മമ്മൂക്ക വളരെ ഫ്രണ്ട്ലിയാണ്; ലാലിന്റെ വളർച്ചയിൽ എനിക്ക് സന്തോഷം മാത്രമേയുള്ളൂ: ശങ്കർ
Malayalam Cinema
മമ്മൂക്ക വളരെ ഫ്രണ്ട്ലിയാണ്; ലാലിന്റെ വളർച്ചയിൽ എനിക്ക് സന്തോഷം മാത്രമേയുള്ളൂ: ശങ്കർ
നന്ദന എം.സി
Monday, 9th March 2026, 8:10 am

മലയാളത്തിൽ ഒരു കാലത്ത് ഹിറ്റ് സിനിമകൾ സമ്മാനിച്ച നടനാണ് ശങ്കർ. ഇപ്പോളിതാ കരിയറിലെ തന്റെ ഉയർച്ച താഴ്ചകളെ കുറിച്ചും മലയാള സിനിമയുടെ അഭിമാന താരങ്ങളായ മോഹൻലാൽ മമ്മൂട്ടി എന്നിവരെ കുറിച്ചും സംസാരിക്കുകയാണ്. വൺ ടു ടോക്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലാലിന്റെ (മോ​​​ഹൻലാൽ) വളർച്ചയിൽ എനിക്ക് സന്തോഷം മാത്രമേയുള്ളൂ. ലാലിനെ ഞാൻ തുട‌ക്കം മുതൽ കാണുന്നതാണ്. വെർസറ്റാലിറ്റി ഞാൻ മനസിലാക്കിയതാണ്. ഹ്യൂമർ ചെയ്യാൻ പറ്റുന്ന ആക്ടർക്ക് എന്തും ചെയ്യാം. മോഹൻലാൽ ഉയരങ്ങളിലെത്തുമെന്ന് എനിക്കന്നേ അറിയാം.

റൊമാൻസ് ആണ് ആളുകൾ എന്റെ തലയിൽ വെച്ചത്. റൊമാൻസ് തന്നെ ചെയ്ത് പോയ ആക്ടേർസുണ്ട്. ഞാൻ കുറേ മാറാൻ ശ്രമിച്ചു. സിനിമയിൽ നല്ല സമയമുണ്ടായിരുന്നു. പിന്നെ മോശം സമയം വരും. അത് അഭിമുഖീകരിച്ചേ പറ്റൂ. ഒരു കാലഘട്ടത്തിൽ ഹിറ്റുകളുണ്ടാക്കിയ സംവിധായകർക്ക് ഇന്ന് ഹിറ്റുണ്ടാക്കാൻ പറ്റുന്നില്ലല്ലോ.

ഊതിക്കാച്ചിയ പൊന്ന് മൂവി, Photo: YouTube/ Screengrab

മമ്മൂക്കയുമായി ആദ്യം പരിചയമൊന്നുമില്ല. പടയോട്ടത്തിൽ അഭിനയിക്കുമ്പോൾ ആദ്യം സംസാരിച്ചില്ല. പിന്നെ പതുക്കെ മമ്മൂക്ക വളരെ ഫ്രണ്ട്ലിയായി. ആദ്യത്തെ മോൾ ഉണ്ടായ സമയത്ത് ഞങ്ങളെയൊക്കെ വിളിച്ചു.

അദ്ദേഹത്തിന് അന്ന് വളരെ സന്തോഷമായിരുന്നു . പണ്ട് സംവിധായകരെ ആശ്രയിച്ചാണ് ഞങ്ങൾ ആക്ടേർസ് പോകുന്നത്. കഥയൊന്നും ചോദിക്കില്ല. പിന്നെ അത് മാറി വന്നു. സിനിമയിൽ എന്റെ തു‌ടക്കം ഞാനെപ്പോഴും ആലോചിക്കും. അന്നത്തെ വിജയം ഞാൻ പ്രതീക്ഷിച്ചതേയില്ല. ഉയർച്ച താഴ്ചകൾ എല്ലാവർക്കും ഉണ്ടാകും.

ഇന്നും ഇവിടെ നിൽക്കുന്നു. എവിടെയെങ്കിലും തിരിച്ച് വരവുണ്ടാകും എന്ന് കരുതുന്നു. സങ്കടമില്ല. കാരണം ഞാനതിൽ നിന്നെല്ലാം മാറി നിന്നു,’ ശങ്കർ പറഞ്ഞു.

ശങ്കർ, മമ്മൂട്ടി മോഹൻലാൽ, Photo: Instagram/ Screengrab

ഇപ്പോളിതാ ശങ്കർ വീണ്ടും സംവിധായകന്റെ വേഷം അണിഞ്ഞിരിക്കുകയാണ്. അദ്ദേഹം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘എറിക്’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.

മലയാളത്തിന്റെ പ്രിയ താരം അഭിനയത്തിന് പുറമെ ചലച്ചിത്ര നിർമാണനത്തിന്റെ സാങ്കേതിക വശങ്ങളിലും തന്റെ വൈഭവം തെളിയിക്കുന്ന ചിത്രം കൂടിയാണിത്.

തെന്നിന്ത്യൻ താരം ഗീതിക തിവാരി, ഹേമന്ത് മേനോൻ, പ്രേം പ്രവീൺ, മനു കുരിശിങ്കൽ, കിരൺ പ്രതാപ്, രാംജി, ആഷ്, ആതിര രാജീവ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം ക്യു സിനിമാസ് ഇൻ അസോസിയേഷൻ വിത്ത് ഓഷ്യോ എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ശശി നായർ, ബെന്നി വാഴപ്പിള്ളിയിൽ, മധുസൂദനൻ മാവേലിക്കര, റാംജി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.

Content Highlight: Actor Shankar talk about Mammootty and Mohanlal

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.