'പ്രേമം' കഴിഞ്ഞതോടെ പ്രേമം ശരിയായി, ഞങ്ങളുടേത് ഇന്റര്‍ സ്റ്റേറ്റ് മാരേജാണ്: വിവാഹത്തെക്കുറിച്ച് ശബരീഷ് വര്‍മയും അശ്വനിയും
Entertainment news
'പ്രേമം' കഴിഞ്ഞതോടെ പ്രേമം ശരിയായി, ഞങ്ങളുടേത് ഇന്റര്‍ സ്റ്റേറ്റ് മാരേജാണ്: വിവാഹത്തെക്കുറിച്ച് ശബരീഷ് വര്‍മയും അശ്വനിയും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 28th February 2022, 10:08 am

നേരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് ശബരീഷ് വര്‍മ. പ്രേമത്തിന് ശേഷം ഒട്ടനവധി സിനിമകളുടെ ഭാഗമാകാനും താരത്തിനായിട്ടുണ്ട്. നടന്‍ എന്നതിലുപരി ഒരു ഗായകനും ഗാനരചയിതാവും കൂടിയാണ് ശബരീഷ് വര്‍മ.

പ്രേമത്തിലെ ശംഭു എന്ന കഥാപാത്രത്തെ നമ്മളാരും അത്ര പെട്ടെന്ന് മറക്കില്ല. പ്രേമത്തിലെ എല്ലാ പാട്ടുകള്‍ക്കും തന്നെ വരികളൊരുക്കിയത് ശബരീഷ് ആയിരുന്നു.

താരത്തിന്റെ സിനിമകളെ കുറിച്ചും കരിയറിനെ കുറിച്ചുമെല്ലാം പ്രേക്ഷകര്‍ക്കറിയുന്നതാണ് എന്നാല്‍ താരത്തിന്റെ വിവാഹത്തെ പറ്റി ആരും അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം. ഇപ്പോഴിതാ തന്റേയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരം. ശബരീഷും ഭാര്യ അശ്വിനിയും ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹത്തേയും പ്രണയത്തേയുമെല്ലാം കുറിച്ച് സംസാരിക്കുന്നത്.

 

പ്രണവ് മോഹന്‍ലാലിന്റെ ഹൃദയം അടക്കമുള്ള സിനിമകളുടെ ആര്‍ട്ട് ഡയറക്ടര്‍ ആയിരുന്നു അശ്വനി. പ്രേമം സിനിമയിലൂടെ അസിസ്റ്റന്റ് ആര്‍ട്ട് ഡയറക്ടറായി കരിയര്‍ തുടങ്ങിയ അശ്വനി പിന്നീട് മലയാളത്തിലെ ഹിറ്റ് സിനിമകളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരുന്നു.

പ്രേമത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് ഇരുവരും അടുപ്പത്തിലാവുന്നതെന്നും തങ്ങളുടേത് ഇന്റര്‍ സ്‌റ്റേറ്റ് വിവാഹം ആയിരുന്നെന്നും ഇരുവരും പറയുന്നു.

‘പ്രേമം സിനിമയിലെ അസിറ്റന്റ് ആര്‍ട്ട് ഡയറക്ടര്‍ ആയിരുന്നു ഞാന്‍. മുംബൈ സ്വദേശിനിയാണ് അശ്വനി. രണ്ട് പേരും സെറ്റില്‍ ഉള്ളത് കൊണ്ട് പ്രേമത്തിലായി. അദ്ദേഹം വളരെ സത്യസന്ധനായി തോന്നിയത് കൊണ്ടാണ് വിവാഹം കഴിച്ചത്. ഇതുവരെ ഒരു ഫേക്ക് ആയി തോന്നിയിട്ടില്ല. പ്രേമത്തിന്റെ ഷൂട്ടിങ്ങൊക്കെ കഴിഞ്ഞ് ഞാന്‍ മുംബൈയിലേക്ക് പോയതിന് ശേഷമാണ് എന്നെ ഇഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞത്. നാലഞ്ച് ദിവസത്തിന് ശേഷം ഞാനും യെസ് പറഞ്ഞു. രണ്ട് കുടുംബത്തിലും പ്രശ്നങ്ങള്‍ ഒന്നുമില്ലായിരുന്നു,’ അശ്വനി പറഞ്ഞു.

താനൊക്കെ കല്യാണം കഴിക്കുമെന്ന് വീട്ടുകാര്‍ ഒരിക്കലും വിചാരിച്ചിട്ടില്ലായിരുന്നെന്നും ആരെയെങ്കിലും വിവാഹം ചെയ്താല്‍ മതിയെന്നായിരുന്നു അവര്‍ക്കെന്നും ശബരീഷ് പറയുന്നു.

‘ഞാനൊക്കെ കെട്ടി നന്നാവുമെന്ന് വീട്ടുകാര്‍ക്ക് പോലും യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നു. ആരെയെങ്കിലും ഒന്ന് കെട്ടിയാ മതിയെന്നായിരുന്നു. അതുകൊണ്ട് ഞങ്ങളുടെ വിവാഹത്തിന് ഒരു പ്രശ്‌നവുമില്ല,’ താരം പറയുന്നു.

പ്രേമം സിനിമ കഴിയുന്നതോടെ എല്ലാവരുടേയും പ്രേമം ശരിയാവുമെന്ന് അല്‍ഫോന്‍സ് പറഞ്ഞിരുന്നെന്നും ശബരീഷ് പറഞ്ഞു.

തന്റെ സിനിമകള്‍ ഇറങ്ങുമ്പോള്‍ തനിക്ക് ടെന്‍ഷനൊന്നും ഉണ്ടാവാറില്ലെന്നും എന്നാല്‍ അശ്വനിക്ക് അങ്ങനെയല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘സിനിമകള്‍ ഇറങ്ങുമ്പോള്‍ എനിക്ക് ടെന്‍ഷന്‍ ഒന്നുമില്ല. എന്നാല്‍ അശ്വിനിക്ക് എല്ലാ കാര്യത്തിനും ടെന്‍ഷനാണ്. ഒരു സിനിമ ഇറങ്ങിയാലും അല്ലെങ്കിലുമൊക്കെ ടെന്‍ഷാവും,’ ശബരീഷ് പറഞ്ഞു.

ഹൃദയം എന്ന ചിത്രത്തില്‍ പ്രണവും കല്യാണിയും താമസിച്ചിരുന്ന ഫ്‌ളാറ്റ് കാലിയായിരുന്നെന്നും താനും ടീമും ചേര്‍ന്നാണ് അതിനെ മിനുക്കിയെടുത്തതെന്നും അശ്വനി പറയുന്നു.

‘പ്രേമത്തിലും, ബാംഗ്ലൂര്‍ ഡേയ്സിലും അസിറ്റന്റ് ആര്‍ട്ട് ഡയറക്ടര്‍ ആയിരുന്നു. പ്രണവിന്റെയും കല്യാണിയുടെയും വിവാഹം കഴിഞ്ഞ് താമസിക്കുന്ന ഫ്ളാറ്റില്‍ ഒരു സാധനം പോലും ഇല്ലാതെ കാലി ആയിരുന്നു. പിന്നീട് ഞങ്ങളതില്‍ വേണ്ടതൊക്കെ നിറയ്ക്കുകയായിരുന്നു,’ അശ്വനി പറഞ്ഞു.

ഭീമന്റെ വഴിയാണ് അവസാനം ശബരീഷിന്റേതായി പുറത്തിറങ്ങിയ ചിത്രം.


Content Highlights: Actor Sabareesh Varma about his marriage