വിലായത്ത് ബുദ്ധയുടെ ചിത്രീകരണത്തിനിടെ നടന്‍ പൃഥ്വിരാജുമായുണ്ടായ അനുഭവത്തെക്കുറിച്ച് പറയുകയാണ് നടന്‍ ഷമ്മി തിലകന്‍. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരം അനുഭവം പങ്കു വച്ചത്.
‘ നവംബര്‍ മാസം തുടക്കത്തിലാണ് വിലായത്ത് ബുദ്ധയുടെ ടെയില്‍ എന്‍ഡ് ഷൂട്ട് ചെയ്തത്. അതുവരെയുള്ള ഡബ്ബിങ് എല്ലാം പൂര്‍ത്തിയാക്കുന്നതിനിടയില്‍ രാജു ഞാന്‍ അഭിനയിച്ച രംഗങ്ങള്‍ കണ്ടിട്ടുണ്ട്. ടെയില്‍ എന്‍ഡിന്റെ ഷൂട്ടിനായി ഞാന്‍ ലൊക്കേഷനിലെത്തിയപ്പോള്‍ രാജു അവിടെയുണ്ടായിരുന്നു. ഷമ്മി ചേട്ടാ എന്ന് ഉറക്കെ വിളിച്ചുകൊണ്ട് രാജു എന്നെ വിഷ് ചെയ്തു.
അദ്ദേഹത്തിന്റെ ശബ്ദമറിയാമല്ലോ, വളരെ ത്രോയുള്ള സൗണ്ടാണ്. ഞാന്‍ ചേട്ടന്റെ ഒരുപാട് ചിത്രമൊന്നും കണ്ടിട്ടില്ല, പക്ഷേ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ബ്യൂട്ടിഫുള്‍ ആയിട്ടുള്ള പെര്‍ഫോമന്‍സാണ് ഈ ചിത്രത്തില്‍. പല സീനുകളിലും എനിക്ക് തിലകന്‍ അങ്കിളിനെ കാണാന്‍ സാധിച്ചു എന്ന് പൃഥ്വി എന്നോട് പറഞ്ഞു. ചിരിച്ച് കളിച്ച് സീനിന്റെ മൂഡിലായിരുന്നു ഞാന്‍ ലൊക്കേഷനിലെത്തിയത്. ഇതങ്ങോട്ട് കേട്ടപ്പോഴേക്ക് എന്റെ റിലേ പോയി.
എന്റെ കണ്ണൊക്കെ നിറഞ്ഞ് വല്ലാത്ത ഒരു അവസ്ഥയിലായി. ജയനോട് ഞാന്‍ ഒരു അഞ്ച് മിനുട്ട് ഇടവേള ചോദിച്ചു. അങ്ങനെ അത്രയും പേരുടെ മുന്‍മ്പില്‍ വച്ച് ഒരു അപ്രിസിയേഷന്‍ ചെയ്യാനുള്ള മനസ്സ് രാജുവിനല്ലാതെ മറ്റൊരു താരത്തിനും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അതിനെക്കുറിച്ച് പറയുമ്പോള്‍ ഇപ്പോഴും എന്റെ കണ്ണ് നിറയുന്നുണ്ട്. ആരും ആഗ്രഹിക്കുന്ന കാര്യമാണത്,’ ഷമ്മി തിലകന്‍ പറയുന്നു.
‘ഏത് ജോലിയായാലും അത്തരത്തിലൊരു അനുമോദനം ആരും ആഗ്രഹിക്കും, എന്റെ ജീവിതത്തില്‍ അത്രയും ഫീലിങ് ഉണ്ടായ നിമിഷം വേറെ ഉണ്ടായിട്ടില്ല. ഈ അവസരത്തില്‍ ഞാന്‍ രാജുവിനോട് പറയുകയാണ് നന്ദി രാജു, ലവ് യൂ,’ താരം പറഞ്ഞു.
ജി.ആര്‍. ഇന്ദുഗോപന്റെ നോവലിനെ ആസ്പദമാക്കി ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്ത വിലായത് ബുദ്ധ കഴിഞ്ഞ മാസം തിയേറ്ററിലെത്തിയിരുന്നു. പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ ഷമ്മി തിലകന്‍, പ്രിയംവദ കൃഷ്ണന്‍, രാജശ്രീ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.
Content Highlight: Actor shammi thilakan talks about actor prithviraj