്ന് കൂടിയാണ്. വിന്‍സി അലോഷ്യസ്, മംമ്ത മോഹന്‍ദാസ് എന്നിവരായിരുന്നു ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.

ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറയിലൊരുങ്ങുന്നുണ്ട്.

Content Highlight: Actor Siddique about Jana Gana Mana