പൃഥ്വിരാജിനോട് ഒരിക്കലും നുണ പറയാന്‍ പറ്റില്ല; കുരുതി ലൊക്കേഷന്‍ അനുഭവം പങ്കുവെച്ച് സാഗര്‍ സൂര്യ
Malayalam Cinema
പൃഥ്വിരാജിനോട് ഒരിക്കലും നുണ പറയാന്‍ പറ്റില്ല; കുരുതി ലൊക്കേഷന്‍ അനുഭവം പങ്കുവെച്ച് സാഗര്‍ സൂര്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 24th August 2021, 5:17 pm

 

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍ നിര്‍മിച്ച് മനു വാര്യര്‍ സംവിധാനം ചെയ്ത കുരുതി സിനിമ പ്രേക്ഷകരില്‍ നിന്നും സമ്മിശ്ര പ്രതികരണം നേടി മുന്നേറുകയാണ്. ഒരു സങ്കീര്‍ണ വിഷയത്തെ സിനിമ കൈകാര്യം ചെയ്തിരിക്കുന്ന രീതിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ പുറത്തു വരുന്നുണ്ട്.

അതേസമയം മാമുക്കോയ, പൃഥ്വിരാജ്, റോഷന്‍ മാത്യു, ശ്രിന്റ, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി എന്നിവരുടെ അഭിനയം വലിയ പ്രേക്ഷകപ്രീതി നേടിയിട്ടുണ്ട്. ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധേയനായ സാഗര്‍ സൂര്യയും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഇപ്പോള്‍ കുരുതി സിനിമയുടെ ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സാഗര്‍ സൂര്യ. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് സാഗര്‍ സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ചത്.

പൃഥ്വിരാജിനെ ഷൂട്ടിംഗ് സെറ്റില്‍ വെച്ച് ആദ്യമായി കണ്ടതിന്റെ വിശേഷങ്ങള്‍ താരം അഭിമുഖത്തില്‍ പറഞ്ഞു. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്നേ സംഘട്ടന രംഗങ്ങളുടെ ചിത്രീകരണം മനസ്സിലാക്കുന്നതിന് ലൊക്കേഷനില്‍ എത്തിയപ്പോഴാണ് ആദ്യമായി പൃഥ്വിരാജിനെ കണ്ടത് എന്ന് പറഞ്ഞ താരം പൃഥ്വിരാജിനെക്കുറിച്ചും അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

”നമ്മള്‍ നോര്‍മല്‍ മനുഷ്യന്മാരെപ്പോലെയല്ല ഇവര്‍. ഇവര് നല്ല രീതിയില്‍ പണിയെടുക്കുന്നത് കൊണ്ടാണ് സിനിമ വേറൊരു രീതിയിലേക്ക് എത്തുന്നത്. ഭയങ്കര എനര്‍ജിയാണ് അവര്‍ക്ക്. നമ്മള്‍ ചിന്തിക്കുന്നതില്‍ നിന്നും വേറിട്ട് ചിന്തിക്കുന്നവരാണ്,” പൃഥ്വിരാജിനെയും സംവിധായകന്‍ മനു വാര്യരെയും കുറിച്ച് സാഗര്‍ പറഞ്ഞു.

സിനിമയുടെ പ്രൊഡ്യൂസറാണെങ്കില്‍ പോലും പൃഥ്വിരാജ് എല്ലാ കാര്യങ്ങള്‍ക്കും അദ്ദേഹം എപ്പോഴും കൂടെ നില്‍ക്കുമെന്നും സാഗര്‍ അഭിമുഖത്തില്‍ പറയുന്നു. പൃഥ്വിരാജിന് സിനിമയെ സംബന്ധിച്ച് എല്ലാ കാര്യങ്ങളിലും അറിവുണ്ടെന്നും അതുകൊണ്ട് തന്നെ നുണ പറയാന്‍ പറ്റില്ലെന്നും തമാശ രൂപേണ സാഗര്‍ പറഞ്ഞു.

”എല്ലാ കാര്യത്തെക്കുറിച്ചും അദ്ദേഹത്തിന് നല്ല നോളേജ് ഉണ്ട്. ഒരിക്കലും നൂണ പറയാന്‍ പറ്റൂല. രാജുച്ചേട്ടന് എല്ലാ കാര്യങ്ങളും അറിയാം,” സാഗര്‍ പറഞ്ഞു.

ഷൂട്ടിംഗ് സെറ്റിലെ പൃഥ്വിരാജിന്റെ എനര്‍ജിയെക്കുറിച്ചും അഭിമുഖത്തില്‍ സാഗര്‍ പറയുന്നു. ”കാലത്ത് മുതല്‍ രാത്രി വരെ ഒരേ എനര്‍ജിയാണ്. ആ എനര്‍ജിയില്‍ നിന്ന് ഒരു പൊടി പോലും താഴില്ല. അത്രേം പമ്പ് ചെയ്തിട്ടാണ് മച്ചാന്‍ നില്‍ക്കുന്നത്,” സാഗര്‍ പറഞ്ഞു.

ഷൂട്ടിംഗ് ലൊക്കേഷനില്‍ എല്ലാവരുമായും സൗഹൃദത്തിലായിരുന്നുവെന്ന് പറഞ്ഞ താരം എനര്‍ജിയുടെ കാര്യത്തില്‍ മാമുക്കോയ തന്നെ അത്ഭുതപ്പെടുത്തിയെന്നും പറയുന്നു. ”ഷൂട്ടിംഗ് ലൊക്കേഷനില്‍ കൂടുതല്‍ എനിക്ക് എനര്‍ജി തോന്നിയത് മാമുക്കോയ സാറിനായിരുന്നു. ഒരു രക്ഷയുമില്ല. അദ്ദേഹത്തിന്റെ പ്രായം നമ്മള്‍ നോക്കണം. ആ പ്രായത്തില്‍ പോലും ആളുടെ കൗണ്ടറുകള്‍ ഒരു രക്ഷയുമില്ല.” താരം പറഞ്ഞു.

കുരുതി സിനിമയിലെ സാഗറിന്റെ കഥാപാത്രമായ വിഷ്ണു ചിത്രത്തിലെ മുഴുനീള സാന്നിധ്യമാണ്. ടെലിവിഷന്‍ പരിപാടികളിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ സാഗര്‍ സൂര്യയുടെ പുറത്തിറങ്ങിയ ആദ്യ സിനിമ കൂടിയാണ് കുരുതി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Sagar Surya Share Kuruthi Movie Experiance and pritviraj