അന്ന് എനിക്ക് വേണ്ടി ക്ലാപ് ബോർഡ് പിടിച്ചത് അമിതാഭ് ബച്ചനായിരുന്നു: ഷാജു ശ്രീധർ
Film News
അന്ന് എനിക്ക് വേണ്ടി ക്ലാപ് ബോർഡ് പിടിച്ചത് അമിതാഭ് ബച്ചനായിരുന്നു: ഷാജു ശ്രീധർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 18th September 2023, 5:09 pm

മഞ്ജു വാര്യറുടെയും അമിതാഭ് ബച്ചന്റെയും കൂടെ അഭിനയിച്ച പരസ്യ ചിത്രത്തെക്കുറിച്ച സംസാരിക്കുകയാണ് നടൻ ഷാജു ശ്രീധർ. ബാങ്ക് മാനേജറായിട്ടാണ് താൻ അവരുടെ കൂടെ അഭിനയിച്ചതെന്നും തന്റെ ഫെയ്‌സിന് ക്ലാപ് അടിച്ചത് അമിതാഭ് ബച്ചനായിരുന്നെന്നും താരം പറഞ്ഞു. ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘അമിതാഭ് ബച്ചന്റെയും മഞ്ജുവാര്യരുടെയും ഫേയ്സ് റ്റു ഫേയ്സ് ആയിട്ടായിട്ടാണ് ഞാൻ പരസ്യത്തിൽ അഭിനയിച്ചത്. ഞാൻ പറയുന്ന മലയാളം കറക്റ്റ് ആണോ എന്ന് ഓപ്പോസിറ്റ് നിന്നു കൊണ്ട് അമിതാഭ് ബച്ചൻ എന്നോട് ചോദിച്ചു. ആ ചോദ്യം പോലും അദ്ദേഹത്തിന്റെ മുന്നിൽ ചങ്കിടിച്ചാണ് ഞാൻ കേൾക്കുന്നത്. ചോദ്യം കേട്ടതോടെ ഞാൻ അവിടെ ചെറുതായിട്ട് ഒന്ന് രാജാവായി, കാരണം മലയാളം എനിക്കല്ലേ അറിയൂ അമിതാഭ് ബച്ചന് അറിയില്ലല്ലോ.

 

കറക്റ്റ് ആണ് സാർ എന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ മുന്നിൽ ഞാൻ വിറച്ചിരിക്കുകയാണ്. ഞാൻ ഒരു ബാങ്ക് മാനേജർ ആയിട്ടാണ് അഭിനയിക്കുന്നത്. ഓപ്പോസിറ്റ് മഞ്ജു വാര്യറും അമിതാഭ് ബച്ചനും ഇരിക്കുന്നു. മഞ്ജു പിന്നെ നമുക്ക് നല്ല ഫ്രണ്ട്‌ലിയാണ്, നമുക്ക് പരിചയമുള്ള ആളാണ്.

മഞ്ജു ആണ് ഏക ആശ്വാസം, ബാക്കിയുള്ളവരെല്ലാം പുലികളാണ്. ക്ലാപ് ബോർഡ് പിടിക്കുന്നത് ഒരു പെൺകുട്ടിയാണ്. ആ കുട്ടിക്ക് എന്റെ മുന്നിൽ ക്ലാപ് ചെയ്യാൻ എത്തുന്നില്ല. അപ്പോൾ അമിതാഭ് ബച്ചർ സാർ ആ ക്ലാപ് ബോർഡ് വാങ്ങി. എന്റെ ഫേസിൽ ക്ലാപ് ബോർഡ് പിടിച്ചത് അമിതാഭ് ബച്ചൻ സാറാണ്.

അത്ഭുതത്തോടെ ആ മനുഷ്യനെ ഞാനിങ്ങനെ നോക്കി നിൽക്കുകയാണ്. എത്രയോ കാലം ഞാൻ കണ്ടു കൊണ്ടിരുന്ന മനുഷ്യനാണ് എന്റെ മുന്നിലിരിക്കുന്നത്. ആ പരസ്യം ഇറങ്ങുന്നത് വരെ ഞാൻ ആരോടും പറഞ്ഞിട്ടില്ല. അവർ എന്നെ എവിടെ വെച്ച് കട്ട് ചെയ്യുമെന്ന് എനിക്ക് അറിയില്ല. ഇവൻ കൊള്ളൂല എന്ന് അമിതാഭ് ബച്ചന് തോന്നിക്കഴിഞ്ഞാൽ അപ്പോൾ കട്ടാണ് ഞാൻ, പക്ഷേ അത് ചെയ്യാൻ പറ്റി. അദ്ദേഹത്തിനു മുമ്പിൽ അഭിനയിക്കാൻ പറ്റി എന്നതാണ് എന്റെ വലിയ സന്തോഷം,’ഷാജു പറഞ്ഞു.

Content Highlight: Actor Shaju Sridhar talks about his ad film with Manju Warrier and Amitabh Bachchan