
ഹൈദരാബാദ്: പ്രമുഖ ബോളിവുഡ് താരം രാജേഷ് വിവേക് (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഹൈദരാബാദിലായിരുന്നു അന്ത്യം.
യെവാഡെ സുബ്രഹ്മണ്യം എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനുവേണ്ടിയാണ് രാജേഷ് ഹൈദരാബാദിലെത്തിയത്. ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു അന്ത്യം.
1978ല്‍ ശ്യാം ബനെഗലിന്റെ ജുനൂന്‍ എന്ന ചിത്രത്തിലുടെയാണ് അഭിനയ രംഗത്തേയ്‌ക്കെത്തിയത്.
ലഗാനിലെയും സ്വദേശിലെയും മഹാഭാരതം പരമ്പരയിലെയും വേഷങ്ങളിലൂടെയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. ലഗാനിലെ ഗുരാന്‍ എന്ന ജ്യോത്സ്യന്റെയും സ്വദേശില്‍ പോസ്റ്റ്മാസ്റ്ററുടെയും വേഷത്തില്‍ മികച്ച പ്രകടനമാണ് രാജേഷ് കാഴ്ചവച്ചത്.
വീരാണ,ജോഷില, ബണ്ഡി ഓര്‍ ബാബ്‌ലി, ഭൂത് അങ്കിള്‍, വാട്ട് ഈസ് യുവര്‍ രാശീ, അഗ്‌നിപത്, സണ്‍ ഓഫ് സര്‍ദാര്‍ തുടങ്ങിയ ചിത്രങ്ങളിലും മഹാഭാരതം, ഭാരത് ഏക് ഖോജ്, അഘോരി തുടങ്ങിയ ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
വീരാന, ജോലായ് തുടങ്ങിയവയില്‍ വില്ലന്‍ വേഷങ്ങളില്‍ മികച്ച പ്രകടനം നടത്തിയ രാജേഷ് വിവേക് പിന്നീട് നിരവധി കോമഡി വേഷങ്ങളും ചെയ്തു.
നാഷണല്‍ സ്‌കൂള്‍ ഡ്രാമയില്‍ നിന്ന് അഭിനയം പഠിച്ചിറങ്ങിയ രാജേഷ് വിവേക് നാടകരംഗത്ത് നിന്ന് സീരിയലുകള്‍ വഴിയാണ് ബോളിവുഡിലെത്തിയത്.
