ദൃശ്യം എന്ന ചിത്രത്തിലെ വരുണ്‍ പ്രഭാകര്‍ എന്ന ഒറ്റ കഥാപാത്രത്തിലൂടെ ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകര്‍ക്ക് പരിചിതമായ മുഖമാണ് റോഷന്‍ ബഷീര്‍. ഹണി റോസ് നായികയാകുന്ന റേച്ചല്‍ എന്ന ചിത്രത്തിലൂടെ താരം വീണ്ടും മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നു. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റെഡ് എഫ്.എം. മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.
ദൃശ്യം എന്ന ചിത്രത്തിന് ശേഷം അന്യഭാഷ ചിത്രങ്ങളില്‍ അഭിനയിച്ചതിനെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിനുള്ള മറുപടി നല്‍കുകയായിരുന്നു താരം.
‘2013 ല്‍ ഒരു സംഭവം പണ്ണി വെച്ചിട്ട് അതിന്റെ ആഫ്ടര്‍ എഫക്ട് ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ദൃശ്യം സിനിമയിലെ വരുണ്‍ പ്രഭാകറിന്റെ കഥാപാത്രം ചിത്രത്തോടൊപ്പം വളര്‍ന്നു. ആദ്യം വലിയ ചര്‍ച്ചയായി പിന്നീട് ഒരു ഡേറ്റിന്റെ പേരില്‍ ട്രോളായി അറിയപ്പെട്ടു. ആദ്യമൊക്കെ അത് പുതിയൊരു അനുഭവമായിരുന്നു, പിന്നെ അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറി. കാരണം എല്ലാ വര്‍ഷവും വരുണ്‍ പ്രഭാകര്‍ ആദരിക്കപ്പെടുന്നുണ്ട്.
എന്റെ സുഹൃത്തുക്കളെല്ലാം എന്നോട് ചോദിക്കാറുണ്ട് എന്റെ ഭാഗ്യമല്ലേ ഇത്രയും വലിയ ലോകമറിയപ്പെട്ട ചിത്രത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞത് എന്ന്. ശരിയാണ്, പക്ഷേ, അതിനുശേഷം ആ കഥാപാത്രത്തെ ബ്രേക്ക് ചെയ്യണമെങ്കില്‍ അതിലും വലിയൊരു കാന്‍വാസില്‍ ഒരു ചിത്രം വരണം. മലയാളത്തില്‍ അത്തരത്തിലൊരു ചിത്രം എനിക്ക് ദൃശ്യത്തിന് ശേഷം ലഭിച്ചിരുന്നില്ല. വരാനിരിക്കുന്ന റേച്ചല്‍ അങ്ങനെയൊരു സിനിമയാകുമെന്നാണ് എന്റെ പ്രതീക്ഷ. അതേ സമയം തെലുങ്കില്‍ ഏകദേശം എട്ടോളം ചിത്രങ്ങളില്‍ ദൃശ്യത്തിനു ശേഷം ഞാനഭിനയിച്ചിട്ടുണ്ട്,’ താരം പറഞ്ഞു.
2010 ല്‍ പുറത്തിറങ്ങിയ പ്ലസ് ടു എന്ന ചിത്രത്തിലൂടെയാണ് റോഷന്‍ ബഷീര്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. റെഡ് വൈന്‍, ടൂറിസ്റ്റ് ഹോം, സര്‍വ്വോപരി പാലാക്കാരന്‍ തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ആനന്ദിനി ബാലയുടെ സംവിധാനത്തില്‍ ഡിസംബര്‍ ആറിന് പുറത്തിറങ്ങുന്ന റേച്ചല്‍ ആണ് താരത്തിന്റെ പുതിയ ചിത്രം. ചിത്രത്തില്‍ ഹണി റോസ്, ബാബുരാജ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.
Content Highlight: Actor roshan basheer talks about his career and drishyam movie