ഇത്രയും നാള്‍ ഫ്രെയിമില്‍ വരുമ്പോള്‍ പാവം ചെക്കന്‍ എന്ന് പറഞ്ഞവര്‍ ഒറ്റയടിക്ക് മാറി: സംഗീത്
Malayalam Cinema
ഇത്രയും നാള്‍ ഫ്രെയിമില്‍ വരുമ്പോള്‍ പാവം ചെക്കന്‍ എന്ന് പറഞ്ഞവര്‍ ഒറ്റയടിക്ക് മാറി: സംഗീത്
ആര്യ. പി
Tuesday, 7th July 2026, 2:38 pm

നസ്‌ലെനെ നായകനാക്കി അഭിനവ് സംവിധാനം ചെയ്ത ചിത്രമാണ് മോളിവുഡ് ടൈംസ്. ഒ.ടി.ടി റിലീസിന് പിന്നാലെ ചിത്രം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നുണ്ട്.

സിനിമയില്‍ അര്‍ജുന്‍ ഹരിദാസ് എന്ന നെഗറ്റീവ് റോളിലെത്തിയത് നടന്‍ സംഗീതായിരുന്നു. പ്രേമലുവിനെ സച്ചിന്‍-അമല്‍ ഡേവിസ് കോമ്പോയില്‍ നിന്ന് മാറി വിനീത് മാധവന്‍-അര്‍ജുന്‍ ഹരിദാസ് കോമ്പോ പ്രേക്ഷകര്‍ക്ക് പുതുമയുള്ളതായിരുന്നു.

സിനിമയുടെ ഒ.ടി.ടി റിലീസിന് ശേഷം സംഗീതിന്റെ കഥാപാത്രത്തിന് ഒരേ സമയം കയ്യടിയും വിമര്‍ശനങ്ങളും ലഭിക്കുന്നുണ്ട്. പെര്‍ഫോമന്‍സുകൊണ്ട് സംഗീത് ഞെട്ടിച്ചെന്ന് ചിലര്‍ പറയുമ്പോള്‍ അത്തരമൊരു കഥാപാത്രത്തെ ഷോള്‍ഡര്‍ ചെയ്യാന്‍ സംഗീതിനായില്ലെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു.

സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സിനിമേറ്റ് യൂട്യൂബ് ചാനലില്‍ സംഗീത്. ഇത്രയും നാള്‍ ഫ്രെയിമില്‍ വരുമ്പോള്‍ പാവം ചെക്കന്‍ എന്ന് പറഞ്ഞവരുടെ അഭിപ്രായം ഈ സിനിമ കണ്ടതോടെ ഒറ്റയടിക്ക് മാറിയെന്ന് സംഗീത് പറയുന്നു.

മോളിവുഡ് ടൈംസില്‍ നിന്നുള്ള രംഗം photo: Instagram

‘നല്ല സുഹൃത്തുക്കളായിരുന്ന ഞങ്ങളെ ഇങ്ങനെയാക്കി മാറ്റിയല്ലേ. തിയേറ്ററില്‍ സിനിമ കണ്ടവരില്‍ നിന്നും ശരിക്കും എനിക്ക് നല്ല റെസ്‌പോണ്‍സുകളാണ് കിട്ടിയത്.

ഞങ്ങള്‍ക്കും നല്ല ആഗ്രഹമുണ്ടായിരുന്നു ഇങ്ങനെ എന്തെങ്കിലും ഒരു പരിപാടി ചെയ്യണമെന്ന്. ആളുകള്‍ക്ക് അത് ഇഷ്ടമായെന്ന് പറയുമ്പോള്‍ സന്തോഷം.

ആളുകള്‍ ഇപ്പോള്‍ മാക്‌സിമം എന്നെ വെറുക്കുന്നുണ്ട്. ഇത്രയും നാള്‍ ഫ്രെയിമില്‍ വരുമ്പോള്‍ പാവം ചെക്കന്‍ എന്ന് പറഞ്ഞവര്‍ ഒറ്റയടിക്ക് മാറി. എന്റെ അമ്മയ്ക്ക് എന്നോട് ദേഷ്യവും നസ്‌ലെന്‍ കരഞ്ഞപ്പോള്‍ അവനോട് സങ്കടവും സ്‌നേഹവും തോന്നി എന്ന് പറഞ്ഞു,’ സംഗീത് പറയുന്നു.

മോളിവുഡ് ടൈംസില്‍ നിന്നുള്ള രംഗം

മോളിവുഡ് ടൈംസിലെ കോമ്പോ ആളുകള്‍ പ്രതീക്ഷിച്ചിരുന്നതല്ലെന്നും ആത്യന്തികമായി ഇത് നസ്‌ലെന്‍ ഷോള്‍ഡര്‍ ചെയ്യുന്ന സിനിമയായിരുന്നെന്നും സംഗീത് പറയുന്നു.

പല സീനുകളിലും നസ്‌ലെന്‍ ഞെട്ടിച്ചെന്നും ഒന്ന് രണ്ട് സീനുകളിലെ പെര്‍ഫോമന്‍സ് കണ്ടിട്ട് താന്‍ സ്റ്റക്കായി പോയിട്ടുണ്ടെന്നും സംഗീത് പറഞ്ഞു.

Content Highlight: Actor sangeet Prathap about His Character on Mollyood Times

ആര്യ. പി
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.