എ.ആര്‍ റഹ്മാന്‍ എന്റെ കരിയറില്‍ ഒരുപാട് ഡാമേജ് ഉണ്ടാക്കിയിട്ടുണ്ട്, ഈഗോ കാരണം പലരും ഇറങ്ങി പോയി: റഹ്മാന്‍
Entertainment news
എ.ആര്‍ റഹ്മാന്‍ എന്റെ കരിയറില്‍ ഒരുപാട് ഡാമേജ് ഉണ്ടാക്കിയിട്ടുണ്ട്, ഈഗോ കാരണം പലരും ഇറങ്ങി പോയി: റഹ്മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 1st December 2022, 8:19 am

 

നടന്‍ റഹ്മാന്റെ ഭാര്യയുടെ സഹോദരിയുടെ ഭര്‍ത്താവാണ് മ്യൂസിക് കമ്പോസര്‍ എ.ആര്‍. റഹ്മാന്‍.എ.ആര്‍ റഹ്മാനും താനും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് പറയുകയാണ് നടന്‍ റഹ്മാന്‍. എ.ആര്‍ റഹ്മാന്‍ കാരണം തന്റെ കരിയറില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സിനിമയില്‍ ചാന്‍സുമായി തന്റെ അടുത്ത് വരുന്നവര്‍ക്കെല്ലാം അദ്ദേഹത്തിന്റെ മ്യൂസിക്കും വേണമെന്ന് നടന്‍ പറഞ്ഞു.

ചോദിക്കാന്‍ മടിയുള്ളതിനാല്‍ ഇക്കാര്യങ്ങളെക്കുറിച്ച് എ.ആര്‍ റഹ്മാനോട് സംസാരിക്കാറില്ലെന്നും അതുകൊണ്ട് പല നല്ല സിനിമകളില്‍ നിന്നും തന്നെ ഒഴിവാക്കിയിട്ടുണ്ടെന്നും നടന്‍ പറഞ്ഞു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് റഹ്മാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”എ.ആര്‍ റഹ്മാനെ പോലെ ഒരാള്‍ കുടുംബത്തിലുള്ളത് ഒരുപാട് വിഷയങ്ങളില്‍ നല്ല കാര്യമാണ്. പക്ഷേ അദ്ദേഹം എന്റെ കരിയറില്‍ ഒരുപാട് ഡാമേജ് ഉണ്ടാക്കിയിട്ടുണ്ട്. എന്ന് അദ്ദേഹം എന്റെ അളിയനായോ അന്ന് തൊട്ട് എന്റെ അടുത്ത് വരുന്ന സംവിധായകര്‍ക്കെല്ലാം അദ്ദേഹത്തിന്റെ മ്യൂസിക് വേണം.

ചെറിയ ഡയറക്ടേര്‍സ് ആയാലും വലിയ ഡയറക്ടേര്‍സ് ആയാലും എല്ലാവരും ആവശ്യപ്പെടുക അദ്ദേഹത്തിന്റെ മ്യൂസിക്കും എന്റെ പടത്തില്‍ വേണമെന്നാണ്. എന്നെ കാസ്റ്റ് ചെയ്ത് കൊണ്ട് സൈഡിലൂടെ അദ്ദേഹത്തെ ചോദിക്കുകയാണ്. എന്നിലൂടെ അദ്ദേഹത്തില്‍ എത്താമെന്നാണ് അവരെല്ലാം കരുതുന്നത്.

അദ്ദേഹത്തിന് തന്റേതായ സ്ട്രാറ്റജിയുണ്ട്. ആരെ കൂടെ വര്‍ക്ക് ചെയ്യണം എന്നൊക്കെ അദ്ദേഹത്തിന് അറിയാം. കണ്ട എല്ലാ ഡയറക്ടേര്‍സിന്റെ കൂടെയും വര്‍ക്ക് ചെയ്യാന്‍ പറ്റില്ലല്ലോ. എന്റെ അടുത്ത് വരുന്ന പലരും അദ്ദേഹത്തെയാണ് ആവശ്യപ്പെടുക. അത് കിട്ടാതെ വരുമ്പോള്‍ അവരില്‍ ഈഗോ ഉണ്ടാകും. എന്നാല്‍ അവര്‍ ഡേറ്റ് തരുമ്പോള്‍ നമുക്ക് ചെയ്യാമെന്ന് പറഞ്ഞ് ഇറങ്ങി പോവാറാണ് പതിവ്.

എന്റെ സ്വഭാവം വെച്ച് ഞാന്‍ ആരെ അടുത്തും ഒന്നും ചോദിക്കാന്‍ പോവാറില്ല. ഒരു ഫേവറിനും ആരെയും സമീപിക്കില്ല. എന്നെ സംബന്ധിച്ച് എനിക്ക് അത് കുറവാണ്. ഒരു പ്രാവശ്യം എല്ലാരും പറഞ്ഞിട്ട് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ഇങ്ങനെ ഒരു ഓഫറുണ്ട് പക്ഷെ അവര്‍ക്ക് നിങ്ങളും ആ സിനിമയില്‍ വേണമെന്ന് പറയുന്നുണ്ടെന്ന്.

അദ്ദേഹം എല്ലാവരെയും പോലെ അല്ല. ഭയങ്കര വിശ്വസിയാണ്. മ്യൂസിക് അല്ലെങ്കില്‍ നിസ്‌കാരം. ഇത് രണ്ടുമാണ് അദ്ദേഹത്തിന്റെ ഫോക്കസ്. വേറെ ഒന്നിനും പോവാത്ത വ്യക്തിയാണ്. കൂട്ടത്തില്‍ ഇരുന്ന് തമാശ പറയുക ഒന്നുമില്ല. വേറെ രീതിയിലാണ് പോയി കൊണ്ടിരിക്കുന്നത്. ഞങ്ങള്‍ക്ക് തമ്മില്‍ തുറന്ന് സംസാരിക്കാനുള്ള സ്‌പേസ് ഇല്ലായിരുന്നു,” റഹ്മാന്‍ പറഞ്ഞു.

 

content highlight: actor rahman about music director a.r.rahaman