എന്റെ മോഡുലേഷന്‍ തന്നെ വേണമെന്ന് അമല്‍ നീരദ്, ഒടുവില്‍ ആ സിനിമയില്‍ വില്ലനും റഹ്മാനും ഞാന്‍ ശബ്ദം നല്‍കി; ഷോബി തിലകന്‍
Movie Day
എന്റെ മോഡുലേഷന്‍ തന്നെ വേണമെന്ന് അമല്‍ നീരദ്, ഒടുവില്‍ ആ സിനിമയില്‍ വില്ലനും റഹ്മാനും ഞാന്‍ ശബ്ദം നല്‍കി; ഷോബി തിലകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 31st July 2021, 4:11 pm

കൊച്ചി: അമല്‍ നീരദ് ചിത്രം ബാച്ചിലേഴ്‌സ് പാര്‍ട്ടിയില്‍ വില്ലന്‍ കഥാപാത്രത്തിനും ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച റഹ്മാനും ശബ്ദം നല്‍കിയത് താനാണെന്ന് നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഷോബി തിലകന്‍. മാസ്റ്റര്‍ ബിന്‍ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ചിത്രത്തിലെ ഡബ്ബിംഗ് അനുഭവത്തെപ്പറ്റി ഷോബി മനസ്സുതുറന്നത്.

‘ ഒരു സിനിമയില്‍ തന്നെ രണ്ട് പേര്‍ക്ക് ഞാന്‍ ഡബ്ബ് ചെയ്തിട്ടുണ്ട്. അമല്‍ നീരദ് ചിത്രമായ ബാച്ചിലേഴ്‌സ് പാര്‍ട്ടിയിലായിരുന്നു അത്. ഡബ്ബ് ചെയ്യാനായി ചെന്നപ്പോള്‍ അമല്‍ജി പറഞ്ഞു, ചേട്ടാ അതിലെ വില്ലന്‍ ക്യാരക്ടറിനാണ് ശബ്ദം കൊടുക്കേണ്ടത്.

പുള്ളി മലയാളിയല്ല. ഹിന്ദി ആര്‍ട്ടിസ്റ്റാണ് എന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ ആ ക്യാരക്ടറിന് ഡബ്ബ് ചെയ്ത്. ഞാന്‍ തിരികെ വീട്ടിലേക്ക് വരികയും ചെയ്തു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് ഒരു കോള്‍ വന്നു.

ഡബ്ബ് ചെയ്യാന്‍ ഒന്നുകൂടി വരണം എന്ന് പറഞ്ഞു. ഞാന്‍ കരുതി എന്തെങ്കിലും കറക്ഷന്‍ കാണും, അത് തിരുത്താനാകും എന്ന്. ചെന്നപ്പോഴാണ് പറയുന്നത് വില്ലന് വേണ്ടിയല്ല റഹ്മാന്റെ ക്യാരക്ടറിനാണ് ഡബ്ബ് ചെയ്യേണ്ടതെന്ന്.

പിന്നെന്താ ഇത് നേരത്തെ പറയാത്തതെന്ന് ഞാന്‍ ചോദിച്ചു. റഹ്മാന്‍ എന്നെക്കൊണ്ട് ഡബ്ബ് ചെയ്യിക്കണമെന്നാണ് പറഞ്ഞിരുന്നത്. അപ്പോഴാണ് ബ്ലാക്ക് സിനിമയില്‍ റഹ്മാന് ഡബ്ബ് ചെയ്തത് ആരാണെന്ന് അമല്‍ ചോദിച്ചത്.

വേറെ ഏതോ ആര്‍ട്ടിസ്റ്റിന്റെ പേരാണ് ആരോ പറഞ്ഞത്. അങ്ങനെ അദ്ദേഹത്തെ കൊണ്ടുവന്ന് ഡബ്ബ് ചെയ്യിച്ചിരുന്നു. ഡബ്ബിംഗിനിടെ ബ്ലാക്ക് സിനിമയിലെ മോഡുലേഷന്‍ വേണമെന്ന് അമല്‍ പറഞ്ഞു. ഇതുകേട്ട ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് അത് താനല്ല ഡബ്ബ് ചെയ്തതെന്ന് പറഞ്ഞു.

അപ്പോള്‍ അതാരാണെന്ന് അമല്‍ ചോദിച്ചപ്പോഴാണ് ഞാനാണ് റഹ്മാന് വേണ്ടി അന്ന് ഡബ്ബ് ചെയ്തതെന്ന് ആ ആര്‍ട്ടിസ്റ്റ് പറഞ്ഞത്. അങ്ങനെയാണ് റഹ്മാന് വേണ്ടി ഡബ്ബ് ചെയ്യാന്‍ വീണ്ടും എന്നെ വിളിക്കുന്നത്.

റഹ്മാന് ശബ്ദം നല്‍കിക്കഴിഞ്ഞ് ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ അമല്‍ എന്റെ അടുത്ത് വന്നു. വില്ലന്‍ കഥാപാത്രത്തിനും ചേട്ടന്റെ ശബ്ദത്തിന്റെ അതേ മോഡുലേഷന്‍ വേണമെന്നും അതുംകൂടി ഒന്ന് ഡബ്ബ് ചെയ്ത് തരണമെന്നും അമല്‍ പറഞ്ഞു.

 

അതെങ്ങനെയാ രണ്ട് ക്യാരക്ടേഴ്‌സും കോമ്പിനേഷന്‍ വരുന്നയല്ലെയെന്ന് ഞാന്‍ ചോദിച്ചു. അത് സാരമില്ല. കുറച്ച് ഒന്ന് മാറ്റം വരുത്തി ഡബ്ബ് ചെയ്യണമെന്ന് അമല്‍ പറഞ്ഞു.

ഏതായാലും നാളെ വന്ന് ചെയ്ത് തരാമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ പിറ്റേന്ന് കാലത്ത് ഞാന്‍ എത്തി ആ കഥാപാത്രത്തിനും ഡബ്ബ് ചെയ്യുകയായിരുന്നു. ആ പടത്തില്‍ വില്ലനും റഹ്മാനും ഞാന്‍ തന്നെയാണ് ശബ്ദം നല്‍കിയത്,’ ഷോബി തിലകന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Actor Shobi Thilakan Talks About Film Career