ആ മാസ് സിനിമ പ്രതീക്ഷ നല്‍കി, നഷ്ടപ്പെട്ടതോടെ വലിയ നിരാശയായി: ശങ്കര്‍
Film News
ആ മാസ് സിനിമ പ്രതീക്ഷ നല്‍കി, നഷ്ടപ്പെട്ടതോടെ വലിയ നിരാശയായി: ശങ്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 23rd September 2022, 8:48 pm

1980 കളില്‍ സൂപ്പര്‍ സ്റ്റാര്‍ പരിവേഷമുണ്ടായിരുന്ന നടനാണ് ശങ്കര്‍. ഇപ്പോഴും സിനിമകളില്‍ അഭിനയിക്കുന്നുണ്ടങ്കിലും പഴയകാല നടന്‍ എന്ന രീതിയിലാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. താന്‍ സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കാനുള്ള കാരണം ഒരു സിനിമയാണെന്നും പഴയകാല നടന്‍ എന്ന് വിശേഷിപ്പിക്കുന്നതില്‍ തനിക്ക് വിഷമം ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലുള്ളവരുടെയും തമിഴ്നാട്ടിലുള്ളവരുടെയും സിനിമയില്‍ അഭിനയിക്കുന്നവരോടുള്ള ആരാധന വേറെ തന്നെയാണ്. തമിഴ്നാട്ടിലുള്ളവര്‍ കാലില്‍ വന്ന് വീഴുമെന്നും സിനിമാ അനുഭവങ്ങളെക്കുറിച്ച് സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ശങ്കര്‍ പറഞ്ഞു.

”ഞാന്‍ സിനിമയില്‍ നിന്നും മാറാനുള്ള കാരണം ഒരു മാസ് സിനിമ എന്നെ വച്ച് ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് അത് പിന്നെ ഇല്ലാതായപ്പോഴാണ്. അത് എനിക്ക് വലിയ പ്രതീക്ഷ തന്നു.

വേറെ ഒരു തരത്തിലേക്ക് നമ്മള്‍ മാറാന്‍ പോവുകയാണെന്ന് ആഗ്രഹിച്ച് പിന്നെ അതില്ല എന്ന് അറിഞ്ഞപ്പോള്‍ വലിയ നിരാശയായി. അത് പക്ഷേ വളരെ ചെറിയ കാര്യത്തിന് വരാതിരിക്കുകയായിരുന്നു. അന്ന് ആ സിനിമ നടന്നിരുന്നെങ്കില്‍ ഞാന്‍ എവിടെ എത്തുമെന്ന് എനിക്കറിയാമായിരുന്നു.

മലയാളത്തില്‍ അല്ല തമിഴില്‍ ഞാന്‍ നല്ല നിലയില്‍ എത്തുമായിരുന്നു. തമിഴ് നാട്ടിലെ ആരാധന വേറെയാണ്. അന്ന് ഞാന്‍ അവിടെ എവിടെയെങ്കിലും പോയാല്‍ അവിടെ ഉള്ളവര്‍ എന്റെ കാല് തൊട്ട് നമസ്‌കരിക്കുമായിരുന്നു. അവരുടെ ആരാധന വേറയാണ്. നമ്മുടെ ആളുകള്‍ ഉള്ളിന്റെ ഉള്ളില്‍ ആരാധന സൂക്ഷിക്കുന്നവരാണ്. അവര്‍ പുറത്തേക്ക് അങ്ങനെ കാണിക്കില്ല. പക്ഷേ തമിഴ് നാട്ടില്‍ അങ്ങനെയല്ല. അവര്‍ വളരെ ഓപ്പണാണ്. ഇന്നത്തെ കാലത്തെ പോലെയല്ല, പണ്ട് ഒരു ഷൂട്ടിങ്ങിന് പോയാല്‍ ജനസാഗരമാണ് അവിടെ.

ഇപ്പോള്‍ അത്ര ഒന്നുമില്ല. സിനിമ കണ്ട് ആളുകള്‍ക്ക് ആ അതിശയം മാറി. അന്ന് സിനിമയില്‍ അഭിനയിക്കുന്നവരെ കാണുന്നത് വളരെ അപൂര്‍വമാണ് അത് കൊണ്ട് എവിടെയെങ്കിലും ഷൂട്ടിങ്ങിന് വന്നാലാണ് കാണാന്‍ കഴിയുക. ഇപ്പോള്‍ നിരവധി പരിപാടികള്‍ നടക്കുന്നു. അന്നത്തെ ആരാധന വേറെയാണ്. അത് ഞങ്ങളുടെ ഭാഗ്യമാണ്,” ശങ്കര്‍ പറഞ്ഞു.

പഴയകാലനടന്‍ എന്ന് കേള്‍ക്കുന്നതില്‍ വിഷമം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

”സിനിമയില്‍ നമ്മള്‍ സജീവമായാലും പഴയകാലനടന്‍ എന്നാണ് പറയുക. ഞാന്‍ സിനിമയില്‍ നിന്നും മാറി നിന്നിട്ടില്ല. പിന്നെയും സിനിമകള്‍ ഒരുപാട് ഞാന്‍ ചെയ്തിട്ടുണ്ട്. അടുത്ത് ഒരു സംഭവം ഉണ്ടായിരുന്നു, ഞാന്‍ ഹോട്ടലില്‍ ഇരിക്കുമ്പോള്‍ ഒരാള്‍ വന്ന് ചോദിച്ചു ശങ്കര്‍ അല്ലെ എന്ന്. അയാള്‍ വേറെ ഒരാളെ വിളിച്ച് എന്നെ കാണിച്ചു കൊടുത്തു. പക്ഷേ എന്നെ മനസ്സിലായില്ല.

അയാള്‍ കുറേ അലോചിച്ച് നിന്നപ്പോള്‍ മറ്റേ വ്യക്തി പറഞ്ഞു ഇത് പഴയകാല നടന്‍ ശങ്കര്‍ ആണെന്ന്. പക്ഷേ എന്റെ തൊട്ടപ്പുറത്ത് ഇരുന്ന വ്യക്തിക്ക് പെട്ടെന്ന് ദേഷ്യം വന്നു. അയാള്‍ എഴുന്നേറ്റ് വന്നു ഇവരോട് ദേഷ്യപ്പെടാന്‍ തുടങ്ങി. നിങ്ങളെന്താണ് പഴയ നടന്‍ എന്നു വിളിക്കുന്നതെന്ന് ചോദിച്ച് ഇവരോട് ചൂടായി. ഇദ്ദേഹം ഇപ്പോഴും അഭിനയിക്കുന്നുണ്ട്. ഞങ്ങള്‍ക്ക് വളരെ ഇഷ്ടപ്പെട്ട നടനാണ് എന്നൊക്കെ പറഞ്ഞു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: actor shankar said he doesn’t mind being called an old actor